'വിശുദ്ധ പാപങ്ങളുടെ പറുദീസ': യൂറോപ്യൻ പ്രവാസത്തിലെ ആദ്യ യാത്ര; തിരിച്ചറിവുകളുടെ പത്തു ദിനങ്ങൾ

Mail This Article
രണ്ടായിരാമാണ്ടിലെ മെയ് മാസത്തിൽ ഫ്രാൻസിലെത്തിയ എന്റെ ആദ്യ മൂന്നു മാസക്കാലം തെക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ബുദ്രാക്ക് എന്ന മമ്മയുടെ ഗ്രാമത്തിൽ ആയിരുന്നു. സ്വന്തം അമ്മായുമായി പിണങ്ങി പരീസ് നഗരം വിട്ട കൊളേത്ത് എന്ന എന്റെ മമ്മ, കുറച്ചു കാലം ലൂർദിലെ ഒരു ഹോട്ടലിൽ ജോലി നോക്കിയെങ്കിലും, കൃഷി രീതികൾ പഠിച്ച്, ബുദ്രാക്കിൽ വർഷങ്ങളോളം ഒരു വലിയ ഫാം നടത്തി.
വിവിധ കൃഷികൾ കൂടാതെ മുയൽ വളർത്തൽ, കോഴി വളർത്തൽ എന്നിവയൊക്കെ നടത്തിയത് കൊളേത്ത് ജീവിച്ചത്. അവർ വിവാഹം കഴിച്ചുവെങ്കിലും, തന്റെ നാലാമത്തെ കുട്ടി, ലൂയിക്ക് മൂന്നു വയസുള്ളപ്പോൾ കൊളേത്തിന്റെ ഭർത്താവ് ക്യാൻസർ വന്നു മരിച്ചു. പിന്നങ്ങോട്ട് തന്റെ നാലു മക്കളെയും വളർത്തിയുള്ള ജീവിതമായിരുന്നു അവരുടേത്.
വളരെ ചുരുങ്ങിയ മുതൽ മുടക്കുകൊണ്ട് കൊളേത്ത് തുടങ്ങിയ കൃഷികളും മൃഗ വളർത്തലുമെല്ലാം കാല ക്രമേണ വികസിച്ചു. കൂടെ ജോലി ചെയ്യാൻ പണിക്കാരായി. ഞാൻ ഫ്രാൻസിൽ എത്തുന്നതിനും ഏതാനും വർഷങ്ങൾക്ക് മുൻപാണ് മമ്മ കൃഷികളൊക്കെ നിർത്തി റിട്ടയർ ചെയ്തത്. വലിയ തുകയൊന്നുമല്ല മാസം തോറും പെൻഷനായി ലഭിച്ചതെങ്കിലും, ആഡംബരങ്ങൾ തീരെയില്ലാതെ ജീവിച്ച മമ്മക്ക് മറ്റുള്ളവരെ സഹായിക്കാൻ പോലും ആ തുകയിൽ നിന്നു മിച്ചം പിടിക്കാൻ സാധിച്ചു. അഭയാർത്ഥികളെയും ദരിദ്രരേയുമൊക്കെ സഹായിക്കാനുള്ള വിവിധസംഘടനകളിൽ പ്രവർത്തിച്ച മമ്മ പ്രതീക്ഷയറ്റ അനേകർക്കു പ്രത്യാശ നൽകുന്നത് ഞാൻ നേരിൽ കണ്ടു.

അവരുടെ തിരക്കു പിടിച്ച ജീവിതത്തിനിടയിലും എനിക്ക് എല്ലാ ദിവസവും ഫ്രഞ്ച് ക്ലാസുകൾ എടുക്കാൻ മമ്മ മറന്നില്ല, മടി കാണിച്ചില്ല. ജൂലൈ പകുതി ആകുന്നതിനു മുൻപേ പരിസ് സർവകലാശാലയിൽ മനഃശാസ്ത്രത്തിൽ എംഫിൽ ചെയ്യാനുള്ള അഡ്മിഷൻ എനിക്ക് തരപ്പെട്ടു. സെപ്റ്റംബർ മാസം ആദ്യം മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് അറിയിപ്പും ലഭിച്ചു.
ജൂലൈ മാസത്തിന്റെ അവസാനത്തിലാണ് കാത്തോലിക്കാ സഭയിലെ യുവാക്കൾക്കായുള്ള ആ വർഷത്തെ ലോക യുവജന ദിനങ്ങൾ റോമിൽ വച്ച് നടക്കുന്ന കാര്യം മമ്മ എന്നോട് പറഞ്ഞത്. ലോകത്തെ വിവിധ രാജ്യങ്ങളിളിൽ നിന്നായിപത്തു ലക്ഷത്തോളം കത്തോലിക്കാ യുവാക്കൾ ഓഗസ്റ്റ് മാസം പതിനാല് മുതൽ ഇരുപതു വരെ റോമിൽ ഒത്തു ചേരുന്ന പരിപാടി ആയിരുന്നു അത്. ഫ്രാൻസിലെ എല്ലാ രൂപതകളിൽനിന്നും യുവാക്കൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുണ്ടായിരുന്നു.
“ആളുകളെയൊക്കെ കാണാനും അൽപ്പം യാത്ര ചെയ്യാനുമൊക്കെയുള്ള ഒരവസരമാണിത്… ബാബു പോകുന്നതു നല്ലതാണ്…”
ഒരു വൈകുന്നേരം അത്താഴത്തിനു ശേഷം സംസാരിച്ചിരിക്കവേ മമ്മ പറഞ്ഞു.
“അതിനൊക്കെ നേരത്തെ പേരു കൊടുത്ത് റിസർവേഷൻ ഒക്കെ നടത്തണ്ടേ…?”
കുഴിവുള്ള പാത്രത്തിലെ സൂപ്പ് ബ്രെഡ് കൊണ്ട് തുടച്ച് കഴിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“അതൊക്കെ ശരിയാ. സാധാരണ ആറേഴ് മാസങ്ങൾക്കു മുന്നേ തന്നെ ഇത്തരം കാര്യങ്ങൾക്കുള്ള ബുക്കിങ് കഴിയും. എന്താ സാധ്യതകളെന്ന് നമുക്ക് നാളെത്തന്നെ അന്വേഷിക്കാം….”
കഴുകാനുള്ള പാത്രങ്ങളുമായി അടുക്കളയിലേക്ക് പോകുമ്പോൾ മമ്മ പറഞ്ഞു. സിങ്കിൽ കിടന്ന പാത്രങ്ങൾ ലോഷൻ തേച്ച് കഴുകി കമിഴ്ത്തുമ്പോൾ എന്റെ മനസ്സ് മുഴുവൻ തൊട്ടടുത്ത മാസം റോമിലേക്ക് നടത്താൻ സാധ്യതയുള്ള യാത്ര മാത്രമായിരുന്നു.
“ഉറപ്പൊന്നും ഇല്ല. എങ്കിലും നാളെ നമുക്ക് ഒന്നു ട്രൈ ചെയ്തു നോക്കാം…”
ഞാൻ കഴുകി കമിഴ്ത്തിയ പാത്രങ്ങൾ തുടച്ച് വയ്ക്കുമ്പോൾ മമ്മ പറഞ്ഞു.
“മമ്മ പറയുംപോലെ ചെയ്യാം…”
മനസ്സിൽ മുറ്റി നിന്ന ആഗ്രഹങ്ങളൊന്നും വെളിവാക്കാതെ എടുത്തണിഞ്ഞ ഒരെളിമയോടെ ഞാൻ പറഞ്ഞു.

“ബാബു, തേടുന്നവന് മാത്രമേ എന്തും കിട്ടാൻ സാധ്യതയുള്ളൂ. മുട്ടുന്നവനെ തുറന്നു കിട്ടൂ. നമ്മളെ കൊണ്ടാവുന്നതൊക്കെ നമ്മൾ ചെയ്യണം എന്നിട്ട് ബാക്കിക്കായി ദൈവത്തോട് അപേക്ഷിക്കുക. അപ്പോൾ എല്ലാം ശരിയാകും…”
പാത്രം തുടയ്ക്കാനുപയോഗിച്ച നനഞ്ഞ തുണി വിരിച്ചിട്ട് ഊണു മുറിയിലേക്ക് നടക്കുമ്പോൾ മമ്മ പറഞ്ഞു. നീണ്ട ഭിത്തിയിൽ ചില്ലിട്ടടച്ച ലൈബ്രറിയിൽ വിക്ടർ ഹുഗോയും, എമിൽ സോളയും സാർത്രുമെല്ലാം എന്നെ തുറിച്ചു നോക്കി. പഠിച്ച ഫ്രഞ്ച് ബാലപാഠങ്ങളൊന്നും ആ തടിച്ച പുസ്തകങ്ങൾ വായിക്കാനോ മനസ്സിലാക്കാനോ മതിയാവില്ല എന്നറിയാമെങ്കിലും കയ്യിൽ കിട്ടിയ ഒരു പുസ്തകവുമായി ഞാൻ എന്റെ മുറിയിലേക്ക് നടന്നു.
പിറ്റേന്ന് രാവിലെ പതിവുപോലെ പള്ളി കഴിഞ്ഞ് വന്നപ്പോൾ മമ്മ ഫോണെടുത്തു പലരേയും വിളിക്കാൻ തുടങ്ങി. ഞങ്ങൾ താമസിച്ചിരുന്ന പ്രദേശത്തെ മാതൃ രൂപതയായ ലൂർദിൽ മുഴുവൻ സീറ്റുകളും ബുക്ക് ആയി എന്ന് മമ്മ അറിയിച്ചപ്പോൾ അപ്രാവശ്യത്തെ ലോക യുവജന ദിനങ്ങൾക്ക് റോമിലേക്ക് പോക്കുണ്ടാവില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
“ഫൈനൽ ആയി ഒരു നോ വരുന്ന വരെയും നമ്മുടെ മുന്നിൽ യെസ് മാത്രമേ ഉണ്ടാകാവൂ. ഇനിയും പല വഴികളും നമുക്ക് മുന്നിലുണ്ട്. എല്ലാവഴികളും തേടിയിട്ടും അനുകൂലമായി തീരുമാനം ഇല്ലങ്കിൽ അതിനർഥം നമ്മൾ നിരാശപ്പെടണം എന്നല്ല. നമുക്ക് അത്തരം ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടേണ്ട ആവശ്യം ഇല്ല എന്നാണ്….”
എന്റെ മുഖത്തെ നിരാശ മനസ്സിലാക്കിയതുകൊണ്ടാവണം മമ്മ അങ്ങനെ പറഞ്ഞത്. മമ്മ വീണ്ടും ഫോണെടുത്തു ലൂർദിലെ തീർഥാടന കേന്ദ്രത്തിൽ പരിചയമുള്ള ആരെയൊക്കെയോ വിളിച്ചു. സംസാരിക്കുന്നതിനിടയിൽ മേശപ്പുറത്തിരുന്ന ഡയറിയിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു.
“നീസിലെ രൂപതയിൽ ഒന്നു രണ്ട് സീറ്റുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്റെ ഒരു സുഹൃത്തു വലിയ ഉറപ്പൊന്നും ഇല്ലാതെയാണ് പറഞ്ഞത്. റോമിലേക്കുള്ള രൂപതാ ഗ്രൂപ്പിനെ നയിക്കുന്ന നീസിലെ അച്ചന്റെ നമ്പറും തന്നിട്ടുണ്ട്.”

അത് പറഞ്ഞു മമ്മ എന്നേയും കൂട്ടി പിറ്റേന്ന് തുളൂസിലെ ഒരു അഭയാർഥി ക്യാംപിലേക്ക് കൊടുക്കാനുള്ള തുണികൾ പെറുക്കി, മടക്കി അടുക്കാൻ തുടങ്ങി. ഉച്ചഭക്ഷണത്തിന് തൊട്ട് മുൻപാണ് മമ്മ നീസ് രൂപതയിലെ പാട്രിക് അച്ചനെ വിളിച്ചത്. ഏറെ നേരം സംസാരിച്ച ശേഷം മമ്മ അവരുടെ ബുറോയിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ആ മുഖത്തുണ്ടായിരുന്ന നിറഞ്ഞ ചിരി എന്റെ മനസ്സിലെ പ്രതീക്ഷകൾക്കും ചിരി പകർന്നു.
എനിക്ക് യാത്രയ്ക്ക് വേണ്ട റക് സാക്കും മറ്റും മമ്മയും ഞാനും ഒന്നിച്ചു പോയാണ് വാങ്ങിയത്. ഓഗസ്റ്റ് മാസം ഏഴാം തീയതി രാവിലെ മമ്മയുടെ വീടിനടുത്തുള്ള ലാന്ന്മേസോം റെയിൽവേ സ്റ്റേഷനിൽ നിന്ന് നീസ് സിറ്റിയിലേക്ക് ട്രെയിൻ കയറുമ്പോൾ എന്റെ യൂറോപ്യൻ പ്രവാസത്തിലെ ആദ്യത്തെ യാത്രയുടെ തുടക്കമായിരുന്നു. ഫ്രഞ്ച് റിവിയെറയെക്കുറിച്ച് വായിച്ചു മാത്രം അറിവുണ്ടായിരുന്ന ഞാൻ കാൻ സിറ്റിയും കഴിഞ്ഞ് മൊണാക്കൊ എന്ന കൊച്ച് രാജ്യത്തിനും ഇറ്റാലിയൻ അതിർത്തിക്കും അടുത്തുള്ള നീസ് സിറ്റിയിൽ അന്ന് വൈകുന്നേരത്തോടെ എത്തി.
മമ്മ പറഞ്ഞേൽപ്പിച്ച പാട്രിക് അച്ചൻ ഞാൻ വന്ന ട്രെയിൻ നിർത്തിയിട്ട പാളത്തിന് മുന്നിൽ എന്നെക്കാത്ത് നിന്നിരുന്നു.
“യാത്രയൊക്കെ സുഖമായിരുന്നോ…?”
കാറിലേക്ക് കയറുമ്പോൾ ഔപചാരികത നിലനിർത്തിക്കൊണ്ട് പാട്രിക് അച്ചൻ ചോദിച്ചു. നീസിലെ രൂപതാ കേന്ദ്രവും അരമനയും പ്രൊമനാട് ദേസങ്കളെയുടെയും നീലത്തിളക്കത്തിൽ നിറഞ്ഞ റിവിയെറ ബീച്ചിന്റെയും തൊട്ടടുത്തായിരുന്നു. ബിഷപ് ഹൗസിന്റെ ഒന്നാം നിലയിൽ എനിക്കുള്ള മുറി പാട്രിക് അച്ചൻ കാണിച്ചു തന്നു. വൈകുന്നേരത്തെ ഡിന്നർ സമയവും പറഞ്ഞിട്ട് അദ്ദേഹം താഴേക്കു പോയി.
പ്രത്യേകിച്ചൊന്നും ചെയ്യാനില്ലങ്കിലും മുറിയിൽ അടച്ചു പൂട്ടി ഇരുന്നിട്ട് കാര്യമില്ല എന്നോർത്തു ഞാൻ നടയിറങ്ങി താഴെയെത്തി. അച്ചനെ ഒന്നു കണ്ടു അദ്ദേഹത്തിന്റെ അപ്പീസിലെ ഫോണിൽ നിന്ന് മമ്മയെ വിളിച്ച് നീസിൽ എത്തിച്ചേർന്ന കാര്യം പറഞ്ഞു. രണ്ടര മാസക്കാലമായി മമ്മ പറഞ്ഞുതന്ന ഫ്രഞ്ച് ഭാഷാ പാഠങ്ങൾ സ്വാഭാവികമായി ഉപയോഗിക്കാൻ കൈവന്ന അവസരം ഞാൻ നന്നായി ഉപയോഗിച്ചു. അല്ലങ്കിൽത്തന്നെ ഇംഗ്ലിഷ് സംസാരിക്കുന്നതിൽ പ്രത്യേകിച്ച് അഭിമാനമൊന്നും കാണാത്ത ഫ്രഞ്ചുകാർക്ക് ഞാൻ അവരുടെ ഭാഷ കഷ്ടപ്പെട്ട്, തെറ്റുകളോടെ ആണെങ്കിലും പറയുന്നത് വലിയ കാര്യമാണെന്ന് അധികം വൈകാതെ തന്നെ എനിക്ക് മനസ്സിലായി.
അരമനയുടെ മുറ്റത്ത് നിന്നു താഴോട്ടിറങ്ങുന്ന കല്ല് പാകിയ നടകൾ ഇറങ്ങി പ്രധാന നിരത്തിലെത്തി അവിടെനിന്നും താഴോട്ടുള്ള നടകൾ നടന്നിറങ്ങി ബീച്ചിലെത്തി ആ നീല വെള്ളം ശരിക്കും നീല തന്നെയാണോ എന്ന് ഉറപ്പ് വരുത്തി. മണലിൽ കുറേനേരം കുത്തിയിരുന്ന് വെയിൽ കാഞ്ഞശേഷം പാറക്കെട്ടുകൾക്കിടയിലൂടെയുള്ള നടവഴിയിലൂടെ രണ്ടു കിലോ മീറ്ററോളം നടന്നു. താഴെ പാറക്കെട്ടുകളിൽ തല്ലിയലച്ച തിരമാലകൾ നാളെയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കുറേ ദൂരം നടന്ന്, പാറക്കെട്ടുകൾക്കപ്പുറം മരങ്ങൾ ഇടവിട്ട് വളർന്നു നിന്നിരുന്ന പ്രദേശത്ത് എത്തിയപ്പോൾ നടന്നു വന്ന മണിലൂഷ്യരെല്ലാം പൂർണ്ണ നഗ്നരാണ് എന്ന് കണ്ടു. ഷോർട്സും ടീഷർട്ടും ധരിച്ച് ആ വഴി നടന്ന എന്നെ ഒരന്യഗ്രഹ ജീവിയെപ്പോലെ ആളുകൾ തുറിച്ചു നോക്കി. അത് നൂഡിസ്റ്റ് ബീച്ചാണ് എന്നും അവിടെ പൂർണ്ണ നഗ്നരായി മാത്രമേ സഞ്ചരിക്കാനാവൂ എന്നും മനസ്സിലാക്കിയപ്പോഴേക്കും മണിക്കൂർ ഒന്ന് കഴിഞ്ഞു. കാര്യം പിടികിട്ടിയ ഉടനെ ഞാൻ ബിഷപ് ഹൗസ്സിലേക്ക് തിരികെ നടന്നു.
ബിഷപ് ഹൗസ്സിനോട് ചേർന്നുള്ള കെട്ടിടം ഒരു മൈനർ സെമിനാരി ആയിരുന്നു. അവിടെ വൈദീക ദൈവവിളി മുന്നിൽക്കണ്ട് പഠിക്കാൻ വന്ന അഞ്ചോ ആറോ ആളുകൾ താമസിച്ചിരുന്നു. ബിഷപ്പ് ഹൗസിന്റെ ഏറ്റവും അടിയിലെ നിലയിലുള്ള ഊണു മുറിയിൽ അത്താഴത്തിന് അവരും ഉണ്ടായിരുന്നു. റോമിലേക്ക് നേരത്തെ പോയതിനാൽ മെത്രാൻ ആ ദിവസങ്ങളിൽ അവിടെ ഉണ്ടായിരുന്നില്ല. പാട്രിക് അച്ചനെ കൂടാതെ ഇന്നു ഞാൻ പേര് ഓർത്തിരിക്കാത്ത രണ്ടു വൈദീകർ കൂടി അവിടെ താമസിച്ചിരുന്നു. പാട്രിക് അച്ചനായിരുന്നു യുവജന സമ്മേളനത്തിനുള്ള രൂപതാ ഗ്രൂപ്പിന്റെയും സെമിനാരിയുടെയും ഉത്തരവാദിത്തം.
ആ സെമിനാരിക്കാരുടെ കൂട്ടത്തിൽ എന്റെ ശ്രദ്ധ പെട്ടന്ന് പിടിച്ചു പറ്റിയ ഒരു ഫ്രഞ്ച്കാരൻ ഉണ്ടായിരുന്നു. റോബർട്ട്. അൽപ്സ് മലനിരകളിലെ ഏതോ ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന അവന് അന്ന് ഇരുപതു വയസ്സാണ് പ്രായം. എന്നേക്കാൾ ആറു വയസ്സിന് ഇളപ്പം. അവന്റേത് ഒരു കത്തോലിക്കാ കുടുംബമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി അവൻ പാട്രിക് അച്ചന്റെ ഒപ്പം സെമിനാരിയിലാണ്. സെപ്റ്റംബർ മാസം മുതൽ ഫിലോസഫി പഠനം മറ്റെവിടെയോ ആരംഭിക്കുമെന്നും അവൻ പറഞ്ഞു.
“ഞാൻ എന്റെ ജീവിതത്തിൽ ആദ്യം കാണുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ് ബാബു…”
അത്താഴം കഴിഞ്ഞു പാത്രം കഴുകുന്നതിനിടയിൽ റോബർട്ട് പറഞ്ഞു. ബാക്കി സെമിനാരിക്കാർ അവരവരുടെ മുറികളിലേക്ക് പോയിരുന്നു. അന്നത്തെ പാത്രം കഴുക്കും അടുക്കള അടുക്കി പെറുക്കലും റോബർട്ടിന്റെ ജോലി ആയിരുന്നു. ബാക്കിയുള്ള സെമിനാരിക്കാർക്ക് നൽപ്പതിലേറെ വയസ്സ് പ്രായമുണ്ട്. ജീവിതത്തിലെ ആവുന്നത്ര വഴികളിലൂടെയൊക്കെ സഞ്ചരിച്ച ശേഷം വൈദീകാരാകാൻ തീരുമാനിച്ചവരാണ് അവർ.
ഇരുപതു കാരനായ റോബെർട്ടും ഞാനും പെട്ടന്ന് സുഹൃത്തുക്കളായി. അവന്റെ അപ്പൻ അവന്റെ വീടിനടുത്തു തന്നെ ട്രഷറിയിലാണ് ജോലി ചെയ്തിരുന്നത്. അമ്മ ജോലി ചെയ്യുന്നില്ല. തീവ്ര കത്തോലിക്കാ വിശ്വാസികളായ അവർക്ക് എട്ട് മക്കളാണ്. റോബർട്ട് ഏറ്റവും ഇളയ ആളാണ്.
ലോക യുവജന ദിനങ്ങളിൽ പങ്കെടുക്കാനായി ഒൻപതാം തീയതി രണ്ടു ബസുകളിലായാണ് നീസിൽ നിന്നുള്ള ചെറുപ്പക്കാർ പോകുന്നതെന്ന് റോബർട്ടാണ് എനിക്ക് പറഞ്ഞു തന്നത്. യാത്രക്ക് മുൻപുള്ള രണ്ടു ദിവസവും നീസ് സിറ്റിയും പരിസരവും അവൻ എന്നെ പരിചയപ്പെടുത്തി.
“ഞാൻ ഒരു ഗേ ആണ് ….”
ഒൻപതാം തീയതി രാത്രി ബിഷപ് ഹൗസിന്റെ മുറ്റത്ത് ബാഗുകളും പിടിച്ചു ബസ് കാത്തു നിൽക്കുമ്പോൾ റോബർട്ട് എന്നോട് പറഞ്ഞു.
“നീ ഉദ്ദേശിച്ചത്….”
ചോദ്യം മുഴുവപ്പിക്കാനാവാതെ ഞാൻ അവനെത്തന്നെ നോക്കി.
“നിനക്ക് മനസ്സിലായത് തന്നെ. ഇരുപത് വയസ്സായിട്ടും എനിക്കിതുവരെ പെൺകുട്ടികളോട് ഒരു താല്പര്യവും തോന്നിയിട്ടില്ല. ആൺകുട്ടികളോടാണ് എനിക്ക് ആകർഷണം…”
വളരെ കൂളായി അവനത് പറയുമ്പോൾ ഞാൻ രണ്ടടി പിന്നോട്ട് മാറി…
“അതെന്നാ നിനക്ക് പേടി ആയോ? ബാബു, തനിക്ക് സ്ത്രീകളോടാണ് താൽപ്പര്യം എന്ന് കരുതി കാണുന്ന പെണ്ണുങ്ങളുടെയൊക്കെ കൂടെ താൻ കിടക്കുമോ. അങ്ങനെത്തന്നെയാ ഞാനും. ആണുങ്ങളെയാ എനിക്ക് താൽപ്പര്യം. എന്ന് കരുതി എല്ലാവരുടെയും കൂടെ കിടക്കത്തില്ല….”
റോബർട്ട് അത് പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചു. കുറച്ചകലെ ബസ് വരുന്നതും കാത്തു കൂട്ടമായി നിന്നിരുന്ന മറ്റു യുവാക്കൾ അവന്റെ ചിരി കേട്ട് തിരിഞ്ഞു നോക്കി.
“അപ്പോൾ നിന്റെ പേരെന്റ്സ്ന് ഇക്കാര്യം അറിയാമോ…?”
ആദ്യമുണ്ടായ ഷോക്കിൽനിന്ന് സ്വയം വീണ്ടെടുത്ത് ഞാൻ ചോദിച്ചു.
“എന്റെ അമ്മക്കറിയാം. അപ്പൻ വലിയ തീവ്രവാദിയാ. ഇതൊക്കെ വലിയ പാപമായി കാണുന്ന അപ്പൻ ഇന്നുവരെ എന്നോട് ഒന്നു സ്നേഹത്തോടെ മിണ്ടിയിട്ടു പോലുമില്ല. ഞാൻ ഇക്കാര്യം പറഞ്ഞാൽ അയാൾ എന്നെ വീട്ടിൽനിന്നും പുറത്താക്കുകവരെ ചെയ്യും….”
അവനതു പറയുമ്പോളും അവന്റെ ചിരി മാഞ്ഞില്ല.
“നിന്റെ അമ്മ…?”
എന്താണ് ചോദിക്കേണ്ടത് എന്നറിയാതെയുള്ള ചോദ്യമായിരുന്നു എന്റേത്.
“ സെമിനാരിയിൽ ചേരാനുള്ള എന്റെ തീരുമാനം അമ്മയുമായി ചേർന്നെടുത്തതാണ്. വൈദീകനായാൽ എന്റെ സ്വവർഗാനുരാഗം എനിക്ക് നിലനിർത്തി പോകാം എന്നത് അമ്മയുടെ അഭിപ്രായം കൂടി ആയിരുന്നു…. സ്ത്രീകളുമായുള്ള ബന്ധം പാടില്ല എന്നാണല്ലോ സഭയുടെ നിയമം. അപ്പോൾ എനിക്ക് അത്തരത്തിൽ ഒരു ബ്രഹ്മചാര്യമൊക്കെ സാധിക്കും…”
പറഞ്ഞു നിർത്തുമ്പോൾ റോബർട്ട് ഉച്ചത്തിൽ ചിരിച്ചു. ആ ചിരി ആരും ശ്രദ്ധിക്കാതിരിക്കാൻ എന്നവണ്ണം ഇറ്റലിയിലേക്ക് ഞങ്ങൾ നൂറോളം ചെറുപ്പക്കാരെ കൊണ്ടുപോകാനുള്ള രണ്ടു ബസുകൾ ബിഷപ് ഹൗസിന്റെ മുറ്റത്ത് വന്നു നിന്നു. പത്തു ദിവസം നീണ്ടു നിന്ന അ ഇറ്റാലിയൻ യാത്രക്കും വത്തിക്കാനിലെ ജീവിതത്തിനും പല വർണ്ണങ്ങളിലുള്ള കഥകൾ എന്നോട് പറയുന്നുണ്ടായിരുന്നു. പലരും പറയാതിരുന്ന, മറച്ചുവച്ച കഥകൾ ഇരുട്ടിലും വെളിച്ചത്തിലും എന്റെ മുന്നിൽ അരങ്ങേറി. അറിവിന്റെ പുതിയ വഴികൾ എന്റെ മുന്നിൽ തുറന്നുവച്ച പത്തു ദിവസങ്ങൾ. ആ ദിവസങ്ങൾ ഇരുപത്തിയാറ് വർഷക്കാലം ഞാനറിഞ്ഞ, ഞാൻ പരിശീലിച്ച ഈശ്വര സങ്കൽപ്പങ്ങളെ തച്ചുടച്ചു. പല അരമനകളുടെയും ഇടനാഴികളിലെ അരണ്ട വെളിച്ചത്തിൽ അരുതാത്തത് പലതും ഞാൻ കണ്ടു. അവിടെ ദൈവമനുഷ്യരും ആൾദൈവങ്ങളും അൽപ്പമനുഷ്യരുമൊക്കെ ഉണ്ടായിരുന്നു. ആ യാത്രയിലുടനീളം നിറഞ്ഞു നിന്ന മങ്ങിയ വെളിച്ചം, പല അനുഭവങ്ങൾക്കും അതിരുവിട്ട അഴക് നൽകി. പാപങ്ങൾപ്പോലും പുണ്യങ്ങളായി മാറിയ പത്തു ദിവസങ്ങൾ. പുണ്യഭൂമിയിലെ ആ തീർഥാടനം വിശുദ്ധ പാപങ്ങളുടെ ഒരു പറദീസ എന്റെ മുന്നിൽ തുറന്നു. വിലക്കപ്പെട്ട കനികൾ നിറയെ കായ്ച്ച മരങ്ങൾ കാറ്റിലാടതെ നിന്നു. പാപപുണ്യങ്ങളെ പകർന്നുതന്ന ഭൂതകാലത്തിന്റെ ഭാരം ഞാൻ അപ്പോളും ചുമന്നിരുന്നു.