സിറോ മലബാർ സഭയുടെ നോക്ക് തീർഥാടനം: ഒരുക്കങ്ങൾ പൂർത്തിയായ

Mail This Article
ഡബ്ലിൻ ∙ നോക്ക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിലേക്കുള്ള അയര്‍ലൻഡിലെ സിറോ മലബാര്‍ സഭയുടെ മരിയൻ തീർഥാടനം മെയ് 10 ന് നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധന, തുടർന്ന് ആഘോഷമായ സിറോ മലബാർ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.
സിറോ മലബാർ സഭയുടെ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും. സിറോ മലബാർ സഭയുടെ അയർലൻഡ് നാഷന ൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അയർലൻഡിലെ മുഴുവൻ സിറോ മലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും. റിപ്പബ്ലിക്ക് ഓഫ് അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സിറോ മലബാർ വിശ്വാസികൾ ഒത്തുചേരുന്ന അയർലൻഡിലെ തന്നെ ഏറ്റവും വലിയ തീർഥാടനങ്ങളിൽ ഒന്നാണ് മേയ് 2ന് നടത്തപ്പെടുന്ന സിറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർഥാടനം.
കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിന്റേയും വിശുദ്ധരുടേയും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് ജപമാലയോടുകൂടി വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയർലൻഡിലെ സിറോ മലബാർ പ്രവാസി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയർലൻഡ് സിറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, സിറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവർ പ്രദക്ഷിണത്തിൽ അണിചേരും. അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽനിന്ന് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർഥാടനത്തിൽ ഒരുമിച്ചുകൂടും.
കാറ്റിക്കിസം സ്കോളർഷിപ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിൾ ക്വിസ് മത്സരത്തിൽ ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികളേയും അയർലൻഡിലെ ലിവിങ് സെർട്ട് (A Level -Northen Ireland) പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ആദരിക്കും.
അയർലൻഡ് സിറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് പുതുതായി ആരംഭിക്കുന്ന യങ് കപ്പിൾസ് മിനിസ്ട്രിയുടെ ഉദ്ഘാടനവും തദ്ദവസരത്തിൽ നടക്കും. സിറോ മലബാര്‍ സഭ നാഷനല്‍ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീർഥാടനത്തിന്റെ ലൈവ് സംപ്രേക്ഷണം ശാലോം ചാനലിൽ ലഭ്യമാണ്. നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ഥനാപൂര്‍വം ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.