സ്വിമ്മിങ് പൂളിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; അയർലൻഡിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കുഞ്ഞ് ജോർജിന്റെ വിയോഗം

Mail This Article
ഡബ്ലിൻ/പത്തനംതിട്ട∙ അയർലൻഡിലെ മലയാളി ദമ്പതികളുടെ രണ്ട് വയസ്സുകാരനായ മകൻ നീന്തൽക്കുളത്തിൽ വീണു മരിച്ചു. അയർലൻഡിലെ കിൽഡെയർ അറ്റായിൽ താമസിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ കെ. ജോയിയുടെയും ലീന ഉമ്മന്റെയും ഇളയ മകൻ ജോർജ് സ്ഖറിയ (2) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ജോർജ്, വീടിനോട് ചേർന്നുള്ള നീന്തൽക്കുളത്തിലേക്ക് അപ്രതീക്ഷിതമായി വീണുപോവുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏപ്രിൽ 21നാണ് ജോർജിന്റെ മാമോദീസയ്ക്കും പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനും ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനുമായി ലിജോയുടെ കുടുംബം അയർലൻഡിൽ നിന്ന് നാട്ടിലെത്തിയത്. മേയ് രണ്ടിനായിരുന്നു മാമോദീസ. തുടർന്ന് ആറിനായിരുന്നു പുതിയ വീടിന്റെ ഗൃഹപ്രവേശം.
മേയ് 19ന് തിരികെ അയർലൻഡിലേക്ക് മടങ്ങാനിരിക്കെയാണ് ജോർജിന്റെ അപ്രതീക്ഷിത വിയോഗം ജോർജിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. ജോൺ സ്ഖറിയ, ഡേവിഡ് സ്ഖറിയ എന്നിവരാണ് മരിച്ച ജോർജിന്റെ സഹോദരങ്ങൾ.
ജോർജ് സ്ഖറിയയുടെ ആകസ്മിക നിര്യാണത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി.