യുകെയിൽ കാണാതായ മലയാളി വിദ്യാർഥി നാട്ടിലേക്ക്; സൗരവിന് തുണയായത് സുരേഷ് ഗോപിയും മലയാളി സമൂഹവും

Mail This Article
ലണ്ടൻ/തൃശൂർ∙ യുകെയിൽ വിദ്യാർഥി വീസയിലെത്തി ശേഷം കാണാതായ തൃശൂർ ചാലക്കുടി സ്വദേശിയായ യുവാവിനെ കണ്ടെത്തി ലണ്ടനിലെ മലയാളി സമൂഹം. ഒപ്പം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലും കൂടിയായപ്പോൾ യുവാവിനെ നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾക്കും തുടക്കമായി. 2021 ൽ യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംബിഎ പഠനത്തിന് എത്തിയ സൗരവ് സന്തോഷിനെ (26) ഫെബ്രുവരി മുതലാണ് കാണാതായത്. പഠനം പൂർത്തിയാക്കി ഫെബ്രുവരിയിൽ പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സൗരവ് നാട്ടിലുള്ള മാതാപിതാക്കളെ ബന്ധപ്പെടുന്നില്ലെന്ന് യുകെയിലുള്ള മലയാളികളായ പൊതുപ്രവർത്തകരുടെ ഇടയിൽ വിവരം ലഭിക്കുന്നത്.
2024 സെപ്റ്റംബർ വരെ മിക്ക ദിവസങ്ങളിലും മാതാപിതാക്കളുമായി ഫോണിലൂടെ ബന്ധം പുലർത്തിയിരുന്ന സൗരവ് ഫെബ്രുവരി വരെ വല്ലപ്പോഴും മാത്രമാണ് ബന്ധപ്പെട്ടിരുന്നത്. ഫെബ്രുവരിക്ക് ശേഷം സൗരവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ കഴിയാതെ വന്നത്തോടെയാണ് മാതാപിതാക്കൾ യുകെ മലയാളികളുടെ സഹായം തേടുന്നത്.
തുടർന്ന് യുകെ മലയാളിയും പൊതുപ്രവർത്തകനുമായ അനീഷ് എബ്രഹാം ഏപ്രിൽ 25ന് സൗരവിന്റെ ഫോട്ടോ ഉൾപ്പടെ സമൂഹമാധ്യമങ്ങത്തിൽ പോസ്റ്റ് ചെയ്തു അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്തുണയുമായി വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റോയി ജോസഫ്, മവീഷ് വേലായുധൻ, ജയ്സൺ കല്ലട എന്നിവരും വിവരങ്ങൾ പങ്കുവെച്ചിരുന്നു. വിവരങ്ങൾ അതിവേഗം യുകെ മലയാളികൾക്കിടയിൽ വൈറലായി പരന്നതോടെ വിവിധ സംഘടനകൾ സൗരവിനായുള്ള തിരച്ചിൽ നടത്താനായി രംഗത്ത് എത്തുകയായിരുന്നു.

ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ചിത്രീകരിക്കപ്പെട്ടു എന്ന് കരുതുന്ന സൗരവിന്റെ വിഡിയോ കൂടി പങ്കുവയ്ക്കപ്പെട്ടതോടെ അന്വേഷണങ്ങൾ ഈസ്റ്റ്‌ഹാം കേന്ദ്രീകരിച്ചു നടത്തുകയായിരുന്നു. ഈസ്റ്റ്‌ഹാം കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുവാൻ കൈരളി യുകെയുടെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സെക്രട്ടറി അനസ് സലാം കൂടി എത്തിയതോടെ പ്രവർത്തനങ്ങൾ ഊർജിതമാവുകയായിരുന്നു. തുടർന്ന് 60 പേരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും വ്യാഴാഴ്ച വൈകിട്ടോടെ ഈസ്റ്റ്‌ഹാമിന് സമീപമുള്ള സ്റ്റാഫോർഡിൽ വെച്ച് സൗരവിനെ കണ്ടെത്തുകയുമായിരുന്നു.
മുടിയും താടിയും നീട്ടി വളർത്തിയ നിലയിൽ കാണപ്പെട്ട സൗരവിനെ ഇപ്പോൾ ഒരു മലയാളി വീട്ടമ്മ ഒരുക്കി നൽകിയ തത്കാലിക ഷെൽറ്ററിൽ താമസിപ്പിച്ചിരിക്കുകയാണ്. പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളുടെ ഒറജിനൽ നഷ്ടപ്പെട്ടുവെങ്കിലും പകർപ്പുകൾ ഹാജരാക്കി സൗരവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മലയാളി സമൂഹം. ഇതിനായി തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹായം തേടുകയും, സുരേഷ് ഗോപിയുടെ നിർദ്ദേശ പ്രകാരം സൗരവിനെ കണ്ടെത്താൻ നേതൃത്വം നൽകിയവരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഡപ്യൂട്ടി ഹൈക്കമ്മീഷണർ രാജേന്ദ്ര പട്ടേൽ ഫോണിൽ വിളിക്കുകയും ചെയ്തു.
ചൊവ്വാഴ്ചയോട് കൂടി ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പടെയുള്ള യാത്രാരേഖകൾ നൽകി സൗരവിനെ നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിക്കുമെന്ന് അനസ് സലീം, അനീഷ് എബ്രഹാം എന്നിവർ മനോരമ ഓൺലൈനിനോട് പറഞ്ഞു. സുരേഷ് ഗോപിയുടെ ഓഫിസിന് നൽകിയ വിവരങ്ങൾ കൂടാതെ സംഭവത്തെ കുറിച്ച് മന്ത്രി നേരിട്ട് നടത്തിയ അന്വേഷണങ്ങളും ഇടപെടലുകളുമാണ് സൗരവിനെ നാട്ടിൽ എത്തിക്കാനുള്ള വഴി എളുപ്പമാക്കിയതെന്നും ഇരുവരും പറഞ്ഞു. വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചുള്ള അന്വേഷണങ്ങൾക്ക് ഈസ്റ്റ്‌ഹാമിലെ റസ്റ്ററന്റ് ഉടമയായ പ്രേമൻ അനന്തപുരം , കൈരളി യുകെ ഭാരവാഹികളായ ലൈലജ് രഘുനാഥ്, ജിബിൻ ജോസ്, വിശാൽ ഉദയകുമാർ, എംഎയുകെ ഭാരവാഹി ശ്രീജിത്ത് ശ്രീധരൻ, ബാദുഷ കബീർ, ലാൽ എന്നിവരാണ് നേതൃത്വം നൽകിയത്.