യൂണിഫോമിൽ തടവുകാരനെ ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് തടവ് ശിക്ഷ; പിടിയിലായത് ഒറ്റുകാരെ കണ്ടെത്താമെന്ന് പ്രതിക്ക് ഉറപ്പ് നൽകിയ യുവതി

Mail This Article
ലിവർപൂൾ∙ പൊലീസ് യൂണിഫോമിലിരിക്കെ തടവുകാരനെ ചുംബിച്ച ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിലെ വനിതാ ഓഫിസർക്ക് ലിവർപൂൾ ക്രൗൺ കോടതി മൂന്ന് വർഷവും ഒൻപത് മാസവും തടവ് ശിക്ഷ വിധിച്ചു. 27 വയസ്സുകാരിയായ ചോണി കെല്ലിയാണ് ശിക്ഷിക്കപ്പെട്ടത്. ഫോറസ്റ്റ് ബാങ്ക് ജയിലിലെ തടവുകാരനായ ജോഷ് വിലനുമായി കെല്ലിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ജയിൽ സന്ദർശനത്തിനിടെ പൊലീസ് യൂണിഫോമിൽ വിലനെ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെല്ലി ഔദ്യോഗിക സ്ഥാനം ദുരുപയോഗിച്ച് വിലന് വിവരങ്ങൾ കൈമാറിയതായി കണ്ടെത്തി. സ്ഥിരം കുറ്റവാളിയെന്ന് ജഡ്ജി നീൽ ഫ്ലെവിറ്റ് കെസി വിശേഷിപ്പിച്ച വിലനുമായി കെല്ലി ലൈംഗിക ബന്ധം പുലർത്തിയിരുന്നതായും കോടതിയിൽ നടന്ന വിചാരണയിൽ തെളിഞ്ഞു. 2021 മുതൽ 2023 വരെ ജയിലിൽ കഴിഞ്ഞ വിലന് 20 മൊബൈൽ ഫോണുകളാണ് കെല്ലി എത്തിച്ചു നൽകിയത്. കൂടാതെ കെല്ലിയെ വിലനൊപ്പം അവരുടെ ബിഎംഡബ്ല്യു കാറിലും നാൻഡോസ് റസ്റ്ററന്‍റിലും കണ്ടിട്ടുണ്ട്. വിലൻ ജയിൽ മോചിതനായ ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് ജിഎംപി അന്വേഷിക്കുന്ന റഹീം മോട്ട്ലിയുമായി കെല്ലി പ്രണയത്തിലായി.
പൊലീസ് ഓഫിസർ എന്ന അധികാരം ഉപയോഗിച്ച് കെല്ലി വിലന് രഹസ്യ വിവരങ്ങൾ കൈമാറി. വിലൻ മുൻ പങ്കാളിയുമായി അതിക്രമം നടത്തിയ കേസിൽ എടുത്ത ഇരയുടെ മൊഴിയും ഇതിൽ ഉൾപ്പെടുന്നു. 2022 ഫെബ്രുവരിയിൽ മോട്ട്ലി അറസ്റ്റിലായതിന് ശേഷം കെല്ലി പൊലീസ് സിസ്റ്റത്തിൽ വിവരങ്ങൾ തിരക്കുകയും, ആസൂത്രിതമായ പൊലീസ് വെടിവയ്പ്പ് റെയ്ഡിനെക്കുറിച്ച് മോട്ട്ലിയെ അറിയിക്കുകയും ചെയ്തു.

കെല്ലിയുടെ പ്രവൃത്തികൾ സാമ്പത്തിക നേട്ടത്തിനോ ദുരുദ്ദേശ്യങ്ങൾക്കോ വേണ്ടിയുള്ളതായിരുന്നില്ലെന്ന് ജഡ്ജി ഫ്ലെവിറ്റ് പറഞ്ഞു. അവരുടെ നിഷ്കളങ്കതയും പക്വതയില്ലായ്മയും വിലൻ, മോട്ട്ലി എന്നിവരുമായുള്ള സൗഹൃദം നിലനിർത്താനുള്ള ആഗ്രഹവുമാണ് ഇതിലേക്ക് നയിച്ചത്. എന്നാൽ വിലനും മോട്ട്ലിയും കെല്ലിയുടെ ഈ ദൗർബല്യം മുതലെടുത്തു. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കെല്ലി കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിനും സമൂഹത്തിനും കെല്ലി നാണക്കേടുണ്ടാക്കിയെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
2021നും 2023നും ഇടയിൽ ജയിലിൽ കഴിഞ്ഞ വിലൻ 20 മൊബൈൽ ഫോണുകൾ ഉപയോഗിച്ചു. ഇതിനുള്ള പണം നൽകിയത് കെല്ലിയായിരുന്നു. വിലൻ ലഹരിമരുന്ന് കച്ചവടക്കാരനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കെല്ലി സഹായിച്ചതെന്ന് സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാണെന്നും ജഡ്ജി പറഞ്ഞു. ജയിലിലിരുന്ന് വിലന്റെ ലഹരിമരുന്ന് ഇടപാടുകൾക്ക് കെല്ലി സഹായം നൽകി.
വിലൻ സ്ഥിരം കുറ്റവാളിയാണെന്നും ആ സ്വഭാവമാണ് കെല്ലിയെ ആകർഷിച്ചതെന്നും, നിർഭാഗ്യവശാൽ കെല്ലി ഒരു പൊലീസ് ഓഫിസർ കൂടിയായിരുന്നത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി എന്നുമാണ് വിലന്റെ അഭിഭാഷകൻ അലക്സാണ്ടർ ബീവേഴ്സ് വാദിച്ചത്. 2022 ഫെബ്രുവരിയിൽ മോട്ട്ലി അറസ്റ്റിലായ ശേഷം കെല്ലി പൊലീസ് സിസ്റ്റത്തിൽ വിവരങ്ങൾ തിരഞ്ഞു. പൊലീസ് റെയ്ഡിനെക്കുറിച്ച് മോട്ട്ലിയോട് പറയുകയും ഒറ്റുകാരെ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് പൊലീസ് ഇൻഫോർമർമാരുടെ വിവരം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗത്തിൽ കെല്ലി പങ്കെടുത്തു. സ്പെയിനിൽ താമസിച്ചിരുന്ന മോട്ട്ലിയെ പിന്നീട് നാടുകടത്തി വിചാരണയ്ക്ക് ഹാജരാക്കി. മോട്ട്ലിക്ക് ഗൂഢാലോചന കുറ്റത്തിന് രണ്ട് വർഷവും നാല് മാസവും തടവ് ശിക്ഷ വിധിച്ചു.
ഈ വർഷം ഏപ്രിൽ ഒന്നിന് നടന്ന മിസ്‌കണ്ടക്ട് ഹിയറിങ്ങിനെ തുടർന്ന് കെല്ലിയെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.