നിത്യവിശ്രമം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; കേരളത്തിൽ മൂന്ന് ദിവസം ദുഃഖാചരണം

Mail This Article
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ കോളജിന്റെ ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ കാർമികത്വം വഹിക്കും.
തുടർന്ന്, മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുക്കും.
തിങ്കളാഴ്ച വിടവാങ്ങിയ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു രാവിലെ 9നു സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനായി കർദിനാൾമാരുടെ അകമ്പടിയോടെ കൊണ്ടുപോകും. ശനിയാഴ്ചവരെ പൊതുദർശനം. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിനു മേയ് 6നു മുൻപ് തുടക്കമാകും.
3 ദിവസം ദുഃഖാചരണം
തിരുവനന്തപുരം ∙ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് കേരളത്തിൽ 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഇന്നലെ ആരംഭിച്ചു. ഇന്നും സംസ്കാരം നടക്കുന്ന ശനിയാഴ്ചയും ദുഃഖാചരണം പ്രഖ്യാപിച്ചു.