ജർമനിയിൽ 3 ദശലക്ഷം ‘ഓഫ്‌ലൈനേഴ്‌സ് ’; നെതർലാൻഡ്‌സിലും സ്വീഡനിലും ഒരു ശതമാനത്തിൽ താഴെ

Mail This Article
ബര്‍ലിന്‍ ∙ ഒരിക്കൽ പോലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ലാത്ത ഏകദേശം 3 ദശലക്ഷം പേർ ജർമനിയിലുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 4% വരും. ജർമ്മൻ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 65 നും 74 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇന്റർനെറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം കൂടുതൽ. ഇവരെ ‘ഓഫ്‌ലൈനേഴ്‌സ് ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
യൂറോപ്യൻ യൂണിയനിലുടനീളം നടത്തിയ വാർഷിക വിവര വിശകലന സാങ്കേതികവിദ്യാ ഉപയോഗ സർവേയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഈ സർവേ പ്രകാരം, യൂറോപ്പിലെ ശരാശരി ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിൽ ജർമനി ഏതാണ്ട് തുല്യമാണ്. യൂറോപ്യൻ യൂണിയൻ ശരാശരിയായ 5% ഓഫ്‌ലൈനേഴ്‌സ് ഉള്ളപ്പോൾ ജർമനിയിലെ നിരക്ക് 4% ആണ്.
നെതർലാൻഡ്‌സിലും സ്വീഡനിലുമാണ് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ളത്. ഈ രാജ്യങ്ങളിൽ ഓഫ്‌ലൈനേഴ്‌സിന്റെ ’ എണ്ണം ജനസംഖ്യയുടെ 1% ൽ താഴെയാണ്. അതേസമയം, ക്രൊയേഷ്യയിലും ഗ്രീസിലുമാണ് ഇന്റർനെറ്റ് ഉപയോഗിക്കാത്ത പൗരന്മാരുടെ എണ്ണം കൂടുതൽ – യഥാക്രമം 14% ഉം 11% ഉം.
ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ കണക്കനുസരിച്ച്, 2024 ൽ ലോക ജനസംഖ്യയുടെ 32% പേർ ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ല. ഇന്റർനെറ്റ് ഉപയോഗം രാജ്യങ്ങളുടെ വികസനത്തിന്റെ തലവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.