ADVERTISEMENT

രണ്ടായിരമാണ്ടിലെ വേനൽക്കാലം മുതൽ 'കൊളേത്ത് ' എന്റെ മമ്മയായി. ഇന്നും. ആ മേയ് അവസാനം മുതൽ ആഗസ്റ്റ് മാസത്തിന്റെ അവസാനംവരെയും ഞാൻ തെക്കൻ ഫ്രാൻസിലെ അവരുടെ വീട്ടിലാണ് താമസിച്ചത്. ആ സമയം അവർ എന്നെ ഫ്രഞ്ച് ഭാഷ പഠിപ്പിച്ചു. അവരുടെ സംസ്കാരവും ജീവിതരീതികളും ഭക്ഷണക്രമങ്ങളുമെല്ലാം സായത്തമാക്കിയ കാലമായിരുന്നു അത്. വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന മമ്മ ആഴമുള്ള ക്രൈസ്തവ ആത്മീയ ജീവിതം ജീവിച്ച ആളായിരുന്നു. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക എന്ന ചടങ്ങിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല അവരുടെ ആത്മീയത. പഠിച്ചു പുലമ്പുന്ന ചില സായാഹ്ന പ്രാർഥനകൾ ആയിരുന്നില്ല അവരുടെ ആത്മീയതയുടെ അടയാളം. നേരെ മറിച്ച്, തന്റെ ഒരോ ദിവസവും ദൈവം തനിക്കു തരുന്ന ദാനമാണ് എന്ന് കരുതുന്ന ആളായിരുന്നു മമ്മ.

തന്റെ ചുറ്റുമുള്ള മനുഷ്യരിലെല്ലാം ക്രിസ്തുവിനെ കണ്ടിരുന്ന മമ്മക്ക് മറ്റുള്ളവരുടെ സങ്കടങ്ങളിലേക്കും ആകുലതകളിലേക്കും ഇറങ്ങിചെല്ലാൻ ഒരു പ്രത്യേക കഴിവായിരുന്നു. പാരീസ് സിറ്റിയിൽ ജനിച്ചു വളർന്ന മമ്മയെ അവരുടെ അപ്പന്റെ മരണ ശേഷം അവരുടെ അമ്മ ഒറ്റക്കാണ് വളർത്തിയത്. അവരുടെ ഇരുപതുകളുടെ തുടക്കത്തിൽ, ഇന്ത്യയിൽ നിന്നും പഠനത്തിനായി പാരീസ് യൂണിവേഴ്‌സിറ്റിയിൽ വന്ന ബോംബെക്കാരനായ ഒരു ബ്രാഹ്മണ യുവാവുമായി കൊളേത്ത് പ്രണയത്തിലായി. ഒരു വർഷത്തോളം നീണ്ട ആ പ്രണയകാലം തന്റെ ജീവിതത്തിൽ ഏറ്റവും വിലയെറിയതാണെന്നു മമ്മ കൂടെക്കൂടെ എന്നോട് പറയുമായിരുന്നു.

“നിങ്ങളുടെ ജാതി സമ്പ്രദായങ്ങളൊക്കെ വച്ച്, നമുക്ക് വിവാഹം കഴിച്ചു ജീവിക്കാനാവുമോ സൂര്യ?”

സൂര്യ മടങ്ങിപ്പോകുന്നതിനും ഏതാനും മാസങ്ങൾക്കു മുൻപ് മമ്മ തന്റെ കാമുകനോടു ചോദിച്ചുവെത്രെ.

“ആരൊക്കെ എതിർത്താലും ഞാൻ നിന്നെ മാത്രമേ വിവാഹം കഴിക്കൂ. എന്റെ അച്ഛൻ വളരെ ഓപ്പൺ ആയ ആളാണ്. അദ്ദേഹം എന്റെ ഇഷ്ടമേ നോക്കൂ…”

സെൻ നദിയുടെ തീരത്ത് കൊളേത്തിനോട് ഒട്ടിയിരുന്ന ഒരു ശീതകാല സന്ധ്യയിൽ സൂര്യ പലവട്ടം പറഞ്ഞ വാചകം മമ്മ പലപ്പോഴും എന്നോട് ആവർത്തിച്ചപ്പോൾ, പതിറ്റാണ്ടുകൾക്കും അപ്പുറം ആ മനസ്സിൽ അണയാതെ കിടന്ന പ്രണയത്തിന്റെ കനലുകളെക്കുറിച്ചറിയാൻ എനിക്ക് ആകാംക്ഷയും കൂടി.

“കൊളേത്ത്, നിനക്കെന്നെ വിശ്വാസമില്ലേ…”

തന്റെ തോളിൽ ചാരിക്കിടന്ന്, മണിക്കൂറുകളോളം മൗനം മുറിക്കാതിരുന്ന കോളേത്തിനോട് സൂര്യ മടങ്ങിപ്പോകുന്നതിന്റെ തലേന്ന് ചോദിച്ചു….

“നിന്റെ നാടിനെക്കുറിച്ചുള്ള എന്റെ അറിവുകളെല്ലാം വായനയിലൂടെ ഉള്ളതാണ്. ഞാൻ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്ത ആദ്യ ഇന്ത്യക്കാരനാണ് നീ…. നിന്നെ എനിക്ക്‌ വിശ്വാസമുണ്ട്. പക്ഷേ, നീ ബോംബയിൽ മടങ്ങിച്ചെല്ലുമ്പോൾ, നിന്റെ കുടുംബക്കാർ നിന്നെ നിർബന്ധിച്ചു വിവാഹം കഴുപ്പിക്കുമോ എന്നാണ് എന്റെ പേടി…”

അവളുടെ ആ വാക്കുകൾക്ക് സൂര്യ മറുപടി പറഞ്ഞില്ല. ആ മൗനത്തിന് അവളുടെ ഉള്ളിൽ എരിഞ്ഞ ആസ്വസ്ഥതകളുമായി സാമ്യമുണ്ടായിരുന്നു. അയാളുടെ മൗനം കൊളേത്തിന്റെ മനസ്സിന്റെ ഭിത്തികളിൽ വിരഹത്തിന്റെയും വേർപിരിയലിന്റെയും മുറിവുകൾ കോറിയിട്ടു.

പിറ്റേന്ന് സൂര്യ ബോംബെയിലേക്ക് വിമാനം കയറുമ്പോൾ കൊളേത്ത് പാരീസ് എയർപോർട്ടിൽ യാത്രയാക്കാൻ പോയിരുന്നു. സൂര്യയുടെ വാഗ്ദാനങ്ങൾക്കെല്ലാം അപ്പുറം കൊളേത്ത് അവരുടെ പ്രണയത്തെക്കുറിച്ച് ആകാലപ്പെട്ട നാളുകളായിരുന്നു പിന്നീട് വന്നത്.

“ആ ഇന്ത്യാക്കാരനെ സ്വപ്നം കണ്ടുകൊണ്ടിരിക്കാതെ നീ ജോലി വല്ലതും അന്വേഷിക്കൂ…”

പാരിസ് നഗരത്തിലെ ഷാൻസ് എലീസെയിലെ ഒരു ആഭരണക്കടയിലായിരുന്നു കൊളേത്തിന്റെ അമ്മക്ക് ജോലി. കടയുടമയുടെ സെക്രട്ടറിയും അക്കൗണ്ടന്റുമൊക്കെ അവരായിരുന്നു.

“ നീ ഇംഗ്ലീഷ് ഒക്കെ പഠിച്ചതുകൊണ്ട് ജോലി കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല …”

സൂര്യ മടങ്ങിപ്പോയ ആ ആഴ്ച്ചകളിൽ മുറിയിൽ കയറി ജനാലകളിലൂടെ അകലേക്ക്‌ നോക്കിനിന്നു ദിവസങ്ങൾ തള്ളിനീക്കിയ മകളെനോക്കി കൊളേത്തിന്റെ അമ്മ പറഞ്ഞു. മൗനം മാത്രമായിരുന്നു അവളുടെ മറുപടി. അവളുടെ മനസ്സിന്റെ ഇരുണ്ട തുരുത്തുകളിൽ എവിടെയോ വിഷാദം എത്തിനോക്കാൻ തുടങ്ങിയ ആഴ്ചകളായിരുന്നു അവ.

“നീ ഒരു കാര്യം ചെയ്യ്, താൽക്കാലത്തേക്ക് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വന്ന് ജോലി ചെയ്യൂ. ഞാൻ എന്റെ മുതലാളിയോട് പറഞ്ഞു ആഭരണക്കടയിൽത്തന്നെ ഒരു ജോലി ശരിയാക്കട്ടെ….”

മകളുടെ അനുവാദത്തിന് കാത്തുനിന്ന അമ്മക്ക് മറുപടിയൊന്നും കിട്ടിയില്ല.

മൂന്നാഴ്‌ച കഴിഞ്ഞാണ് കൊളേത്തിനു സൂര്യയുടെ കത്ത് വന്നത്. 1961ൽ സൂര്യ എഴുതിയ ആ കത്ത് മമ്മ എന്നെ വായിച്ചു കേൾപ്പിച്ചു…. പ്രണയം നിറഞ്ഞുനിന്ന ഒരു കത്ത്. കടലാസിന്റെ ഇരു പുറവും നിറച്ചെഴുതിയ ആ കത്തിൽ ഒരു വർഷത്തിനകം അയാൾ കൊളേത്തിനെ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നും, വിവാഹം കഴിക്കുമെന്നുമൊക്കെ എഴുതിയിട്ടുണ്ട്. നാൽപ്പതോളം വർഷങ്ങൾക്കപ്പുറവും കൊളേത്ത്, ബോംബെയിൽനിന്ന് സൂര്യ അയച്ച കത്തുകളെല്ലാം സൂക്ഷിച്ചു വച്ചിരുന്നു. മമ്മയുടെ ആദ്യ പ്രണയകഥ മുഴുവൻ പറഞ്ഞു കഴിഞ്ഞ്, ഒരു വർഷക്കാലം സൂര്യ എഴുതിയ കത്തുകൾ എനിക്ക്‌ കൈമാറുമ്പോൾ കാലങ്ങളായി ചാരം മൂടിക്കിടന്ന അവരുടെ പ്രണയത്തിന്റെ അണയാത്ത കനലുകൾ അവർ എന്റെ മുന്നിലേക്ക്‌ നീക്കി വയ്ക്കുകയായിരുന്നു.

സൂര്യയുടെ കത്തുകൾ വരാൻ തുടങ്ങിയതോടെ കൊളേത്ത് ഉത്സാഹവതിയായി. അവരുടെ ചിരിയും കളിയുമെല്ലാം തിരിച്ചു വന്നു. തൊട്ടടുത്ത സ്കൂളിൽ ഇംഗ്ലീഷ് ടീച്ചറായി ജോലിയിൽ പ്രവേശിച്ചു. ആഴ്ച്ചയിൽ ഒരു കത്ത് വീതം അവൾ സൂര്യക്കയച്ചു. അയാളുടെ കത്തുകൾ മിക്കവാറും വെള്ളിയാഴ്‌ചകളിൽ വന്നു. ശനിയും ഞായറും പല പേപ്പറുകൾ നിറയെ അവൾ അവനുള്ള മറുപടികൾ കുറിച്ചു. കൊളേത്തിന്റെ അമ്മ പാരീസിലെ ആഭരണക്കടയിൽ അക്കൗണ്ടന്റ്റും മുതലാളിയുടെ സെക്രട്ടറിയുമായുള്ള ജോലി തുടർന്നു. ഇന്ത്യാക്കാരനുമായുള്ള മകളുടെ പ്രണയം ആ അമ്മയെ ഏറെ ആസ്വസ്ഥയാക്കി. തികച്ചും അപരിചിതമായ ഒരു സംസ്കാരത്തിൽ നിന്നും വന്ന ഒരു ചെറുപ്പക്കാരനുമായി മകൾ പ്രണയത്തിലായതിൽ ചെറുതല്ലാത്ത ഒരു ദുഃഖം അവരെ പിടികൂടി.

സൂര്യ മടങ്ങിപ്പോയി മൂന്നു നാലു മാസം കഴിഞ്ഞ ഒരു വൈകുന്നേരം, കൊളേത്തിന്റെ അമ്മ അത്താഴ സമയത്താണ് വിഷയം എടുത്തിട്ടത്.

“നീ എന്ത് ഭാവിച്ചുകൊണ്ടാ ആ ഇന്ത്യാക്കാരനെ പ്രണയിക്കുന്നത്….?”

അമ്മയുടെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു കോളേത്തിന്റെ മറുപടി.

“നീ ചിരി നിർത്തൂ. എനിക്കാണേൽ ഓർത്തിട്ട് ഒരു സമാധാനവും ഇല്ല….”

അമ്മ ഏറെ ആകുലയാണെന്ന് കൊളേത്തിനറിയാമായിരുന്നു. അല്ലെങ്കിൽത്തന്നെ, സൂര്യയുമായുള്ള ബന്ധം കൊളേത്തിന്റെ അമ്മ ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

“ഞാനിതിനു സമ്മതിക്കില്ല…. ആരാ എന്താ എന്നൊന്നും അറിയാത്ത ഒരുത്തനെ കെട്ടുക. എന്നിട്ട് ഒരിക്കൽപ്പോലും പോയിട്ടില്ലാത്ത ഒരു നാട്ടിൽ പോയി താമസിക്കുക. അവിടുത്തെ ഭാഷപോലും നിനക്കറിയില്ല. ഒരു ഫ്രഞ്ചുകാരിയായ നിനക്ക് ഒരിക്കലും ഇന്ത്യയിലെ രീതികളുമായി അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല.”

കോളേത്തിന്റെ അമ്മ മകളെ മാനസംന്തരപ്പെടുത്തുവാനുള്ള ശ്രമം തുടങ്ങി.

“എനിക്ക്‌ സൂര്യയെ അറിയാം. അവന് എന്നേയും…. പാരീസിൽ അവൻ ഒരു വർഷക്കാലം ജീവിച്ചത് ഫ്രഞ്ച്കാരെപ്പോലെത്തന്നെ ആല്ലേ? അപ്പോൾ എനിക്ക്‌ ബോംബയിൽ പോയി ഇന്ത്യാക്കാരെപ്പോലെ ജീവിച്ചലെന്താ….? അമ്മ വെറുത വിഷമിക്കാതെ…”

കൊളേത്ത് അമ്മയെ സ്വാന്തനിപ്പിക്കാൻ നോക്കിയെങ്കിലും അവർ അടങ്ങിയില്ല.

“നിനക്ക് ഏഴു വയസുള്ളപ്പോൾ നിന്റെ അപ്പൻ മരിച്ചതാ. നാലു വർഷക്കാലം കിടന്ന കിടപ്പിൽ കിടന്ന ആ മനുഷ്യനെ നോക്കിയത് ഞാനാ. അന്നും പിന്നീടും ഒരു ബന്ധുക്കളും എന്നെയോ നിന്നെയോ തിരിഞ്ഞു നോക്കിയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ യുദ്ധം കഴിഞ്ഞിരുന്നില്ല. നിന്നെയുമായി ജർമൻ ബോംബുകളെ ഭയന്നു ഞാൻ എവിടെയെല്ലാം ഓടി നടന്നു. ഇരുപത്തിനാല് വയസ്സുവരെ നീ സ്വയം വളർന്നുവെന്നാണോ കരുതുന്നത്? വേറൊരു വിവാഹം കഴിക്കാതെ ഞാൻ ഇക്കാലമത്രയും ജീവിച്ചത് നിനക്ക് വേണ്ടിയല്ലേ…? എന്നിട്ടിപ്പോൾ എവിടെ നിന്നോ വന്ന ഒരുത്തന്റെ കൂടെ പോകാൻ നീ അങ്ങ് തീരുമാനിച്ചു ആല്ലേ…”

അമ്മയുടെ വൈകാരിക വേലിയേറ്റത്തിന് മുന്നിൽ അൽപ്പം തളർന്നെങ്കിലും കൊളേത്തിനു മറുപടിയുണ്ടായിരുന്നു.

“അമ്മ ത്യാഗങ്ങൾ സഹിച്ചു എന്നത് സത്യം തന്നെ. പക്ഷേ, അതിന്റെ പേരിൽ എന്റെ പ്രണയം ഉപേക്ഷിക്കാനൊന്നും ഞാൻ തയ്യാറല്ല. കല്ല്യാണം കഴിക്കുക എന്ന് വച്ചാൽ അമ്മയെ ഉപേക്ഷിക്കുക എന്നാണോ അർത്ഥം?”

കൊളേത്തിന്റെ അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. അവരുടെ മൗനം പിന്നീടു വന്ന ആറു മാസക്കാലം തുടർന്നു. കൊളേത്തിനു തിങ്കളാഴ്ച്ച മുതൽ വെള്ളിയാഴ്ച വരെയും എല്ലാ ദിവസവും എട്ടു മണി മുതൽ നാല് മണിവരെ സ്കൂളിൽ പോകണം. ജോലിയിലും അവർ സന്തോഷവതിയായിരുന്നു. വെള്ളിയാഴ്‌ചതോറും വന്ന സൂര്യയുടെ കത്തുകൾ അവരുടെ പ്രണയം ആളിക്കത്തിച്ചു. വീക്കെണ്ടിൽ എഴുതുന്ന നീണ്ട മറുപടിക്കത്തുകൾ കൊളേത്ത് തിങ്കളാഴ്ച്ച രാവിലെ അമ്മയെ ഏൽപ്പിച്ചു ജോലിക്ക് പോകും. ഒൻപതിനു ജോലി തുടങ്ങുന്ന അമ്മ, ബോംബെയിലേക്കുള്ള കത്ത് പോസ്റ്റ്‌ ഓഫീസിൽ പോയി സ്റ്റാമ്പ്‌ ഒട്ടിച്ച് അയക്കും.

പിന്നീടങ്ങോട്ട് സൂര്യയുടെ കത്തുകൾ തമ്മിലുള്ള അകലം ആഴചകൾക്കും മാസങ്ങൾക്കു വഴിമാറി. പതിവുപോലെ പ്രണയം തീവ്രമായ നിറഞ്ഞ കത്തുകളായിരുന്നു ഇടയ്ക്കിടയ്ക്ക് വന്ന ആ കത്തുകളിലും. അവന്റെ കത്തുകൾ വന്നില്ലെങ്കിലും കൊളേത്ത് എല്ലാ ആഴ്ച്ചയും കത്തുകളെഴുതി മറുപടി കാത്തിരുന്നു. തൊട്ടടുത്ത വർഷം ഫെബ്രുവരി മുതൽ തുടർന്നുള്ള അഞ്ചു മാസക്കാലം സൂര്യയുടെ കത്തുകളൊന്നും വന്നില്ല. സൂര്യക്ക് അരുതാത്തതെന്തെങ്കിലും സംഭവിച്ചോ എന്ന് കൊളേത്ത് ഭയന്നു. ജൂൺ മാസം അവസാനം, സ്കൂൾ അവധി തുടങ്ങിയപ്പോൾ കൊളേത്ത് ബോംബയിലേക്ക് വിമാനം കയറി.

“അയാൾ വേറേ കല്ല്യാണം കഴിച്ചു കാണും… നീ ഇന്ത്യക്ക് പോകണ്ടാന്നാ എന്റെ അഭിപ്രായം…”

യാത്രയുടെ തലേന്ന് അമ്മ കൊളേത്തിനോട് പറഞ്ഞു.

“ഇക്കാര്യത്തിൽ അമ്മയുടെ അഭിപ്രായമല്ല ഞാൻ നോക്കുന്നത്. എന്റെ അഭിപ്രായം അനുസരിച്ചാണ് ഞാൻ തീരുമാനമെടുക്കുന്നത്…”

അത്താഴം കഴിഞ്ഞ് എഴുനേൽക്കുമ്പോൾ കൊളേത്ത് അമ്മയോട് പറഞ്ഞു.

ഒരു മാസത്തെ റിട്ടേൺ ടിക്കറ്റിൽ ബോംബയിലേക്ക് പോയ കൊളേത്ത് മൂന്നു ദിവസം കഴിഞ്ഞപ്പോൾ പാരീസിൽ മടങ്ങിയെത്തി. ബോംബെ യിൽ എത്തി, സൂര്യയുടെ തറവാട് വീട് കണ്ടെത്തിയ കൊളേത്തിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ചില സത്യങ്ങളായിരുന്നു. അതിനും രണ്ടു മാസങ്ങൾക്കു മുൻപ്, 1962ലെ മെയ്‌ മാസത്തിൽ സൂര്യ വിവാഹിതനായിരുന്നു. ഏഴു മാസമായി കോളേത്തിന്റെ കത്തുകളൊന്നും അയാൾക്ക് ലഭിച്ചിരുന്നില്ല. അവസാനമായി അയാൾക്ക് കിട്ടിയത് ടൈപ്പ് റൈറ്ററിൽ കുറിച്ച അരപ്പുറം മാത്രമുള്ള ഒരു കത്തായിരുന്നു.

“പ്രിയപ്പെട്ട സൂര്യ,

ഏറെ ചിന്തിച്ചതിനു ശേഷം ഞാൻ ഒരു തീരുമാനമെടുത്തു. നമ്മൾ തമ്മിലുള്ളത് പ്രണയമൊന്നുമല്ല. ഇത് വെറും ഇൻഫാച്ചുവേഷൻ മാത്രമാണ്. നമ്മൾ തമ്മിൽ ഒരിക്കലും ചെർന്നു പോകില്ല. അമ്മയെ ഇവിടെ വിട്ടു, നിങ്ങളെ വിവാഹം കഴിച്ച് ഇന്ത്യയിൽ ജീവിക്കാൻ എനിക്ക്‌ ഒരിക്കലും ആവില്ല. നിങ്ങൾ നിങ്ങളുടെ നാട്ടുകാരിയായ ഒരു പെണ്ണിനെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കൂ.

എനിക്ക്‌ മറ്റൊരാളെ ഇഷ്ടമാണ്. ഇനി എനിക്ക്‌ കത്തുകൾ അയക്കരുത്.

ബൈ

കൊളേത്ത്

ബോംബയിൽ നിന്നു മടങ്ങുമ്പോൾ കോളേത്ത് കയ്യിൽ കരുതിയത് ആ കത്ത് മാത്രമായിരുന്നു. ഒരു വഞ്ചനയുടെ അച്ചാരം പോലെ!

കൊളേത്ത് സൂര്യക്ക് എഴുതിയ കത്തുകളൊന്നും അവരുടെ അമ്മ ഇന്ത്യയിലേക്ക് അയച്ചിരുന്നില്ല. കൊളേത്തിനായി സൂര്യ അയച്ച കത്തുകളെല്ലാം അവർ നശിപ്പിച്ചുകളഞ്ഞു. ഫെബ്രുവരി മാസത്തിൽ കൊളേത്തിന്റെ പേരിൽ തന്റെ ജോലിസ്ഥലത്തുനിന്നും ടൈപ്പ് ചെയ്‌ത്‌ കത്തയച്ചതും അമ്മയായിരുന്നു.

തൊട്ടടുത്ത ആഴ്ച്ച കൊളേത്ത് പാരീസിലെ സ്കൂളിലെ ജോലി രാജിവച്ചു. ഒരു ചെറിയ ട്രങ്ക് പെട്ടിയിൽ തന്റെ തുണികളും ഒരു തോൾസഞ്ചിയുമെടുത്തു വീട്ടിൽനിന്നും ഉറങ്ങുമ്പോൾ തന്റെ അമ്മയോട് യാത്ര പറയാൻ പോലും കൊളേത്ത് കൂട്ടാക്കിയില്ല. തന്റെ അമ്മയോടുള്ള ബന്ധങ്ങളുടെയെല്ലാം ഇടനാഴിയിലേക്കുള്ള വാതിലിനു തഴുതിട്ടിട്ടാണ് അന്നവൾ ലൂർദിലേക്ക് ട്രെയിൻ കയറിയത്. ഒറ്റയ്ക്ക് ജീവിക്കാനുള്ള സ്വപ്നം അവരിലുണ്ടായിരുന്നു. തന്റെ സ്വപ്നങ്ങളും, ജീവിതം തന്നെയും തല്ലിത്തകർത്ത അമ്മയെ ഇനിയൊരിക്കലും കാണുകയില്ല എന്ന് പ്രതിജ്ഞ ചെയ്താണ് കൊളേത്ത് 1962ലെ വേനൽച്ചൂടിൽ പാരീസ് നഗരം വിട്ടത്. അകലെ ബോംബെയിൽ സൂര്യയുടെ ഭാര്യ അടുത്ത തലമുറയിലെ കുടുംബക്കാരനെ മനസ്സിൽ കണ്ട്, അവരുടെ വയറിൽ തലോടി. രണ്ടായിരാമാണ്ടിലെ ജൂലൈ മാസത്തിൽ പിരനീസ് മലനിരകളിലേക്ക് നോക്കിയിരിക്കുമ്പോൾ മമ്മ പറഞ്ഞു തന്നതാണ് നൽപ്പതോളം വർഷങ്ങൾക്ക് മുൻപ് അവർ ജീവിച്ച ഈ പ്രണയകഥ. അകാലത്തിൽ പൊലിഞ്ഞുപോയ ആ പ്രണയത്തിന്റെ ബാക്കിപ്പത്രമായി, സൂര്യയുടെ കുറേ കത്തുകൾ മമ്മയുടെ വീട്ടിലെ എന്റെ മുറിയിലെ അലമാരയുടെ അടിയിലെ തട്ടിൽ ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്.

(ലേഖകന്റെ ഇ–മെയിൽ: abrahambabufr@gmail.com)

English Summary:

Pravasiyude Parudeesa: Column by Babu Abraham, Chapter 4.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com