പ്രതിമാസ ശമ്പളം 2 ലക്ഷം, ജർമനിയിൽ മലയാളികൾക്ക് സുവർണ്ണാവസരം; ഇപ്പോൾ അപേക്ഷിക്കാം

Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ നേടാൻ അവസരം. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ വിവിധ ഹോസ്പിറ്റലുകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി മേയ് 2ന് മുൻപ് അപേക്ഷിക്കാം.
ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷിക്കാൻ ജർമൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 (ഫുൾ മോഡ്യൂൾ) യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി/ജനറൽ നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് പാസായവർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. 2025 മേയ് 31ന് ഉയർന്ന പ്രായപരിധി 38 വയസ്സ് കവിയരുത്.
ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായുള്ള അഭിമുഖം 2025 മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും റജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ 2900 യൂറോയുമാണ് ലഭിക്കുക. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലേക്ക് മുൻപ് അപേക്ഷിച്ചവർ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യമായിരിക്കും. കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ഈ നഴ്സിങ് റിക്രൂട്ട്‌മെന്റ് പദ്ധതി നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി 0471 2770577, 536, 540, 544 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91-8802 012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.