മാഞ്ചസ്റ്ററിൽ നിന്ന് കേരളത്തിലേക്ക് കാറിൽ ഒരു സാഹസിക യാത്ര

Mail This Article
മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്ററിൽ നിന്നും ഇരുപത് രാജ്യങ്ങൾ താണ്ടി കേരളത്തിലേക്കും തുടർന്ന് തിരികെ മാഞ്ചസ്റ്ററിലേക്കും സാഹസിക കാർ യാത്രയുമായി സാബു, ഷോയി, റെജി, ബിജു എന്നിവരടങ്ങുന്ന സംഘം ഇന്ന് യാത്ര തിരിക്കും. ക്രിസ്റ്റി കാൻസർ ഹോസ്പിറ്റലിനു വേണ്ടി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്രയാണ് ഇന്ന് ആരംഭിക്കുന്നത്. രാവിലെ 11ന് മാഞ്ചസ്റ്ററിലെ ഇന്ത്യൻ കോൺസൽ ജനറൽ വൈശാഖ യെദുവൻഷി യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.
ജെൻ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്സിങ് ഓഫിസർ, ദി ക്രിസ്റ്റി ചാരിറ്റി), ഷൈനു ക്ലെയർ മാത്യൂസ്, വിൽസൺ, സോയ്മോൻ, ചാക്കോ തുടങ്ങിയവർ ആശംസകൾ നേരും. യാത്രാംഗമായ സാബു ചാക്കോ സ്വാഗതവും ബിജു പി മാണി നന്ദിയും പറയും.
തുടർന്ന് വിശിഷ്ടാതിഥികളായ വൈശാഖ യെദുവൻഷിയും അഡ്വ. എബി സെബാസ്റ്റ്യനും ചേർന്ന് നാട മുറിച്ച് യാത്രയ്ക്ക് തുടക്കം കുറിക്കും. ജെൻ കെന്റ് യാത്രികർക്ക് താക്കോൽ കൈമാറും. യാത്രികരായ സാബുവിന്റെ ഭാര്യ ബിന്ദു സാബു, ബിജുവിന്റെ ഭാര്യ ഗ്രേസി ബിജു, ഷോയിയുടെ ഭാര്യ ലൂസി ഷോയി, റെജിയുടെ ഭാര്യ ലാലി റെജി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ഹോസ്പിറ്റലിനു വേണ്ടി ധനസമാഹരണം ലക്ഷ്യമിട്ടുള്ള ഈ സാഹസിക യാത്രയിൽ സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി മാണി എന്നിവരാണ് പങ്കെടുക്കുന്നത്. യാത്ര ഇന്ന് ഏപ്രിൽ 14 ന് രാവിലെ 11 നും 12 നും ഇടയിൽ മാഞ്ചസ്റ്റർ എയർപോർട്ടിന് സമീപമുള്ള മോസ് നൂക്ക് ഇന്ത്യൻ റസ്റ്ററന്റ് പരിസരത്തുനിന്ന് ആരംഭിക്കും.

ഈ യാത്രയ്ക്കായി കഴിഞ്ഞ ഒരു വർഷത്തിലധികമായി ഈ നാലുപേരും തയ്യാറെടുക്കുകയായിരുന്നു. ഇന്ന് ആരംഭിക്കുന്ന യാത്ര ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനെഗ്രോ, സെർബിയ, റൊമാനിയ, തുർക്കി, ജോർജിയ, റഷ്യ, ഖസാക്കിസ്ഥാൻ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളിലൂടെ കടന്ന് ഏകദേശം 60 ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെത്തും. തുടർന്ന് ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷം 2025 ഓഗസ്റ്റ് 20ന് ഇതേ വഴിയിലൂടെ തിരികെ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യും.
ഫ്ലാഗ് ഓഫ് ചെയ്യുന്ന സ്ഥലത്തിന്റെ വിലാസം:
Moss Nook Indian Restaurant, 22 Trenchard Drive, Wythenshawe, Manchester M22 5NA.