വിമാനങ്ങൾ ‘23 മിനിറ്റ് വൈകുന്ന’ വിമാനത്താവളം; പ്രകടനം മെച്ചപ്പെടുത്തിയിട്ടും നാണക്കേടിന്റെ റെക്കോർഡിൽ മാറ്റമില്ലാതെ ‘ഗാട്ട്വിക്’

Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ സമയക്ലിപ്തതയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ ഗാട്ട്വിക് വിമാനത്താവളമാണ്. എന്നാൽ വിമാനങ്ങൾ കൃത്യ സമയത്ത് പുറപ്പെടുന്നതിൽ ഹീത്രൂ വിമാനത്താവളമാണ് മുന്നിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന എയർ ട്രാഫിക് കൺട്രോൾ ഡിസ്രപ്ഷൻ ഡാറ്റയിലാണ് ഗാട്ട്വിക്കിന്റെ ഈ മോശം പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്.
2024ലെ കണക്കുകൾ പ്രകാരം ഗാട്ട്വിക്കിൽ നിന്നുള്ള വിമാനങ്ങൾ ശരാശരി 23 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. 2023ൽ ഇത് 27 മിനിറ്റായിരുന്നു. പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാട്ട്വിക് ഇപ്പോഴും സമയക്ലിപ്തതയിൽ പിന്നിലാണ്.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രൂവാണ് കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. ഇവിടെ വിമാനങ്ങൾ വൈകുന്നത് ശരാശരി 18 മിനിറ്റ് മാത്രമാണ്.
മറ്റ് വിമാനത്താവളങ്ങളിലെ ശരാശരി കാലതാമസം ഇങ്ങനെയാണ്: ഗാട്ട്വിക് (23.6 മിനിറ്റ്), സ്റ്റാൻസ്റ്റഡ് (20.3 മിനിറ്റ്), മാഞ്ചസ്റ്റർ (20.3 മിനിറ്റ്), സൗത്ത് എൻഡ് (20 മിനിറ്റ്), ബർമിങ്ങാം (19.9 മിനിറ്റ്), ബോൺമൗത്ത് (18.9 മിനിറ്റ്), ബ്രിസ്റ്റോൾ (18.8 മിനിറ്റ്), കാഡിഫ് (18.6 മിനിറ്റ്), ലൂട്ടൺ (18.6 മിനിറ്റ്), ഹീത്രൂ (18 മിനിറ്റ്).