സണ്ണി ലിയോണിക്കും ഹണി റോസിനുമൊപ്പം ആർജെ മിഥുൻ; 'എച്ച്ഡി ക്വാളിറ്റി ഉണ്ടേൽ അയയ്ക്കണേ': യുകെ ഇളക്കി മറിച്ച് താരങ്ങൾ

Mail This Article
ലെസ്റ്റർ/ലണ്ടൻ ∙ യുകെയിലെ സ്റ്റേജ് ഷോയിൽ സണ്ണി ലിയോണിക്കൊപ്പം തിളങ്ങി മലയാളികളുടെ സ്വന്തം ഹണി റോസ്. മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹം കൂടുതലായി തിങ്ങിപ്പാർക്കുന്ന യുകെയിലെ ലെസ്റ്ററിലാണ് ഹണി റോസ്, സണ്ണി ലിയോണി, ആർജെ മിഥുൻ രമേശ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സ്റ്റേജ് ഷോ നടന്നത്. ലെസ്റ്ററിലെ മെഹർ സെന്ററിൽ വച്ച് നടന്ന റേഡിയോ ലെമൺ സ്റ്റാർ നൈറ്റ് 2025 സ്റ്റേജ് ഷോയിൽ ശിങ്കാരിമേളം, ബോളിവുഡ് ഡാൻസ്, ഗാനമേള, സാമ്പാ ഡാൻസ്, ഫയർ ഡാൻസ്, മെന്റലിസം ഷോ, മിമിക്രി, പഞ്ചാബി ദോൾ, റേഡിയോ ലെമൺ ബിസിനസ് അവാർഡ് വിതരണം, ഡിജെ നൈറ്റ് എന്നിവ നടന്നു.
ആർജെ മിഥുൻ രമേശ് അവതാരകനായി എത്തിയ സ്റ്റേജ് ഷോയിൽ സണ്ണി ലിയോണിയും ഹണി റോസും തോളോട് തോൾ ചേർന്ന് എത്തിയതോടെ കാണികളും ആരാധകരും നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്. സ്റ്റേജ് ഷോയ്ക്ക് ശേഷം മിഥുൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോ ഇതിനോടകം വൈറലുമായിട്ടുണ്ട്. സണ്ണി ലിയോണിയ്ക്കും ഹണി റോസിനുമൊപ്പമുള്ള വിഡിയോയാണ് മിഥുൻ പങ്കുവച്ചത്.

ഇരുവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. കാണികളിൽ ആരോ സദസ്സിൽ നിന്ന് പകർത്തിയ ക്വാളിറ്റി കുറഞ്ഞ വിഡിയോ ആയിരുന്നു ഇത്. വിഡിയോയുടെ 'എച്ച്ഡി ക്വാളിറ്റി ആരുടെയെങ്കിലും കയ്യിൽ ഉണ്ടേൽ അയയ്ക്കണേ' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ് പങ്കിട്ടത്.

മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരങ്ങളായ ഹണി റോസിന്റെയും സണ്ണി ലിയോണിന്റെയും യുകെയിലെ സ്റ്റേജ് ഷോയിലെ ചിത്രങ്ങൾ ഇതിനോടകം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം ഇരുവർക്കുമൊപ്പമുള്ള മിഥുന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളും ലൈക്കുകളും വാരിക്കൂട്ടി മുന്നേറുകയാണ്.

യുകെയിലെ സ്റ്റേജ് ഷോ കഴിഞ്ഞുവെങ്കിലും ഹണി റോസ് ഉൾപ്പെടെയുള്ളവർ ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞേ മടങ്ങൂ എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ നൽകുന്ന സൂചന. മാതാപിതാക്കൾക്ക് ഒപ്പമാണ് ഹണി റോസ് യുകെയിൽ എത്തിയത്. സ്റ്റേജ് ഷോയ്ക്ക് എത്തിയ മിക്ക മലയാളി കുടുംബങ്ങൾക്കൊപ്പവും ഫോട്ടോയ്ക്കും സെൽഫിക്കും പോസ് ചെയ്യുന്ന ഹണി റോസിന് നിരവധി പേരാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അഭിനന്ദിക്കുന്നത്.
ദി സ്റ്റുഡിയോ മൂൺ എന്റർടൈൻമെന്റ്സിന്റെ സരിൻ, റേഡിയോ ലെമൺ ലൈവ് യുകെ ഡയറക്ടർ രാജ് എന്നിവർ ആയിരുന്നു സ്റ്റേജ് ഷോയുടെ മുഖ്യ സംഘാടകർ. സ്മൃതി രാജീവ് ആയിരുന്നു സ്റ്റേജ് ഷോയുടെ ഡയറക്ടർ. പ്രത്യേക പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരുന്ന ഷോയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ കാണികളായി എത്തിയിരുന്നു. കാണികൾക്ക് ആവേശം പകരുന്ന സദസ്സും വേദിയുമാണ് ജാസ് ലൈവ് ഡിജിറ്റലിന്റെ നേതൃത്വത്തിൽ സ്റ്റേജ് ഷോയ്ക്കായി ഒരുക്കിയിരുന്നത്. ഷോയോട് അനുബന്ധിച്ച് ഭക്ഷണം ഒരുക്കിയത് ലെസ്റ്ററ്ററിലെ കരിമീൻ യുകെയാണ്.