സീമെൻസ് കമ്പനിയുടെ റെയിൽ ഇൻഫ്രാസ്ട്രക്ചർ വിഭാഗം സിഇഒയും കുടുംബവും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

Mail This Article
ബര്‍ലിന്‍ ∙ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ ഹഡ്സൺ നദിയിൽ തകർന്ന് ജർമനിയിലെ സീമെൻസ് കമ്പനിയുടെ റെയിൽ ഇൻഫ്രാസ്ട്രക്ചർ വിഭാഗം സിഇഒ അഗസ്റ്റിൻ എസ്കോബാർ, ഭാര്യ മേഴ്സി, ഇവരുടെ നാല്, അഞ്ച്, 11 വയസ്സുള്ള മൂന്ന് മക്കൾ, പൈലറ്റ് എന്നിവരുൾപ്പെടെ ആറ് പേർ മരിച്ചു.
വ്യാഴാഴ്ച അപകടം സംഭവിച്ച ഉടൻ തന്നെ മുങ്ങൽ വിദഗ്ധർ നദിയിലിറങ്ങി എല്ലാവരെയും പുറത്തെടുത്തു. എന്നാൽ നാല് പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തലകീഴായി നദിയിൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്പെയിനിലെ ബാഴ്സലോണയിൽ താമസിച്ചിരുന്ന ഈ കുടുംബം വിനോദസഞ്ചാരത്തിനായാണ് അമേരിക്കയിൽ എത്തിയത്. അഗസ്റ്റിൻ എസ്കോബാറിന്റെ ജന്മദിനം ആഘോഷിക്കാനായിരുന്നു ഇവരുടെ യാത്ര. ബെൽ 206 എന്ന ഹെലികോപ്റ്റർ നഗരം കാണാനായി പറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.