വനിതാ ഓഫിസറുമായി ബന്ധം; ബ്രിട്ടിഷ് റോയൽ നേവി മേധാവിക്ക് സസ്പെൻഷൻ, രാജി വിലക്കി നിർണായക നീക്കമെന്ന് സൂചന

Mail This Article
ലണ്ടൻ∙ വനിതാ ഓഫിസറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളെ തുടർന്ന് ബ്രിട്ടിഷ് റോയൽ നേവി മേധാവിയെ സസ്‌പെൻഡ് ചെയ്തു. അഡ്മിറൽ സർ ബെൻ കീയെ അന്വേഷണം പൂർത്തിയാകുന്നതുവരെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്താനാണ് ഉത്തരവിൽ പറയുന്നത്.
59 വയസ്സുകാരനായ അഡ്മിറൽ സർ ബെൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. അഡ്മിറൽ സർ ബെൻ ഈ ആഴ്ച ആദ്യം ‘സ്വകാര്യ കാരണങ്ങളാൽ’ താൽക്കാലികമായി സ്ഥാനമൊഴിഞ്ഞതായി നാവികസേന അറിയിച്ചിരുന്നു. എന്നാൽ ബ്രിട്ടിഷ് നാവിക സേനയുടെ 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് റോയൽ നേവി മേധാവിക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. അന്വേഷണം തുടരുന്നതിനാൽ അഡ്മിറൽ സർ ബെൻ രാജി വെക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പരസ്പര സമ്മതത്തോടെയാണ് അഡ്മിറൽ സർ ബെൻ യുവ വനിതാ ഓഫിസറുമായി ബന്ധം പുലർത്തിയതാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഡ്മിറൽ സർ ബെൻ ഈ വേനൽക്കാലത്ത് സ്ഥാനമൊഴിയുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതിനോടകം സ്ഥാനമൊഴിഞ്ഞതായി ചൊവ്വാഴ്ചയാണ് അധികൃതർ സ്ഥിരീകരിച്ചത്.
1984 ൽ റോയൽ നേവിയിൽ ഒരു കേഡറ്റായി ചേർന്ന അഡ്മിറൽ സർ ബെൻ കീ, 2021 മുതൽ ഫസ്റ്റ് സീ ലോർഡ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.അടുത്ത ആഴ്ച അഡ്മിറൽ നടത്താനിരുന്ന ഒരു പ്രധാന നാവിക കോൺഫറൻസ് റദ്ദാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അന്വേഷണങ്ങൾ സാധാരണയായി മുതിർന്ന ഉദ്യോഗസ്ഥരാണ് നടത്താറ്. എന്നാൽ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ, മുൻ ഫസ്റ്റ് സീ ലോർഡ് കൂടിയായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അഡ്മിറൽ സർ ടോണി റാഡാക്കിൻ നിലവിൽ ബ്രിട്ടന്റെ എല്ലാ പ്രതിരോധ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാൽ, ഡപ്യൂട്ടി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ഡേം ഷാരോൺ നെസ്മിത്തിനാണ് ഇപ്പോൾ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. റാങ്കിൽ അഡ്മിറൽ സർ ബെൻ കീക്ക് തുല്യയാണ് ഷാരോൺ നെസ്മിത്ത്.
നാവികസേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിന് അദ്ദേഹത്തിന് കോർട്ട് മാർഷൽ നേരിടേണ്ടി വന്നേക്കാം. അല്ലെങ്കിൽ അച്ചടക്ക നടപടിയിലൂടെ ശിക്ഷ ലഭിക്കാം. ഇത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷകളിൽ റാങ്ക് കുറയ്ക്കുകയോ പിരിച്ചുവിടുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു.