ജര്‍മനിയിലെ ചാന്‍സലര്‍ തിരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ മേർട്സിന് അപ്രതീക്ഷിത തിരിച്ചടി

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയുടെ പത്താമത്തെ ചാന്‍സലറാകാന്‍ പാര്‍ലമെന്റില്‍ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ സിസിഡിയുസിഎസ്യു, എസ്പിഡി സഖ്യ നേതാവായ ഫ്രീഡ്‍റിഷ് മേർട്സിന് അപ്രതീക്ഷിത തിരിച്ചടി. 630 അംഗ പാര്‍ലമെന്റില്‍ 316 അംഗങ്ങളുടെ പിന്തുണ നേടാനാവാതെ മേർട്സ് ആദ്യറൗണ്ടില്‍ പരാജയപ്പെട്ടു.
സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള സഖ്യകരാറിന്റെ അടിസ്ഥാനത്തില്‍ മേർട്സിന് 326 അംഗങ്ങളുടെ പിന്തുണയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിച്ച പാര്‍ലമെന്റ് നടപടിക്രമത്തില്‍ ആദ്യറൗണ്ട് വോട്ടെടുപ്പില്‍ 310 അംഗങ്ങളുടെ പിന്തുണ മാത്രമാണ് മേർട്സിന് ലഭിച്ചത്.
രഹസ്യ വോട്ടെടുപ്പില്‍ 6 അംഗങ്ങളുടെ കുറവില്‍ മേർട്സ് പരാജയപ്പെട്ടു. ഭരണഘടനയുടെ 63ാം വകുപ്പുപ്രകാരം മൂന്നുപ്രാവശ്യം ഭൂരിപക്ഷം തെളിയിക്കാന്‍ മേർട്സിന് അവസരമുണ്ട്. ഇന്നു നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെന്നുള്ള കാര്യം പാര്‍ലമെന്റ് പ്രസിഡന്റ് (സ്പീക്കര്‍) ജൂലിയ ഗ്ളോക്ക്നര്‍ ആണ് ഔദ്യോഗികമായി അറിയിച്ചത്.
ബുധനാഴ്ച മേർട്സിന് രണ്ടാമതും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമുണ്ട്. ഇതിലും ഭൂരിപക്ഷം നേടിയില്ലെങ്കിൽ അടുത്ത 14 ദിവസത്തിനുള്ളില്‍ മേർട്സിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.
ചാന്‍സലർ സ്ഥാനത്തേക്ക് മറ്റൊരു സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ബുണ്ടെസ്റ്റാഗിന് 14 ദിവസത്തെ സമയമുണ്ട്. കേവല ഭൂരിപക്ഷം എല്ലായ്പ്പോഴും ആവശ്യമാണെങ്കിലും, സാധ്യമായ ബാലറ്റുകളുടെ എണ്ണത്തിന് പരിധിയില്ല. ഈ രണ്ടാം റൗണ്ട് വോട്ടെടുപ്പും ഫലം നല്‍കുന്നില്ലെങ്കില്‍, തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു, അതില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ (ആപേക്ഷിക ഭൂരിപക്ഷം) ലഭിക്കുന്ന വ്യക്തിയെ ചാന്‍സലറായി തിരഞ്ഞെടുക്കുന്നു.