ADVERTISEMENT

ലണ്ടന്‍ ∙ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറക്കി. അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണു വിലയിരുത്തല്‍. 

ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ കുടിയേറ്റത്തില്‍ പത്തു മുതല്‍ 20 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ന്നു പോയിന്റ് നിബന്ധനകള്‍ ഉള്‍പ്പെടുത്തി ചില വിഭാഗങ്ങള്‍ക്കു പത്തുവര്‍ഷം എന്ന കാലയളവില്‍ ഇളവു നല്‍കും. ഇവ ഏതൊക്കെ തൊഴില്‍ വിഭാഗങ്ങള്‍ക്ക് എന്നതു നടപ്പാക്കുന്ന സമയത്തു മാത്രമായിരിക്കും തീരുമാനിക്കുക. 

നേരത്തേ പുറത്തിറക്കിയ ഹരിത പത്രത്തിലെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് കൂടുതല്‍ നിര്‍ദേശങ്ങളുമായുള്ള ധവളപത്രം പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പുറത്തു വിട്ടിരിക്കുന്നത്. വിദ്യാര്‍ഥി വീസകളിലെത്തി സ്ഥിരതാമസത്തിലേക്കു മാറുന്നതിന്റെ എണ്ണത്തിലെ വര്‍ധന ചൂണ്ടിക്കാട്ടി സ്റ്റുഡന്റ് ഫീ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും പത്രികയിലുണ്ട്. പഠന ശേഷം രണ്ടു വര്‍ഷം തുടരാന്‍ അനുവദിച്ചിരുന്നത് ഇനി 18 മാസമാക്കി കുറയ്ക്കുന്നതിനുള്ള നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടും. 

അതേ സമയം ധവള പത്രത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ വൃദ്ധ പരിചരണം ഉള്‍പ്പടെയുള്ള നിര്‍ദിഷ്ട മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമത്തിനുള്ള സാധ്യതയുണ്ടാക്കുമെന്നു നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി ഇമിഗ്രേഷന്‍ അഡൈ്വസറും ഗൈഡന്‍സ് പ്ലസ് എന്‍ഐ ഡയറക്ടറുമായ ബിബിന്‍ ജോസഫ് പറയുന്നു.  

കുടിയേറ്റ ധവളപത്രത്തിലെ മറ്റു പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍: 
∙ ഇംഗ്ലിഷ് പ്രാവീണ്യ നിലവാരും ഉയര്‍ത്തുക - ഏതു രീതിയിലുള്ള കുടിയേറ്റമാണെങ്കിലും മുഖ്യ അപേക്ഷകരുടെ ഇംഗ്ലിഷ് പ്രാവിണ്യ നിലവാരം ഉയര്‍ത്തും. ആശ്രിയ അപേക്ഷകരുടെ കാര്യത്തിലും ഇത് ബാധകമാകും. 
∙ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പരിചരണ തൊഴിലാളികളുടെ(കെയര്‍ വര്‍ക്കേഴ്‌സ്) നിയമനം ഹോം ഓഫിസ് അവസാനിപ്പിക്കുകയാണ്. ഹോം ഓഫിസ് കണക്കു പ്രകാരം ക്രമക്കേടിലൂടെ 40000 പേരെങ്കിലും ഇവിടെ എത്തിയിട്ടുണ്ട്. പരിശീലനം നല്‍കിയാല്‍ ഇത്രയും പേരുടെ തൊഴില്‍ തദ്ദേശിയര്‍ക്ക് ഏറ്റെടുക്കാനാകും. 

∙ ഇനി മുതല്‍ വിദേശ കുറ്റവാളികള്‍ ചെയ്യുന്ന തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കു പുറമേ എല്ലാ കുറ്റകൃത്യങ്ങളും ഹോം ഓഫിസിനെ അറിയിക്കുന്നതായിരിക്കും. ഈ കുറ്റവാളികളുടെ വീസ റദ്ദാക്കുന്നതിനും നാടു കടത്തുന്നതിനും ഹോം ഓഫിസിനു വിപുലമായ അധികാരമുണ്ടായിരിക്കും. 
∙ കുടുംബജീവിതം എന്ന അവകാശം ലക്ഷ്യമിട്ട് യുകെയില്‍ തുടരാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്‍ വ്യാഖ്യാനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതു പരിഗണിക്കുന്നുണ്ട്. അസാധാരണ സാഹചര്യങ്ങള്‍ എന്ന പേരില്‍ രാജ്യത്തു തുടരാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ കുടുംബത്തോടു ചേരല്‍, ആശ്രിത വീസകള്‍ തുടങ്ങിയവയ്ക്കു വിലക്കുകല്‍ വരും. 

∙ വിദേശത്തു നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിനു കമ്പനികള്‍ നല്‍കേണ്ട ഫീസ് 32 ശതമാനം വരെ വര്‍ധിപ്പിക്കുന്നത് ആലോചിക്കുന്നുണ്ട്. ഇതോടെ ചെറുകിട സ്ഥാപനങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും നിയമനത്തിനായി ചെലവാക്കേണ്ട തുക വര്‍ധിക്കും. ഇതുവഴി ഇത്തരത്തിലുള്ള കുടിയേറ്റങ്ങള്‍ക്കു തടയിടാനാകും എന്നു പ്രതീക്ഷിക്കുന്നു. 
∙ വര്‍ക്കു വീസയ്ക്കുള്ള യോഗ്യതാ നിലവാരും ഡിഗ്രി നിലവാരമായി വീണ്ടും ഉയര്‍ത്തും. നേരത്തേ 2021ല്‍ കുറവു വിദ്യാഭ്യാസക്കാരാണെങ്കിലും അനുവദിച്ചിരുന്ന വീസകളുടെ എണ്ണം കുറയ്ക്കും. 

ഈ മാറ്റം കിയേര്‍, ഹോട്ടല്‍ - റസ്റ്ററന്റ്, ക്ലീനിങ്, വെയര്‍ ഹൗസ് ജോലി മേഖലകളെ ബാധിക്കും. കമ്പനികള്‍ക്കു കൂടുതല്‍ പ്രാദേശിക തൊഴിലാളികളെ പരിശീലിപ്പിക്കേണ്ട ബാധ്യത വര്‍ധിക്കും. 

∙ ഡിഗ്രി ലെവലില്‍ താഴെയുള്ള ജോലി മേഖലകള്‍ക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉപയോഗിക്കുന്നതിനു കടുത്ത നിബന്ധനകളുണ്ടാകും. ഇതിനു നിശ്ചിത കാലാവധി പ്രഖ്യാപിക്കുന്നതൊപ്പം സ്ഥിരതാമസത്തിനുള്ള അധികാരം ഇല്ലാതാക്കും. ഇവരുടെ നിയമനത്തിനു തൊഴിലുടമകള്‍ തൊഴില്‍ ക്ഷാമം തെളിയിക്കേണ്ടി വരും. കെയറര്‍, നിര്‍മാണം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ ഇതു കൂടുതല്‍ വെല്ലുവിളിയാകും. 
∙ വിദേശ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുന്ന കോളജുകളും യൂണിവേഴ്‌സിറ്റികളും കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്കു വിധേയമാകും. ഇത്തരം സ്ഥാപനങ്ങള്‍ കോഴ്‌സുകളുടെ പ്രസക്തി ഉള്‍പ്പടെ തെളിയിക്കേണ്ടി വരും. വിദേശ വിദ്യാര്‍ഥികള്‍ക്കു വീസ ലഭിക്കുന്നതിനു കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടതായും വരും.

English Summary:

The UK government to increase the time required for Indefinite Leave to Remain (ILR) from 5 years to 10 years for some migrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com