അയർലൻഡിലെ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളിൽ ദുഃഖ വെള്ളി ആചരിച്ചു; നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു

Mail This Article
ഡബ്ലിൻ ∙ പീഡാനുഭവ സ്മരണ ഉയർത്തി അയർലൻഡിലെ ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നൂറുകണക്കിന് വിശ്വസികൾ പങ്കെടുത്തു. രാവിലെ എട്ടു മുതൽ ആരംഭിച്ച ശുശ്രൂഷകൾ വൈകിട്ട് നാലോടെയാണ് സമാപിച്ചത്. ദേവാലയത്തിനു പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, സ്ലീബാ വന്ദനവ്, കുരിശു കുമ്പിടീല്‍, കബറടക്കം തുടങ്ങിയ ശുശ്രൂഷകള്‍ നടന്നു. കുരിശില്‍ക്കിടന്ന് ദാഹിക്കുന്നുവെന്നു വിലപിച്ച യേശുവിന് കയ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ കുടിച്ചു. തുടർന്ന് ഒരു പകലോളം നീണ്ട ഉപവാസത്തിന് ശേഷം വിശ്വാസികൾ നേര്‍ച്ച കഞ്ഞി കുടിച്ചു.
വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. അനു ജോർജ് മുഖ്യ കാർമ്മികത്വം വഹിച്ചു. വാട്ടർഫോർഡ് വെകസ്‌ഫോർഡ് കിൽകെനി ടിപ്പററി കൗണ്ടികളിൽ നിന്നായി 250ഓളം വിശ്വാസികളുടെ പങ്കാളിത്തം ശുശ്രൂഷകളെ കൂടുതൽ അനുഗ്രഹീതമാക്കി. ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് നേർച്ച കഞ്ഞി വിതരണം ചെയ്തത്. ഉയിർപ്പിന്റെ ശുശ്രൂഷകളും കുർബാനയും ഇന്ന് വൈകുന്നേരം 4.30 മുതൽ എഡ്മണ്ട് റൈസ് ചാപ്പലിൽ വച്ച് നടത്തപെടും.
ടിപ്പററി സെന്റ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. നൈനാൻ പി കുരിയാക്കോസ്, ഫാ. യാക്കൂബ് ഒഐസി എന്നിവർ നേതൃത്വം നൽകി. ഈസ്റ്ററിന് മുന്നോടിയായുള്ള 50 നോമ്പിലെ അവസാന ദിവസമായ ദുഃഖശനിയുടെ ശുശ്രൂഷകൾ ഇന്ന് രാവിലെ 9 മണി മുതൽ ആരംഭിച്ചു. ഈസ്റ്ററിന്റെ ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 6 മണി മുതൽ നടത്തപ്പെടും.