ക്രാന്തി അയർലൻഡ് മേയ്ദിനാഘോഷം സംഘടിപ്പിച്ചു

Mail This Article
കിൽക്കെനി ∙ ക്രാന്തിയുടെ മേയ്ദിന ആഘോഷ പരിപാടികൾ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും ഇത്തരം അവകാശങ്ങളെല്ലാം നിലനിർത്താൻ സംഘടനാ പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ആഘോഷ പരിപാടികൾ ഏറെ വ്യത്യസ്തമായി. കിൽക്കെനിയിലെ O'Loughlin Gael GAA ക്ലബ്ബിൽ നടന്ന പരിപാടിയിൽ കൈരളി യുകെ മുൻസെക്രട്ടറിയും, AIC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, യുകെയിൽ നിന്നുള്ള ലോക കേരളസഭ അംഗവുമായ കുര്യൻ ജേക്കബ് ആശംസകൾ അർപ്പിച്ചു .
മെയ്ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐറിഷ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ പ്രതിഭകളെ ക്രാന്തി ആദരിച്ചു. വേൾഡ് നാച്ചുറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ സംഘടിപ്പിച്ച നാച്ചുറൽ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മാസ്റ്റേഴ്സ് ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ റോഷൻ വാവള്ളിൽ കുര്യാക്കോസ്, ഐറിഷ് ചെസ് യൂണിയൻ സംഘടിപ്പിച്ച ജൂനിയർ ചെസ് ചാംപ്യൻഷിപ്പ് - 2025 ൽ ചരിത്രപരമായ നേട്ടം കൈവരിച്ച സഹോദരങ്ങളായ ഏഞ്ചൽ ബോബി, ഏയ്ഡൻ ബോബി, അയർലൻഡ് അണ്ടർ- 19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ഫെബിൻ മനോജ് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് മന്ത്രി എം.ബി രാജേഷ് പുരസ്കാരങ്ങൾ നൽകി.

പൊതുജനങ്ങൾക്കൊപ്പം അയർലൻഡിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സ് കരഘോഷങ്ങളോടെയാണ് അലോഷിയെയും സംഘത്തെയും സ്വാഗതം ചെയ്തത്. തുടർന്ന് അലോഷിഗസൽ സന്ധ്യ അവതരിപ്പിച്ചു.

തബലയിൽ മനോജ് ശശികുമാറിന്റെ വിസ്മയ പ്രകടനം കീബോർഡിൽ ജയരാജിന്റെ നിറഞ്ഞാട്ടം, ഡ്രംസിൽ സജിൻ തീർത്ത താളലയം, ഗിത്താറിൽ ശ്യാംകൃഷ്ണയുടെ മനോഹരമായ ഈണങ്ങൾ അങ്ങനെ ഓരോ കലാകാരന്മാരും വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത തീർത്തു. ബിജു ജോർജ്ജിന്റെ നേതൃത്വത്തിൽ ശിങ്കാരിമേളം കലാകാരന്മാർ അണിനിരന്ന ചെണ്ടമേളത്തോടെ പരിപാടികൾ ആരംഭിച്ചു.
ക്രാന്തി അയർലൻഡ് സെക്രട്ടറി അജയ് സി. ഷാജി സ്വാഗതവും ക്രാന്തി അയർലൻഡ് പ്രസിഡന്റ് അനൂപ് ജോൺ കൃതജ്ഞതയും അറിയിച്ചു. വൈസ് പ്രസിഡന്റ് മെൽബ സിജു പരിപാടികളുടെ അവതാരകയായിരുന്നു. മെയ്ദിനാഘോഷവും ഗസൽ സന്ധ്യയും വൻവിജയമാക്കാൻ എല്ലാവിധമായ സഹകരണങ്ങളും നൽകിയ ഐറിഷ് പ്രവാസി മലയാളി സമൂഹത്തിന് ക്രാന്തി ഭാരവാഹികൾ നന്ദി അറിയിച്ചു.
(വാർത്ത: ഷാജു ജോസ്)