അയർലൻഡിലെ മലയാളി പ്രതിഭകളെ ആദരിച്ച് ക്രാന്തി അയർലൻഡ്

Mail This Article
ഡബ്ലിൻ∙ അയർലൻഡിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളി പ്രതിഭകളായ റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നിവരെ ക്രാന്തി അയർലൻഡ് ആദരിച്ചു. കിൽക്കെനിയിലെ ഒ'ലൗഗ്ലിൻ ഗെയ്ൽ ജിഎഎ ക്ലബ്ബിൽ സംഘടിപ്പിച്ച ക്രാന്തിയുടെ മേയ്ദിന പരിപാടിയുടെ ഭാഗമായിട്ടാണ് ഇവർക്ക് ആദരവ് നൽകിയത്. എക്സൈസ് മന്ത്രി എം.ബി രാജേഷ് പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി.
ബോഡി ബിൽഡിങ്ങിലാണ് റോഷൻ വാവള്ളിൽ കുര്യാക്കോസ് തന്റെ മികവ് തെളിയിച്ചത്. 2024 നവംബർ 23ന് ബോസ്റ്റണിൽ നടന്ന വേൾഡ് നാച്ചുറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ (WNBF) നാച്ചുറൽ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മാസ്റ്റേഴ്സ് ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയാണ് റോഷൻ അയർലൻഡ് മലയാളികൾക്ക് അഭിമാനമായത്.

ചെസ് രംഗത്ത് തിളങ്ങിയ സഹോദരങ്ങളാണ് എയ്ഞ്ചൽ ബോബിയും എയ്ഡൻ ബോബിയും. ഐറിഷ് ചെസ് യൂണിയൻ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ് ചാംപ്യൻഷിപ്പ് 2025ൽ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അണ്ടർ 12 ഗേൾസ് വിഭാഗത്തിൽ ഏഞ്ചൽ ബോബി ചാംപ്യൻ പട്ടം ചൂടിയപ്പോൾ, അണ്ടർ 10 വിഭാഗത്തിൽ ഏയ്‌ഡൻ ബോബി രണ്ടാം സ്ഥാനം കരസ്ഥമാക്കി. എയ്ഞ്ചൽ ആറാം ക്ലാസിലും ഏയ്ഡൻ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഈ ടൂർണമെന്റിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു ഈ മിടുക്കരായ സഹോദരങ്ങൾ. വെക്സ്ഫോർഡിൽ നിന്നുള്ള ബോബി തോമസിന്റെയും സിബി ബേബിയുടെയും മക്കളായ എയ്ഞ്ചലിനും എയ്ഡനും അയർലൻഡിലെ യങ്ങ് മാസ്റ്റേഴ്സ് ആകുക എന്നുള്ളതാണ് ലക്ഷ്യം.

അയർലൻഡ് അണ്ടർ-19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരമാണ് ഫെബിൻ മനോജ്. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ 4 വിക്കറ്റുകൾ സ്വന്തമാക്കി ടീമിൽ ശ്രദ്ധേയനായി. കില്‍ഡെയർ കൗണ്ടിയിലെ അത്തായിലുള്ള മനോജ് ജോണിന്റെയും ബീന വർഗീസിന്റെയും മകനാണ് ഫെബിൻ. നേഹ മനോജ് സഹോദരിയാണ്.
(വാർത്ത: ഷാജു ജോസ്)