വത്തിക്കാനില്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാർമികനായി കർദിനാൾ ലെയൊണാർദൊ സാന്ദ്രി; ആശംസകൾ നേർന്ന് ഫ്രാൻസിസ് മാർപാപ്പ

Mail This Article
വത്തിക്കാൻ സിറ്റി ∙ ക്രിസ്തുവിന്റെ ജറുസലേം പ്രവേശത്തിന്റെ ഓർമ പുതുക്കി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിൽ ഓശാന തിരുനാൾ ആഘോഷിച്ചു. വത്തിക്കാനിൽ ഓശാന ഞായർ തിരുക്കർമ്മങ്ങളിലെ ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കു പകരം കർദിനാൾ ലെയൊണാർദൊ സാന്ദ്രി മുഖ്യകാർമികത്വം വഹിച്ചു. 36 കർദിനാളന്മാരും 30 മെത്രാന്മാരും 300 വൈദികരും സഹകാർമ്മികരായിരുന്നു. പ്രാദേശിക സമയം രാവിലെ 10 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു.
വിശ്വാസികൾക്ക് നൽകുന്നതിനായി ആശീർവദിച്ച രണ്ടു ലക്ഷം ഒലിവു ശാഖകൾ ക്രമീകരിച്ചിരുന്നു. ഇറ്റലിയിലെ ഇരുപതു ഭരണപ്രദേശങ്ങളിൽ ഒന്നായ ലാത്സിയോയിലെ നഗരങ്ങളാണ് ഇത്തവണ ഒലിവു ശാഖകൾ സംഭാവന ചെയ്തത്. കഴിഞ്ഞ വർഷം നൽകിയതിന്റെ ഇരട്ടിയാണ് ഇപ്രാവശ്യം നൽകിയത്. 40,000ത്തോളം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
അതേസമയം സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ കുർബാനയുടെ അവസാനത്തിൽ ഫ്രാൻസിസ് മാർപാപ്പ നേരിട്ടെത്തി എല്ലാവർക്കും ഓശാന ഞായർ ആശംസകൾ നേർന്നു. പത്തു മിനിറ്റോളം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപാപ്പ ഉണ്ടായിരുന്നു. ഓശാന ഞായറാഴ്ച ഒലിവു ശാഖകളും കുരുത്തോലകളും ആശീർവദിക്കുകയും പ്രദക്ഷിണം നയിക്കുകയും ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്യുന്നത് സാധാരണഗതിയിൽ മാർപാപ്പയായിരുന്നു. എന്നാൽ ഇത്തവണ ചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നതിനാലാണ് ഫ്രാൻസിസ് മാർപാപ്പയ്ക്കു പകരമായി കർദിനാൾ ലെയൊണാർദൊ സാന്ദ്രി പ്രധാന കാർമികനായത്.