'തലയോട്ടി തകർന്നു, ചെവിക്ക് ഗുരുതര പരുക്ക് ': ലണ്ടനെ നടുക്കിയ ക്രൂരകൃത്യം; ഔർമാനെ കൊന്നത് ഇന്ത്യൻ വംശജർ, ചോദ്യങ്ങൾക്ക് ഉത്തരം തേടി പൊലീസ്

Mail This Article
ലണ്ടൻ ∙ ലണ്ടൻ നഗരത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഡിപിഡി ഡ്രൈവറായ 23 വയസ്സുകാരൻ ഔർമാൻ സിങ് അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം. ഉച്ചയ്ക്ക് ശേഷം പാഴ്സലുകൾ വിതരണം ചെയ്യാൻ പോയ ഔർമാനെ എട്ടംഗ സംഘം കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു.
കോടാലി, ഹോക്കി സ്റ്റിക്ക്, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി ഒളിച്ചിരുന്ന സംഘം ഔർമാനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിൽ ഔർമാന്റെ ഇടത് ചെവിക്ക് ഗുരുതരമായ പരുക്കേറ്റു. തലയോട്ടി തകർന്ന് തലച്ചോറ് ചിതറിയ നിലയിലായിരുന്നു.
2023 ഓഗസ്റ്റ് 21നായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ കൊടുംക്രൂരത അരങ്ങേറിയത്. സുരക്ഷാ ക്യാമറകളിൽ നിന്നും ഡോർബെൽ ക്യാമറകളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ ഈ കേസിൽ നിർണായക തെളിവുകളായി മാറി. ഔർമാന്റെ ഡെലിവറി വാനിൽ നിന്ന് യാതൊന്നും മോഷണം പോകാത്തതിനാൽ കൊലപാതകത്തിന് പിന്നിൽ മോഷണമല്ലെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചു. എന്നാൽ ഇത്രയും ഭീകരമായ കൃത്യം ചെയ്തതാരാണ്, അവരുടെ ലക്ഷ്യമെന്തായിരുന്നു എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി.
ഒടുവിൽ മെഹാക്കുദീപ് സിങ് (24), സെഹാപൽ സിങ് എന്നിവരാണ് ഈ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതിനോടകം മറ്റ് അഞ്ച് പേരെ ശിക്ഷിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു.
എന്നാൽ കൊലപാതകത്തിന്റെ യഥാർഥ കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇന്ത്യൻ വംശജരായ സംഘാംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനമുണ്ട്. കൊലപാതകത്തിന് ഒരു മാസം മുൻപ് ഔർമാന്റെ വീടിന് ഒരു മൈൽ അകലെയുള്ള പാർക്കിൽ നടന്ന സംഗീത നിശയിൽ വലിയ തർക്കമുണ്ടായിരുന്നു. അതുപോലെ, കൊലപാതകത്തിന് തലേദിവസം ഡർബിയിൽ നടന്ന കബഡി സ്പോർട്സ് ടൂർണമെന്റിലും തർക്കങ്ങളുണ്ടായി. ഈ രണ്ട് സംഭവങ്ങളും കൊലപാതകത്തിലേക്ക് നയിക്കുന്നതിന് കാരണമായിരിക്കാമെന്ന് രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നു.
ഇന്ത്യൻ വംശജനായ ഔർമാൻ ജനിച്ചത് ഇറ്റലിയിലാണ്. 46 വയസ്സുള്ള അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പം വെസ്റ്റ് മിഡ്‌ലാൻഡിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 2023 ജൂലൈ 22, 23 തീയതികളിൽ പഞ്ചാബി സംസ്കാരം പ്രചോദിപ്പിക്കുന്ന ഒരു പരിപാടിയിലും ഔർമാൻ പങ്കെടുത്തു. ഇവിടെയും ചില പ്രശ്നങ്ങളുണ്ടായതായി പറയപ്പെടുന്നു.
ഔർമാന്റെ കൊലയാളികളുടെ രണ്ട് സുഹൃത്തുക്കൾക്ക് ഈ പ്രശ്നങ്ങളെത്തുടർന്ന് പരുക്കേൽക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാളെ വാളുമായി എത്തിയ ഒരാൾ ആക്രമിച്ചു. പിറ്റേന്ന് രാവിലെ ഔർമാൻ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് 45 മൈൽ അകലെയുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ഡിപിഡി ഡിപ്പോയിലേക്ക് പോയി. പതിവുപോലെ വാനിൽ പാഴ്സലുകൾ നിറച്ച ശേഷം ഡെലിവറിക്കായി പുറപ്പെട്ടു. എന്നാൽ ഡിപ്പോയിലെ സഹപ്രവർത്തകനായ സുഖ്‌മൻദീപ് സിങ് (24) അദ്ദേഹത്തിന്റെ ഡെലിവറി റൂട്ടിന്റെ വിവരങ്ങൾ കൊലയാളികൾക്ക് കൈമാറിയിരുന്നു എന്ന കാര്യം ഔർമാൻ അറിഞ്ഞില്ല.
മെഹാക്കുദീപ് സിങ്ങും സെഹാപൽ സിങ്ങും വെസ്റ്റ് മിഡ്‌ലാൻഡിലെ ടിപ്റ്റണിലുള്ള തങ്ങളുടെ വീടുകളിൽ നിന്ന് ഒരു വെള്ള മെർസിഡസ് ബെൻസിൽ ഷ്രൂസ്ബറിയിലേക്ക് പോയി. അവരോടൊപ്പം ഇപ്പോഴും ഒളിവിൽ കഴിയുന്ന ഹർപ്രീത് സിങ്ങും ഹർവിന്ദർ സിങ് ടൂർണയും ഉണ്ടായിരുന്നു. മറ്റൊരു ഗ്രേ ഓഡി കാറിൽ അർഷ്ദീപ് സിങ് (24), ജഗ്ദീപ് സിങ് (23), ശിവ്ദീപ് സിങ് (27), മൻജോത് സിങ് (24) എന്നിവരും അവരെ പിന്തുടർന്നു.
ഷ്രോപ്ഷെയറിലെ ചരിത്രപരമായ പട്ടണത്തിലൂടെ കോട്ടൺ ഹില്ലിലെ ഒരു വിജനമായ പ്രാന്തപ്രദേശത്തേക്ക് അവർ ഔർമാനെ ശ്രദ്ധാപൂർവ്വം പിന്തുടർന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഔർമാൻ വാൻ നിർത്തി പാഴ്സലുകൾ ഇറക്കാൻ തുടങ്ങി. മെർസിഡസ് പിന്നാലെ പാർക്ക് ചെയ്യുകയും ഹർവിന്ദർ ഒരു മെറ്റൽ ബാറുമായി ആദ്യം പുറത്തിറങ്ങി ഔർമാനെയും പരിഭ്രാന്തനായ അദ്ദേഹത്തിന്റെ സഹപ്രവർത്തകനെയും ആക്രമിക്കാൻ പാഞ്ഞടുത്തു. സഹപ്രവർത്തകൻ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഔർമാനും ഓടാൻ ശ്രമിക്കുന്നതിനിടെ ഹർവിന്ദർ ബാർ എറിയുകയും അതിന്റെ ആഘാതത്തിൽ ബാലൻസ് തെറ്റി നിലത്തുവീഴുകയും ചെയ്തു.
പിന്നീട് നടന്നത് വെറും 35 സെക്കൻഡ് മാത്രം നീണ്ടുനിന്ന ഭീകരമായ ആക്രമണമായിരുന്നു. എന്നാൽ ഔർമാന് ജീവൻ നഷ്ടപ്പെട്ടു. ആയുധങ്ങളുമായി എത്തി സംഘം നിസ്സഹായനായ ഔർമാനെ വെട്ടുകത്തി കൊണ്ട് വെട്ടുകയും കുത്തുകയും ഹോക്കി സ്റ്റിക്ക്, ഗോൾഫ് സ്റ്റിക്ക് എന്നിവ ഉപയോഗിച്ച് ദാരുണമായി മർദ്ദിക്കുകയും ചെയ്തു. അവർ ഔർമാനെ ചോരയിൽ കുളിച്ച് ഒരു വഴിയരികിൽ ഉപേക്ഷിച്ചു. ഔർമാനെ കണ്ടെത്തിയ താമസക്കാർ ആംബുലൻസ് വിളിച്ചെങ്കിലും ഗുരുതരമായ പരുക്കുകൾ കാരണം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മെർസിഡസും ഓഡിയും അതിവേഗത്തിൽ ഓടിച്ചുപോയി. സ്റ്റാഫോർഡ് ക്രൗൺ കോടതിയിലെ വിചാരണയ്ക്കിടെ, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മെറ്റൽ ബാർ എറിഞ്ഞതിനെക്കുറിച്ചും അതിൽ തന്റെ വിരലടയാളങ്ങൾ പതിഞ്ഞതിനെക്കുറിച്ചും സഹപ്രതിയായ മെഹാക്കുദീപ് സിങ്ങും ഹർവിന്ദറും തമ്മിൽ തർക്കമുണ്ടായതായി സെഹാപൽ പറഞ്ഞു.
പ്രതികൾ പിന്നീട് അവരുടെ കാറുകൾ ഉപേക്ഷിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ചെയ്തു. സെഹാപലും മെഹാക്കുദീപ് സിങ്ങും ഷ്രൂസ്ബറി റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ടാക്സി ബുക്ക് ചെയ്തു. അവിടെ ബസിൽ എത്തിയ മറ്റ് ചിലരെ അവർ കണ്ടുമുട്ടി. അവർ ഒരുമിച്ച് വോൾവർഹാംപ്ടണിലേക്ക് യാത്ര ചെയ്തു. യാത്രയിലെ അന്തരീക്ഷം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് സെഹാപൽ മറുപടി നൽകിയത് ഇങ്ങനെ: "അത് വളരെ പിരിമുറുക്കം നിറഞ്ഞതായിരുന്നു. ഞങ്ങൾ പരിഭ്രാന്തരായിരുന്നു. ഞങ്ങൾക്കിടയിൽ അധികം സംസാരമുണ്ടായിരുന്നില്ല."
മെഹാക്കുദീപ് തനിക്കും സുഹൃത്തിനും വേണ്ടി ടിപ്റ്റണിലെ ഹൈ സ്ട്രീറ്റിലുള്ള ഒരു സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് ഊബർ ബുക്ക് ചെയ്തതായി സെഹാപൽ ജൂറി അംഗങ്ങളോട് പറഞ്ഞു. ഔർമാൻ മരിച്ചുവെന്ന് താൻ അറിഞ്ഞത് ഫ്ലാറ്റിൽ വച്ചാണെന്നും അദ്ദേഹം ഓർത്തെടുത്തു. "എന്റെ സുഹൃത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്നു. അപ്പോഴാണ് ഷ്രൂസ്ബറിയിൽ ഒരു ഡിപിഡി ഡ്രൈവർ മരിച്ചുവെന്ന വാർത്ത അവൻ കാണുന്നത്. അപ്പോഴാണ് അത് ഈ കേസ് തന്നെയാണെന്ന് എനിക്ക് തോന്നിയത്. അത് ഞെട്ടിക്കുന്നതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരുന്നു. കാരണം ഷ്രൂസ്ബറിയിൽ ഉണ്ടായിരുന്നപ്പോൾ ഔർമാന് ഗുരുതരമായ പരുക്കുകളുണ്ടെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൻ മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ അത് ഞെട്ടിച്ചു."
കൊലപാതകം നടന്ന സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. 2023 ഓഗസ്റ്റ് 22ന് ഹർവിന്ദർ ഇന്ത്യയിലെ ഡൽഹിയിലേക്ക് വിമാനം കയറിയെന്നും പിന്നീട് അപ്രത്യക്ഷനായെന്നും കോടതിയിൽ അന്വേഷണ സംഘം അറിയിച്ചത്.
അതേസമയം, സെഹാപലും മെഹാക്കുദീപ് സിങ്ങും രണ്ടാഴ്ചയോളം ഒളിവിൽ കഴിഞ്ഞ ശേഷം ഓസ്ട്രിയയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. കഴിഞ്ഞ മേയിൽ സാൽസ്ബർഗിന് 44 മൈൽ വടക്കുകിഴക്കായി ഹോഹൻസെൽ എന്ന ഓസ്ട്രിയൻ ഗ്രാമത്തിൽ വച്ച് പൊലീസ് നീക്കത്തിലൂടെ അവരെ പിടികൂടി.
ഔർമാന്റെ കൊലപാതകത്തെ ഇരുവരും നിഷേധിച്ചെങ്കിലും ജൂറി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2024 ഏപ്രിലിൽ അർഷ്ദീപ് സിങ്, ജഗ്ദീപ് സിങ്, ശിവ്ദീപ് സിങ്, മൻജോത് സിങ് എന്നിവരെ കൊലപാതകത്തിന് 28 വർഷം വീതം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ഇവരുടെ ശിക്ഷയും വരുന്നത്. അവരുടെ സഹായിയായ സുഖ്‌മൻദീപ് സിങ്ങിനെ മനഃപൂർവമല്ലാത്ത നരഹത്യക്ക് 10 വർഷത്തെ തടവിന് ശിക്ഷിച്ചു.
ചൊവ്വാഴ്ച കോടതിക്ക് പുറത്ത് സംസാരിച്ച വെസ്റ്റ് മെർസിയ പൊലീസ് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ബെല്ലാമി ഈ ആക്രമണം ആസൂത്രിതവുമാണെന്ന് പറഞ്ഞു. "സെഹ്‌ജപാലും മെക്കാഹ്‌ദീപും മറ്റ് ആറ് പേരും ചേർന്ന് ഈ ആക്രമണം ഒരു ശാന്തമായ ഷ്രോപ്ഷെയർ തെരുവിൽ പകൽ സമയത്ത് നടത്തിയത് ഔർമാനെ കൊല്ലുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെയാണ്. ഔർമാന്റെ ഡെലിവറി റൂട്ട് വിവരങ്ങൾ ലഭിക്കാൻ അവർക്ക് അകത്തുള്ള ഒരാളുടെ സഹായം ലഭിച്ചു. അവൻ നിസ്സഹായനാണെന്ന് അറിഞ്ഞുകൊണ്ട് അവർ ആയുധങ്ങളുമായി കാത്തിരുന്നു ആക്രമിക്കുകയായിരുന്നു. തങ്ങൾ ചെയ്തതെന്താണെന്ന് അറിഞ്ഞുകൊണ്ട് സെഹ്‌ജപാലും മെക്കാഹ്‌ദീപും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ രാജ്യം വിട്ടുവെന്നും അദ്ദേഹം കൂട്ടിചേർത്തു. പക്ഷേ കൊലപാതകത്തിനുള്ള പിന്നിലുള്ള കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇന്നും കഴിഞ്ഞിട്ടില്ല.