മുൻഗാമിയുടെ ഫിയറ്റിന് പകരം ആദ്യ സ്വകാര്യ യാത്രയിൽ ലിയോ പതിനാലാമൻ മാർപാപ്പ തിരഞ്ഞെടുത്തത് ഫോക്സ്-വാഗൺ

Mail This Article
വത്തിക്കാൻ സിറ്റി∙ പുതിയ മാർപാപ്പ ലിയോ പതിനാലാമൻ തന്റെ ആദ്യ സ്വകാര്യ യാത്രയിൽ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന വെളുത്ത ഫിയറ്റ് 500 എൽ ഒഴിവാക്കി കറുത്ത ഫോക്സ്-വാഗൺ ആണ് ഉപയോഗിച്ചത്. കറുത്ത നിറത്തിലുള്ള ഫോക്സ്-വാഗണിൽ പാസഞ്ചർ സീറ്റിലിരുന്ന് ലിയോ പതിനാലാമൻ മാർപാപ്പ വഴിയിലുള്ള ആളുകളെ അഭിവാദ്യം ചെയ്തു.
ഫ്രാൻസിസ് പാപ്പ അവസാനമായി ഈ ഫിയറ്റ് ഉപയോഗിച്ചത് മരിക്കുന്നതിന് നാല് ദിവസം മുൻപ്, പെസഹാ വ്യാഴാഴ്ച റോമിലെ റെജീന കൊയ്ലി ജയിലിലെ തടവുകാരെ സന്ദർശിക്കാനായിരുന്നു. ലിയോ പതിനാലാമൻ ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിൽ പ്രാർഥിക്കുകയും വെളുത്ത റോസാപ്പൂവ് സമർപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച റോമിലുള്ള കർദിനാൾമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മാർപാപ്പ റോമിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജെനാസാനോയിലെ മരിയൻ ദേവാലയം സന്ദർശിച്ചു. ഈ ദേവാലയം മാർപാപ്പ അംഗമായ അഗസ്തീനിയൻ സന്യാസ സമൂഹമാണ് പരിപാലിക്കുന്നത്.
മാർപാപ്പ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധാരണയായി SCV 1 ("Stato della Città del Vaticano" എന്നതിന്റെ ചുരുക്കെഴുത്ത്) എന്ന ലൈസൻസ് പ്ലേറ്റ് ഉണ്ടാകാറുണ്ട്. പേപ്പൽ വാഹനവ്യൂഹത്തിൽ ഇപ്പോൾ മെഴ്സിഡസ് ഉൾപ്പെടെയുള്ള ഇലക്ട്രിക് കാറുകളുമുണ്ട്. വത്തിക്കാൻ ഗസ്റ്റ് ഹൗസിനും സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇറ്റലിയിലെ ഏക നികുതി രഹിത പെട്രോൾ സ്റ്റേഷനിൽ നിന്നാണ് മാർപാപ്പയുടെയും അദ്ദേഹത്തിന്റെ ജീവനക്കാരുടെയും പെട്രോൾ കാറുകൾക്ക് ഇന്ധനം നിറയ്ക്കുന്നത്.