വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ സ്ഥാപക ചെയർമാന്റെ നേതൃത്വത്തിൽ അയർലൻഡ് ഡബ്ലിൻ മേയറെ സന്ദർശിച്ചു

Mail This Article
ഡബ്ലിൻ ∙ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികൾ സ്ഥാപക ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ അയർലൻഡിലെ ആദ്യത്തെ ഇന്ത്യൻ മേയർ ബേബി പെരേപ്പാടനെ (സൗത്ത് ഡബ്ലിൻ മേയർ) സന്ദർശിച്ചു.
രണ്ടു മണിക്കൂർ നീണ്ടുനിന്ന സന്ദർശനത്തിൽ അയർലൻഡ് മലയാളികൾ നേരിടുന്ന ചില പ്രധാന വിഷയങ്ങൾ മേയറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നേരിട്ട് ഡബ്ലിനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസിനായി പരിശ്രമിക്കുന്ന മേയറുടെ പ്രവർത്തനങ്ങളെ ഡബ്ല്യുഎംഎഫ് പ്രതിനിധികൾ അഭിനന്ദിച്ചു. അയർലൻഡ് ഗതാഗത വകുപ്പ് മന്ത്രിയുമായി അടുത്തുതന്നെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ നടത്തുമെന്ന് മേയർ അറിയിച്ചു.
ആന്റി മൈഗ്രേഷൻ പ്രകടനങ്ങൾ അയർലൻഡിൽ എങ്ങും ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സംഘടനകളുടെ ആവശ്യകതകളും, മാറ്റങ്ങളോട് കൂടിയുള്ള പ്രവർത്തന രീതികളും മേയറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. അയർലൻഡിലെ തദ്ദേശീയരുമായി ഇഴുകിച്ചേർന്നുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ ഡബ്ല്യുഎംഎഫ് ശ്രമം നടത്തുമെന്ന് ഡബ്ല്യുഎംഎഫ് പ്രതിനിധികൾ മേയറെ അറിയിക്കുകയും, ഈ പ്രവർത്തനങ്ങൾക്കുള്ള എല്ലാവിധ സഹായങ്ങളും മേയർ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റോസെലെറ് ഫിലിപ്പ്, അയർലൻഡ് കോർഡിനേറ്റർ ഷൈജു തോമസ്, സ്മിത അലക്സ്, ജോസ്‌മോൻ ഫ്രാൻസിസ്, ബിപിൻചന്ദ്, എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
(വാർത്ത ∙ അജീഷ് ജോസഫ്)