ADVERTISEMENT

ബെർലിൻ ∙  ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ആഗോള സാമ്പത്തിക വളർച്ചയെ കാര്യമായി മന്ദഗതിയിലാക്കുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകി. ഉയർന്ന പണപ്പെരുപ്പവും താരിഫുകളും കാരണം ആഗോള സാമ്പത്തിക വളർച്ച ഗണ്യമായി കുറയുമെന്നും 2025ൽ ജർമൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച പൂജ്യമായിരിക്കുമെന്നും ഐഎംഎഫ് സൂചിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷമായി വളർച്ച നേടാൻ കഴിയാതെ പോയ ജി 7 രാജ്യങ്ങളിൽ ജർമനി ഉൾപ്പെടുന്നു. 2025-ൽ വളർച്ചയില്ലാത്ത മൂന്നാം വർഷത്തിലേക്ക് രാജ്യം നീങ്ങുകയാണ്

ജർമൻ സമ്പദ്‌വ്യവസ്ഥ 2023ൽ 0.3 ശതമാനവും 2024ൽ 0.2 ശതമാനവും ചുരുങ്ങി. ജർമനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ്. ട്രംപിന്റെ താരിഫുകൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജർമൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതികൂലമായി ബാധിച്ചു. എല്ലാ ഇറക്കുമതികൾക്കും 10% തീരുവയും കാറുകൾ, അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 25% ലെവിയും ഉൾക്കൊള്ളുന്ന യുഎസ് താരിഫുകൾ ജർമനിയുടെ പ്രധാന കയറ്റുമതി മേഖലകളായ ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളെ കഠിനമായി ബാധിക്കും.

യുഎസ് താരിഫുകൾ ജർമനിയുടെ കാർ കയറ്റുമതിയെയും ഇറക്കുമതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ഓട്ടോമൊബൈൽ, മെഷിനറി തുടങ്ങിയ പ്രധാന വ്യവസായങ്ങളിൽ വർധിച്ചുവരുന്ന ചൈനീസ് മത്സരവും ജർമനി നേരിടുന്നുണ്ട്. അതേസമയം ചെറിയ മാന്ദ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബുണ്ടസ്ബാങ്ക് മുന്നറിയിപ്പ് നൽകി. 2023 ലും 2024 ലും ഉണ്ടായ മാന്ദ്യത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസം ലഭിക്കില്ലെന്ന് ജർമനിയുടെ സാമ്പത്തിക കാര്യ, കാലാവസ്ഥാ സംരക്ഷണ മന്ത്രി റോബർട്ട് ഹാബെക്ക് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി താഴേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇത് 2025ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം 2.8 ശതമാനമായി കുറയാൻ കാരണമായി. ജർമനി 2025 ൽ 0.0% ഉം 2026 ൽ 0.9% ഉം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ചു. അതേസമയം, യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം യഥാക്രമം 0.3 ശതമാനവും 0.2 ശതമാനവും കുറഞ്ഞു.

English Summary:

The International Monetary Fund (IMF) has warned that Donald Trump's tariffs are significantly slowing global economic growth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com