യുകെയിൽ മലയാളി വിദ്യാർഥിനി ബസ് കാത്തുനിൽക്കുന്നതിനിടെ കാറിടിച്ചു മരിച്ച സംഭവം; നഴ്സായ പ്രതിക്ക് 9 വർഷം തടവുശിക്ഷ

Mail This Article
ലണ്ടൻ ∙ യുകെയിൽ മലയാളി വിദ്യാർഥിനി കാറിടിച്ചു മരിച്ച സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 2023 ഫെബ്രുവരി 22 ന് ലീഡ്സിൽ ബസ് കാത്തു നിൽക്കവെ മലയാളി വിദ്യാർഥിനി ആയ ആതിര അനിൽകുമാർ (25) ആണ് കാറടിച്ച് മരിച്ചത്.
അന്ന് അമിത വേഗത്തിൽ കാറോടിച്ചിരുന്ന ഒരു നഴ്സിനെയാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയെതും ശിക്ഷ നൽകിയതും. ലീഡ്സ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ പ്രതിയായ റോമീസ അഹമ്മദിന് (27) ഒൻപത് വർഷത്തെ ജയിൽ ശിക്ഷയാണ് ലഭിച്ചത്. അമിത വേഗത്തിൽ വാഹനമോടിച്ചതതാണ് ആതിരയുടെ മരണത്തിന് കാരണമായെന്നും അപകടകരമായ ഡ്രൈവിങിലൂടെ ഇരയെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്നും റോമീസ കോടതിയിൽ കുറ്റ സമ്മതം നടത്തി.
അപകടം നടന്ന ശേഷവും പ്രതിക്ക് വേഗത്തിൽ വാഹനം ഓടിച്ചതിന് രണ്ട് തവണ വിലക്ക് ഏർപ്പെടുത്തപ്പെട്ടിരുന്നതും കോടതി പരിഗണിച്ചു. ഇത് കൂടാതെ അപകടം ഉണ്ടായ സമയത്ത് പ്രതി സമൂഹ മാധ്യമമായ സ്നാപ് ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. 40 മൈൽ വേഗ പരുധി ഉള്ള റോഡിൽ കാർ ഓടിച്ചിരുന്നത് 60 മൈൽ സ്പീഡിൽ ആയിരുന്നു.

അപകടത്തിൽ 42 വയസ്സുകാരനായ മറ്റൊരാൾക്കും പരുക്കേറ്റിരുന്നു. ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകളായ ആതിര അനിൽകുമാർ. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ ആണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത് . മസ്കത്തിൽ ജോലി ചെയ്തിരുന്ന രാഹുൽ ശേഖർ ആണ് ആതിരയുടെ ഭർത്താവ്. സംഭവം നടക്കുന്നതിന് ഒന്നരമാസം മുൻപ് മാത്രമാണ് ആതിര പഠനത്തിനായി ലീഡ്‌സിൽ എത്തിയത്.