ADVERTISEMENT

പുതിയ മാർപാപ്പയെ മനസ്സുകൊണ്ട് അളന്നു കഴിഞ്ഞ ഒരാൾ വത്തിക്കാനിലുണ്ട്. 3 വലുപ്പത്തിലായി 3 ളോഹയാണ് വത്തിക്കാനു സമീപത്ത് ബോറോ പിയോ തെരുവിലെ കടയിൽ റെനേരോ മഞ്ചിനെല്ലി തുന്നുന്നത്. അതിലൊരെണ്ണം പാപ്പയ്ക്കു ചേരുമെന്ന് ഈ 86 വയസ്സുകാരൻ ഉറപ്പിച്ചു പറയുന്നു, 3 പാപ്പമാരുടെ വസ്ത്രം തുന്നിയുള്ള കൈത്തഴമ്പ് തമ്മിലുരച്ച്.

താൻ തുന്നിയ കുപ്പായമാണ് കർദിനാൾമാർ പലരും ധരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മാർപാപ്പയ്ക്കുള്ള ളോഹയുടെ ശരാശരി വലുപ്പം തിട്ടപ്പെടുത്താൻ പ്രയാസമില്ലെന്നും മഞ്ചിനെല്ലി ‘മനോരമ’ യോടു പറഞ്ഞു. ‘നേർത്ത കമ്പിളിത്തുണിയാണ് കുപ്പായത്തിന് ഉപയോഗിക്കുന്നത്. ആർക്കാണെങ്കിലും ശരാശരി 5 മീറ്റർ തുണി വേണം. വെള്ളം ഒഴുകുന്നതുപോലെ തോന്നിക്കുന്ന പട്ടാണ് അരപ്പട്ടയ്ക്ക് ഉപയോഗിക്കുന്നത്.’

1960കളിലാണ് മഞ്ചിനെല്ലി കർദിനാൾമാർക്കും മറ്റുമായി ളോഹയും അരപ്പട്ടയും തൊപ്പിയും തുന്നിത്തുടങ്ങിയത്. ‘അന്ന് ഇത്ര വലിയ കടയൊന്നുമില്ല. അപ്പൻ സാധാരണ തയ്യൽക്കാരനായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാലത്താണ് ളോഹയ്ക്കും മറ്റും ആവശ്യക്കാർ ധാരാളമെത്തിയത്. അപ്പോൾ, സഹായത്തിന് അമ്മ ജൊവാന്നയും കൂടി. ജോൺ പോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ്– 3 പാപ്പമാർക്കും വിവിധ അവസരങ്ങൾക്കായുള്ള വസ്ത്രങ്ങൾ ഇവിടെ തയാറാക്കി, ആദ്യ ദിവസത്തേക്കൊഴികെ’ – മഞ്ചിനെല്ലിയുടെ മകൾ ലോറ പറഞ്ഞു.

പുതിയ പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിലെ ബാൽക്കണിയിലെത്തുമ്പോൾ ധരിക്കാനുള്ള ളോഹ തയാറാക്കാൻ വത്തിക്കാനിൽനിന്ന് ഇനിയും നിർദേശമെത്തിയിട്ടില്ല. കാത്തുനിൽക്കാതെ, മൂന്നെണ്ണം തയാറാക്കി സമ്മാനമായി കോൺക്ലേവിനു മുൻപേ എത്തിക്കാനാണ് മഞ്ചിനെല്ലിയുടെ തീരുമാനം. ‘അതിലൊന്ന് പുതിയ പാപ്പ ഉപയോഗിക്കുമെന്ന് പ്രതീക്ഷയുണ്ട്. ളോഹയുടെ വീതിയും തോൾ വലുപ്പവും ശരിയായാൽ പിന്നെ പ്രശ്നമില്ല; ബാൽക്കണിയിലായതുകൊണ്ട് നീളം ആരും ശ്രദ്ധിക്കില്ല’– അരമനരഹസ്യം പറഞ്ഞെന്ന മട്ടിൽ മഞ്ചിനെല്ലി ചിരിച്ചു.പുതിയ പാപ്പയുടെ വസ്ത്രാലങ്കാര താൽപര്യങ്ങൾ അറിയില്ല. അതുകൊണ്ടുതന്നെ തീർത്തും ലളിതമായ ശൈലിയിലാണ് തയ്യൽ.

‘കട്ടിയും കനവുമുള്ള അലങ്കാരങ്ങളുമുള്ള ളോഹയാണ് ബനഡിക്ട് പാപ്പ ഇഷ്ടപ്പെട്ടത്. തീർത്തും ലളിതമായിരിക്കണം വസ്ത്രമെന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം മീഡിയം വലുപ്പത്തിലുള്ള ളോഹയാണ് ആദ്യം ധരിച്ചിരുന്നത്. പിന്നീട് ശരീരം വണ്ണംവച്ചപ്പോൾ ളോഹയുടെ വലുപ്പവും കൂട്ടേണ്ടിവന്നു’– മഞ്ചിനെല്ലി പറഞ്ഞു.ലോറയ്ക്കു പുറമേ മഞ്ചിനെല്ലിയുടെ മറ്റൊരു മകളായ നാദിയയുടെ മകൻ ലൊറെൻസോ(23)യ്ക്കും വിശേഷ വസ്ത്രങ്ങൾ തയാറാക്കാനറിയാം.

ചെറുമകൻ ‘പേപ്പൽ പാരമ്പര്യം’ തുടരുമെന്നാണ് മഞ്ചിനെല്ലിയുടെ പ്രതീക്ഷ.കോൺക്ലേവിനു മുൻപേ കടയിലെത്തി ളോഹയ്ക്ക് ഓഡർ നൽകിയ കർദിനാൾമാരിൽ പലരോടും മഞ്ചിനെല്ലി തമാശയായി പറഞ്ഞു: ‘കർദിനാളിനുള്ളത് വീണ്ടും തയ്പിച്ച് കാശു കളയേണ്ട. മാർപാപ്പയ്ക്കുള്ളതാണോ വേണ്ടിവരുകയെന്ന് പറയാനാവില്ലല്ലോ.’ അങ്ങനെ പറഞ്ഞിട്ടും ഒരു കർദിനാളിന്റെ പോലും മനസ്സളക്കാൻ തനിക്കു സാധിച്ചില്ലെന്ന രഹസ്യവും വെളിപ്പെടുത്തി മഞ്ചിനെല്ലി വീണ്ടും ചിരിച്ചു.

English Summary:

Tailor history meet the man who dresses popes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com