ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി

Mail This Article
ബർമിങ്ങാം∙ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിലും ഓശാനാ തിരുനാളോടെ വിശുദ്ധ വാരത്തിന് ഭക്തിപൂർവം തുടക്കമായി. രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന തിരുക്കർമങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന തിരുക്കർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. കുരുത്തോലകളുമായി മലയാളിത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ച് ഓരോ മിഷൻ കേന്ദ്രങ്ങളുടെയും സമീപപ്രദേശങ്ങളിലൂടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും, മിഷനുകളിലും, പ്രൊപ്പോസഡ് മിഷനുകളിലും വിശുദ്ധ വാര തിരുക്കർമങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട് എന്ന് രൂപത കേന്ദ്രം അറിയിച്ചു.
ഓശാനാ ഞായർ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങളുടെ സമയക്രമം, ദേവാലയങ്ങളുടെ മേൽവിലാസം, കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദാംശങ്ങൾ എന്നിവ രൂപതയുടെ വെബ്സൈറ്റിലും ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് രൂപത പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് രൂപത വെബ്സൈറ്റ് സന്ദർശിക്കുക.