ജർമൻ യുവാവിനെ കുത്തികൊലപ്പെടുത്തി; പൊലീസിന് നേരെ കത്തി വീശി പ്രതി

Mail This Article
ബർലിൻ∙ ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെ സബ്വേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തിൽ വഴിയാത്രക്കാരൻ കൊല്ലപ്പെട്ടു. 29 വയസ്സുകാരനായ ജർമൻ പൗരനാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ 43 വയസ്സുകാരനായ സിറിയൻ പൗരനെ പൊലീസ് പിന്നീട് വെടിവച്ച് കൊന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു സംഭവം. യു12 സബ്വേ ലൈനിൽ വാർഷൗവർ സ്ട്രാസെയിൽ രണ്ട് പേർ തമ്മിൽ തർക്കമുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് അക്രമി, ജർമൻ പൗരനെ പിന്തുടർന്ന് സോഫി-ഷാർലറ്റ്-പ്ലാറ്റ്സ് സബ്വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വച്ച് കത്തി ഉപയോഗിച്ചത് കുത്തുകയായിരുന്നു.
ജർമൻ പൗരന് കുത്തേറ്റതിന് ശേഷം അക്രമി സബ്വേ സ്റ്റേഷനിൽ നിന്ന് ഓടിപ്പോയി ഷാർലറ്റൻബർഗിലെ നോബൽസ്ഡോർഫ്സ്ട്രാസെയിൽ ഒളിച്ചു. എന്നാൽ പൊലീസ് പിന്തുടർന്ന് ഇയാളെ വെടിവെച്ചു വീഴ്ത്തി. കഴുത്തിൽ വെടിയേറ്റ പ്രതിയായ സിറിയൻ പൗരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമി പൊലീസ് ഉദ്യോഗസ്ഥരെയും കത്തി വീശി ഭീഷണിപ്പെടുത്തിയപ്പോഴാണ് പൊലീസ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു.
കത്തിയാക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അക്രമിയും കൊല്ലപ്പെട്ടയാളും തമ്മിൽ മുൻപരിചയമുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്. പ്രതിയുടെ കയ്യിൽ ലഹരിവസ്തുക്കൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.