സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി വിഷു; യുകെയിൽ മലയാളി സമൂഹത്തിന്റെ വിഷു ആഘോഷങ്ങൾക്ക് തുടക്കമായി

Mail This Article
ലണ്ടൻ∙ സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് പൊതുവെയുള്ള ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണൻ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യൻ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷുവെന്നും പറയപ്പെടുന്നു.
ഐതിഹ്യങ്ങൾ പലതാണെങ്കിലും മലയാളികൾക്ക് മേടം ഒന്ന് ലോകത്ത് എവിടെ ആയാലും പുതുവർഷപ്പിറവിയാണ്. വർഷം മുഴുവൻ നിലനിൽക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണു തുറക്കുന്നത്. വിഷുവിന് പ്രധാനം കണിയും കൈനീട്ടവും സദ്യയും തന്നെയാണ്. വീടുകളിലെ മുതിർന്നവർ കണികണ്ട ശേഷം കൈനീട്ടം നൽകും. വിഷുവിന് ചെയ്യുന്ന കാര്യങ്ങൾ അടുത്ത ഒരു വർഷം നല്ല ഫലം തരുന്നതായും കണി കണ്ടാൽ ഐശ്വര്യം കിട്ടും എന്നുമാണ് സങ്കൽപം.

കണ്ണന്റെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിൽ ഒരുക്കിയ കണിയാണ് മിക്കവരും കണ്ടത്. വിഗ്രഹത്തിൽ പൂക്കൾ കൊണ്ട് മാല കോർത്തിട്ടത് കണി കാണുന്നത് തന്നെ ഉത്തമമാണ്. ഓട്ടുരുളിയിൽ ഉണക്കലരി പകുതിയോളം നിറച്ചും സ്വർണ്ണനിറത്തിലുള്ള കണിവെള്ളരി വെച്ചും ഒപ്പം ചക്ക, പൊതിച്ച നാളികേരം, മാങ്ങ, കദളിപ്പഴം, നാരങ്ങ, നെല്ലിക്ക എന്നിവ വെച്ചുമാണ് മിക്ക മലയാളികളും കണി കണ്ടത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി മലയാളി കടകളിൽ കണിക്കൊന്ന ഉൾപ്പെടെയുള്ള വിഷുക്കണി സാധനങ്ങൾ വിൽപ്പനയ്ക്കായി കേരളത്തിൽ നിന്നും എത്തിയിരുന്നു. കണിവെക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, വാൽക്കിണ്ടി എന്നിവയും മിക്കയിടങ്ങളിലും ലഭ്യമാണ്. വിഷു ദിനത്തിൽ സദ്യ ഒരുക്കുന്നതിനായി യുകെയിലേക്ക് നാട്ടിൽ നിന്ന് വിവിധയിനം പച്ചക്കറികളും നാടൻ വാഴയിലകളും എത്തിയിരുന്നു.


മേടം ഒന്നിന് വിഷു എത്തുമ്പോൾ കണി കാണുന്നതിന് ഒപ്പം വിഷു ആഘോഷങ്ങൾക്കും യുകെയിലെ മലയാളി സമൂഹം ഒരുങ്ങി തുടങ്ങിയിരിക്കും. യുകെയിൽ വിഷു ദിവസം മുതൽ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ, റമസാൻ ആഘോഷങ്ങൾ സംയുക്തമായി സംഘടിപ്പിച്ചിട്ടുണ്ട്. ഹാളുകളിൽ ഇന്ന് മുതൽ വൈകുന്നേരങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷങ്ങളിൽ വിവിധ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ ഉണ്ടാകും. ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വിഷു ആഘോഷങ്ങൾ ആരംഭിക്കും.