ശക്തമായ മഴയിൽ തെരുവുകൾ വെള്ളത്തിനടിയിൽ; ലാൻസറോട്ടെയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Mail This Article
ലാൻസറോട്ടെ∙ കനത്ത മഴയെത്തുടർന്ന് ലാൻസറോട്ടെയിലെ തെരുവുകൾ വെള്ളത്തിനടിയിലായി. രണ്ടു മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ ദ്വീപിന്റെ പല ഭാഗങ്ങളിലും കനത്ത പ്രളയമാണ് അനുഭവപ്പെടുന്നത്. തെരുവുകളിൽ വെള്ളം നിറഞ്ഞതോടെ വാഹന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വീടുകളിൽ വെള്ളം കയറിയത് കാരണം ആളുകൾ ദുരിതത്തിലാണ്.
പല പ്രദേശങ്ങളിലും ചെളി കലർന്ന വെള്ളമാണ് ഒഴുകുന്നത്. ഈ സ്പാനിഷ് ദ്വീപിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് അനുഭവപ്പെട്ട ശക്തമായ കൊടുങ്കാറ്റും കനത്ത മഴയുമാണ് പ്രളയത്തിന് കാരണം. ഇതേത്തുടർന്ന് പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ദ്വീപിന്റെ തെക്കൻ ഭാഗത്തുള്ള അറസീഫ് നഗരത്തിലെ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ഇവിടെ, വെള്ളപ്പൊക്കം കാരണം മലിനജലം ഒഴുകിയെത്തിയതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. ടാഹിചെ, കോസ്റ്റ ടെഗ്യൂസ്, ഗ്വാട്ടിസ, നാസറെത് എന്നീ പട്ടണങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
അതേസമയം, ദ്വീപിന്റെ മറ്റു ചില ഭാഗങ്ങളിൽ മഴയുടെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി.