ADVERTISEMENT

മാഡ്രിഡ്∙ സ്‌പെയിനിലും പോർച്ചുഗലിലും രാജ്യവ്യാപകമായി അനുഭവപ്പെടുന്ന വൈദ്യുതി തടസ്സം തുടരുന്നു. ഇതോടെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. സൂപ്പർമാർക്കറ്റുകളിൽ ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ എത്തുന്നുണ്ട്. സ്ഥിതി ഗുരുതരമായേക്കാമെന്ന ഭയത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ആവശ്യമുള്ള പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ ബാധകമാക്കുമെന്ന് സ്പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇരുട്ടിൽ സുരക്ഷ ഉറപ്പാക്കാൻ 30,000 പൊലീസുകാരെ രാജ്യത്തുടനീളം നിയോഗിച്ചു.

അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പ്രദേശവാസികളും വിനോദസഞ്ചാരികളും അത്യാവശ്യ സാധനങ്ങൾ വാങ്ങാനും പണം പിൻവലിക്കാനും തിരക്കുകൂട്ടിയത് കടകൾക്കും ബാങ്കുകൾക്കും പുറത്ത് വലിയ ക്യൂ രൂപപ്പെടുന്നതിന് കാരണമായി. വാഹനങ്ങളിലും കാൻസുകളിലും ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. വീടുകളിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്ന പ്രവാസികളും ഉണ്ട്.

വൈദ്യുതി തടസ്സം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. പോർച്ചുഗലിന്റെ ദേശീയ വിമാനക്കമ്പനിയായ ടാപ് എയർ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്ര ചെയ്യരുതെന്ന് പോർച്ചുഗലിലെ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി. ലിസ്ബൺ, മാഡ്രിഡ്, ബാഴ്സലോണ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം വൈദ്യുതി തടസ്സം മൂലം തടസ്സപ്പെട്ടിട്ടുണ്ടെന്ന് ഈസി ജെറ്റ് എയർലൈൻസ് സ്ഥിരീകരിച്ചു. ലിസ്ബണിൽ നിന്നും മാഡ്രിഡിൽ നിന്നുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. പോർട്ടോ, ഫാറോ വിമാനത്താവളങ്ങളിൽ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. യാത്രക്കാർ പ്രാദേശിക യാത്രാ വിവരങ്ങളും ഫ്ലൈറ്റ് ട്രാക്കറുകളും ശ്രദ്ധിക്കണമെന്ന് ഈസി ജെറ്റ് നിർദ്ദേശിച്ചു.സ്പെയിനിലും പോർച്ചുഗലിലും ട്രെയിൻ, മെട്രോ സർവീസുകൾ നിർത്തിവച്ചു. തുരങ്കങ്ങളിലും റെയിൽവേ ട്രാക്കുകളിലും ആളുകൾ കുടുങ്ങി. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

മാഡ്രിഡ്, അൻഡലൂസിയ, എക്സ്ട്രീമദുറ എന്നീ പ്രദേശങ്ങൾ പൊതു ക്രമസമാധാനവും മറ്റ് കാര്യങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വൈദ്യുതി തകരാറിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്ന് സ്പെയിനിലെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ 60 ശതമാനത്തോളം ഭാഗങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ രാജ്യം പൂർണ്ണമായും വൈദ്യുതിയിലേക്ക് മടങ്ങിയെത്തുമെന്ന് പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ പ്രതീക്ഷ പ്രകടിപ്പിച്ചു. പോർച്ചുഗൽ സ്വന്തം വിഭവങ്ങളെ മാത്രം ആശ്രയിക്കുമ്പോൾ, സ്പെയിൻ ഫ്രാൻസിന്റെയും മൊറോക്കോയുടെയും സഹായം തേടുന്നുണ്ട്. അതിനാൽ സ്പെയിനിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്തേക്കാം.

‘‘ഈ വൈദ്യുതി തകരാറിന്റെ കാരണത്തെക്കുറിച്ച് ഞങ്ങൾക്ക് ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതിനാൽ മുൻ പ്രതിസന്ധികളിൽ ചെയ്തതുപോലെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്ന് ഞാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. തൽക്കാലം സുരക്ഷാ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദേശീയ സുരക്ഷാ സമിതി ഇന്ന് രാത്രി വീണ്ടും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. പൗരന്മാർ യാത്ര ഒഴിവാക്കണമെന്നും മൊബൈൽ ഫോണുകൾ മിതമായി ഉപയോഗിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ടെലികോം സേവനങ്ങൾ നിർണായക അവസ്ഥയിലാണ്" –ദേശീയതലത്തിൽ നടത്തിയ പ്രസംഗത്തിൽ സ്പെയിൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു

സ്പെയിനിലെ ആണവ നിലയങ്ങൾ സ്വയം പ്രവർത്തനം നിർത്തിയെങ്കിലും, അവ സുരക്ഷിതമായ അവസ്ഥയിൽ നിലനിർത്താൻ ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. രാജ്യത്തെ ഏഴ് ആണവ റിയാക്ടറുകളും സുരക്ഷിതമാണെന്ന് ന്യൂക്ലിയർ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു. വൈദ്യുതി തകരാർ സംഭവിച്ചപ്പോൾ നാല് റിയാക്ടറുകൾ സ്വയം പ്രവർത്തനം നിർത്തി, എന്നാൽ ഉടൻ തന്നെ എമർജൻസി ജനറേറ്ററുകൾ പ്രവർത്തിച്ചു. മറ്റ് മൂന്ന് റിയാക്ടറുകൾ അപ്പോൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല, എന്നാൽ അവയെ സുരക്ഷിതമായ അവസ്ഥയിൽ നിലനിർത്താൻ എമർജൻസി ജനറേറ്ററുകൾ ഓൺ ചെയ്തു.

പോർച്ചുഗലിന്റെ വൈദ്യുതി ഗ്രിഡ് ഓപ്പറേറ്റർ, വൈദ്യുതി വിതരണം എപ്പോൾ പൂർണ്ണമായും പുനഃസ്ഥാപിക്കാനാകുമെന്ന് പറയാൻ 'സാധ്യമല്ല' എന്ന് മുന്നറിയിപ്പ് നൽകി. പ്രശ്നങ്ങൾ പരിഹരിക്കാൻ 'എല്ലാ വിഭവങ്ങളും' വിന്യസിച്ചിട്ടുണ്ടെങ്കിലും, ഇത് പരിഹരിക്കാൻ ഒരാഴ്ച വരെ എടുത്തേക്കാം എന്നും അവർ കൂട്ടിച്ചേർത്തു.

English Summary:

Nationwide Power Blackout Hits Spain and Portugal, State of Emergency Declared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com