നിലത്ത് കിടന്ന് അമ്മ യാചിച്ചിട്ടും കേൾക്കാതെ ഉദ്യോഗസ്ഥർ; വിദ്യാർഥിനിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം നീണ്ടത് 10 മണിക്കൂർ

Mail This Article
ജോൺസ്‌റ്റോൺ (സ്കോട്‌ലൻഡ്) ∙ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ചൊല്ലി പാരാമെഡിക്കൽ ജീവനക്കാരും പൊലീസ് ഓഫിസർമാരും തർക്കിച്ചത് ഏകദേശം 10 മണിക്കൂറോളം . വീട്ടിൽ വച്ച് മരിച്ച ലൂസി ഗ്രാന്റ് (17) എന്ന വിദ്യാർഥിനിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനെ ചൊല്ലിയായിരുന്നു തർക്കം.
പാരാമെഡിക്കൽ സംഘം എത്തുമ്പോഴേക്കും ശരീരം നീലനിറമായി മാറുകയും മരവിച്ചു തുടങ്ങുകയും ചെയ്തിരുന്നു. ജോൺസ്‌റ്റോണിലെ വീട്ടിൽ വെച്ച് മരണം സ്ഥിരീകരിച്ചു. എന്നാൽ, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം, 17 വയസ്സുകാരിയാണോ അതോ പ്രായപൂർത്തിയായ വ്യക്തിയാണോ എന്നതിനെ ചൊല്ലി ആംബുലൻസ് ജീവനക്കാരും പൊലീസും മണിക്കൂറുകളോളം തർക്കിച്ചു.
ഈ തർക്കം തെരുവിലേക്ക് വരെ നീണ്ടു. ദുഃഖിതയായ അമ്മ ലിനെറ്റ് ആൻഡേഴ്സൺ (44) നിലവിളിച്ച് മൃതദേഹം മാറ്റുന്നതിന് സഹായം അഭ്യർഥിച്ചെങ്കിലും ഉദ്യോഗസ്ഥർ ഗൗനിച്ചില്ല. മൂക്കിൽ നിന്നും വായിൽ നിന്നും ദ്രാവകം പുറത്തുവന്നപ്പോൾ മകളുടെ മുഖം വൃത്തിയാക്കുന്നതിൽ നിന്ന് പോലും ലിനെറ്റിനെ തടഞ്ഞു.
അമ്മ മകളുടെ മുറിയുടെ പുറത്ത് തറയിൽ കിടന്നാണ് പലപ്പോഴും യാചിച്ചിരുന്നത്. ഒരു മുതിർന്ന ഡിറ്റക്ടീവ് സ്ഥലത്തെത്തി സ്വകാര്യ ആംബുലൻസിനെ വിളിച്ചുവരുത്തിയതിന് ശേഷമാണ് ലൂസിയുടെ മൃതദേഹം ഒടുവിൽ കൊണ്ടുപോയത്. അപസ്മാരമാണ് മരണ കാരണം. അമ്മയും ലൂസിയുടെ രണ്ട് സഹോദരങ്ങളും ഈ തർക്കം കണ്ടതിന് ശേഷം മാനസികാഘാതത്തിലായി.
പിറ്റേന്ന് പൊലീസ് വീട്ടിലെത്തി ക്ഷമ ചോദിക്കുകയും അന്വേഷണം ആരംഭിക്കുകയാണെന്ന് ദുഃഖിതരായ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു വർഷമായി ലിനെറ്റ് മകൾക്ക് അപസ്മാര ചികിത്സ ലഭ്യമാക്കുന്നതിനായി എൻഎച്ച്എസുമായി പോരാടുകയായിരുന്നു. 12 മാസത്തിനിടെ 60 തവണ ലൂസിക്ക് അപസ്മാരം വന്നിരുന്നു. 'കഠിനമായ പരിശ്രമത്തിലൂടെ' ലിനെറ്റ് ലൂസിയുടെ ആശുപത്രി അപ്പോയിന്റമെന്റുകൾ ഈ മാസത്തേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. "ഏപ്രിൽ 24ന് ആശുപത്രിയിൽ പോകുന്നതിന് പകരം എന്റെ കുഞ്ഞിന് പോസ്റ്റ്‌മോർട്ടം നടത്തും" – അപ്പോയിന്റമെന്റുകൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ വിഫലമായ വിഷമത്തിൽ ലിനെറ്റ് പറഞ്ഞു.