ADVERTISEMENT

ലണ്ടന്‍ ∙ യുകെയിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ (ആര്‍സിപി) സംഘടനയുടെ പ്രസിഡന്റ്പദവിയിലേക്ക് ഡോ. മുംതാസ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കൽ പ്രാക്ടീസ്, ഗവേഷണം എന്നിവയിലെ മികവ് പ്രോത്സാഹിപ്പിക്കുന്ന യുകെ ആസ്ഥാനമായുള്ള ഡോക്ടർമാരുടെ സംഘടനയാണ് ആർസിപി.

ലോകമെമ്പാടുമുള്ള ധാരാളം ഫിസിഷ്യൻമാരെ പ്രതിനിധീകരിക്കുകയും വൈദ്യ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുകയും ചെയ്യുന്ന ആർസിപിയുടെ അധ്യക്ഷ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജ കൂടിയാണ് ഡോ. മുംതാസ് പട്ടേൽ. 40,000 അംഗങ്ങളാണ് നിലവിൽ ആർസിപിയിൽ അംഗങ്ങളായുള്ളത്. യുകെയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതിമാരുടെ മകളായി വടക്കന്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലാണ് ഡോ. മുംതാസ് പട്ടേൽ ജനിച്ചത്. മാഞ്ചസ്റ്ററില്‍ നെഫ്രോളജിസ്റ്റായി ജോലി ചെയ്തു വരികയാണ്. 2020 ൽ ആർസിപിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഡോ. മുംതാസ് പട്ടേൽ ഉൾപ്പടെ ആകെ 8 സ്ഥാനാർഥികൾ ആണ് ആർസിപിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

പതിനാറാം നൂറ്റാണ്ട് മുതല്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിപിയുടെ 123 മത് പ്രസിഡന്റായാണ് ഡോ. മുംതാസ് പട്ടേൽ ചുമതലയേൽക്കുന്നത്. ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്തോ ഏഷ്യന്‍ മുസ്‌ലിം അധ്യക്ഷ കൂടിയാണ് ഡോ. മുംതാസ് പട്ടേൽ. ഒപ്പം ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയും. മാർച്ച്‌ 17 ന് ആരംഭിച്ച ഔദ്യോഗിക വോട്ടിങ് ഏപ്രിൽ 14 നാണ് അവസാനിച്ചത്. ആകെ 5151 വോട്ടുകളാണ് പ്രസിഡന്റ് പദവിയിലേക്ക് പോൾ ചെയ്യപ്പെട്ടത്. ഇതിൽ 2239 വോട്ടുകളാണ് ഡോ. മുംതാസ് പട്ടേലിന് ലഭിച്ചത്. തൊട്ടടുത്ത സ്ഥാനാർഥിയെക്കാൾ 682 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

നാല് വര്‍ഷമാണ്‌ പ്രസിഡന്റ് പദവിയുടെ കാലാവധി. ചുമതല എന്ന് മുതൽ തുടങ്ങുമെന്ന കാര്യം ഔദ്യോഗികമായി വ്യക്തമായിട്ടില്ല എന്നും എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ ആര്‍സിപിയെ ഏറ്റവും മികച്ച സംഘടനയാക്കി മാറ്റുമെന്നും ഡോ. മുംതാസ് പട്ടേൽ പറഞ്ഞു. രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുമെന്നും അഭിനിവേശം, പ്രതിബദ്ധത, സ്വപ്നങ്ങള്‍, മൂല്യാധിഷ്ഠിത സമീപനങ്ങള്‍ എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ആര്‍സിപിയില്‍ ഉറപ്പാക്കുമെന്നും ഡോ. മുംതാസ് പട്ടേൽ കൂട്ടിച്ചേർത്തു.

English Summary:

Dr. Mumtaz Patel elected as President of Royal College of Physicians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com