ഒരേ സമയം രണ്ട് തടവുകാരുമായി ബന്ധം; ലഹരി കടത്താൻ ഗൂഢാലോചന, പ്രതിയായി ജയിൽ ഉദ്യോഗസ്ഥ

Mail This Article
ലണ്ടൻ∙ ഒരേ സമയം രണ്ട് തടവുകാരുമായി ബന്ധം പുലർത്തുകയും പ്രതികളിൽ ഒരാൾക്ക് വേണ്ടി ഹൈ സെക്യൂരിറ്റി ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വനിതാ ജയിൽ ഉദ്യോഗസ്ഥ കോടതിയിൽ ഹാജരായി. ജയിൽ ഉദ്യോഗസ്ഥയായ 23 വയസ്സുകാരി ഇസബെൽ ഡേലിന് ഷാഹിദ് ഷെരീഫ് (33), കോണർ മണി (28) എന്നിവരുമായി ജയിലിനുള്ളിൽ വെച്ച് ബന്ധമുണ്ടായിരുന്നു. ഇരുവരുമായും ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
ഷാഹിദ് ഷെരീഫിന് വേണ്ടിയാണ് ഇസബെൽ ഡേൽ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ഗൂഢാലോചന നടത്തിയത്. ലഹരിവസ്തുക്കൾ ഷെരീഫിന് വേണ്ടി ജയിലിലെത്തിക്കാൻ ഡേലിനെ സഹായിച്ചതിന് ലിലിയ സാലിസ് എന്ന സ്ത്രീയെയും പ്രതി ചേർത്തിട്ടുണ്ട്. ഷെരീഫിനെതിരെ ജയിലിലേക്ക് ലഹരി കടത്താൻ ഗൂഢാലോചന നടത്തിയതിനും മൊബൈൽ ഫോൺ കൈവശം വെച്ചതിനും കേസുണ്ട്. എന്നാൽ ഡേലുമായി ലൈംഗിക ബന്ധം പുലർത്തിയതിന് ഷെരീഫിനെതിരെ കേസെടുത്തിട്ടില്ല.
മറ്റൊരു തടവുകാരനായ കോണർ മണി പൊലീസ് പിന്തുടരുന്നതിനിടെ മണിക്കൂറിൽ 147 മൈൽ വേഗത്തിൽ കാറോടിച്ച് ഒരാൾ മരിച്ച അപകടത്തിൽ 9 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. ഡേലിന്റെ രണ്ടാമത്തെ കാമുകനായ മണി, അപകടകരമായ ഡ്രൈവിങ് മൂലം മരണത്തിന് കാരണമായ കുറ്റം സമ്മതിച്ചതിനെ തുടർന്ന് 2020ൽ വൂൾവിച്ച് ക്രൗൺ കോടതിയിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ജയിലിൽ എത്തിയത്. കെന്റിലെ എം 2 മോട്ടർവേയിൽ ഉച്ചകഴിഞ്ഞ് പൊലീസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം അതിവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. പിന്നീട് ഒരു ലോറിയുടെ പിന്നിൽ ഇടിച്ചു. യാത്രാക്കാരനായിരുന്ന കെന്റിലെ ഡാർട്ട്ഫോർഡിൽ നിന്നുള്ള സുഹൃത്ത് ജോർദാൻ അമോസ് (23) സംഭവസ്ഥലത്ത് വെച്ച് മരിച്ചു. മണി വനത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പിടിയിലായി. കോടതിയിൽ മണി കരഞ്ഞ് കൊണ്ടാണ് കുറ്റം സമ്മതിച്ചത്. 25 വർഷത്തെ പൊലീസ് ജീവിതത്തിൽ കണ്ട ഏറ്റവും മോശം ഡ്രൈവിങ് ആയിരുന്നു അതെന്ന് കേസ് അന്വേഷിച്ച പൊലീസ് സർജന്റ് ക്രിസ് വേഡ് പറഞ്ഞു.
പോർട്സ്മൗത്തിൽ നിന്നുള്ള ഡേലും ബ്രൈട്ടണിൽ നിന്നുള്ള സാലിസും ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. മാഞ്ചസ്റ്റർ ജയിലിൽ നിന്ന് ഷെരീഫ് വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. മൂവരും കുറ്റം സമ്മതിച്ചിട്ടില്ല. അടുത്ത മാസം ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും.