നിസാൻ പ്രതിസന്ധിയിലേക്ക്; 4.6 ബില്യൻ യൂറോയുടെ നഷ്ടം, 20,000 പേർക്ക് ജോലി നഷ്ടമാകും

Mail This Article
ബർലിൻ∙ വാഹന നിർമാതാക്കളായ നിസാൻ ലോകമെമ്പാടുമായി 20,000 തൊഴിലുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 15 ശതമാനം വരുന്ന ഈ നടപടി ജപ്പാൻ, യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളിലെ ഫാക്ടറികളെ സാരമായി ബാധിക്കും. 2027 ഓടെ ഈ വെട്ടിച്ചുരുക്കൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.
∙ആസൂത്രണം ചെയ്തതിന്റെ ഇരട്ടി പിരിച്ചുവിടലുകൾ
നേരത്തെ 10,000 ജോലികൾ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാൽ ഇപ്പോൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടി ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ്. ഇത് സ്ഥിതി എത്രത്തോളം ഗുരുതരമാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു.
∙പ്രതീക്ഷിച്ചതിലും കൂടുതൽ നഷ്ടം
നിസാൻ വലിയ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. കമ്പനിയുടെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റനഷ്ടം 750 ബില്യൻ യെൻ വരെയാണ്. ഇത് ഏകദേശം 4.6 ബില്യൻ യൂറോയ്ക്ക് തുല്യമാണ്. 80 ബില്യൻ യെൻ (490 ദശലക്ഷം യൂറോ) നഷ്ടമാണ് ആദ്യ കണക്കിൽ പ്രതീക്ഷിച്ചിരുന്നത്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലെ ഉയർന്ന റൈറ്റ്- ഡൗണുകളാണ് ഈ തകർച്ചയ്ക്ക് കാരണം. ബാലൻസ് ഷീറ്റിൽ 500 ബില്യൻ യെൻ (3.1 ബില്യൻ യൂറോ) യുടെ ഭാരം നിലനിൽക്കുന്നു. ഇതിനുപുറമെ പുനർനിർമാണത്തിനുള്ള ചെലവ് 60 ബില്യൻ യെൻ (370 ദശലക്ഷം യൂറോ) കവിയും.
∙ബാറ്ററി ഫാക്ടറി നിർത്തിവച്ചു
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നിസാൻ ഒരു പ്രധാന ഭാവി പദ്ധതിയും റദ്ദാക്കി. ക്യൂഷു ദ്വീപിൽ ഇലക്ട്രിക് കാറുകൾക്കായി ആസൂത്രണം ചെയ്ത ബാറ്ററി ഫാക്ടറി നിർമ്മിക്കില്ല. ഈ നിക്ഷേപത്തിന് 1.1 ബില്യൻ ഡോളർ (ഏകദേശം 990 ദശലക്ഷം യൂറോ) ചെലവ് വരുമായിരുന്നു, കൂടാതെ 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമായിരുന്നു. 2028 ൽ പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്ന ഈ പദ്ധതിക്ക് ജാപ്പനീസ് സർക്കാർ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ നിക്ഷേപം ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി നിസാൻ ഈ ആശയം ഉപേക്ഷിച്ചു.
അതേസമയം ഹോണ്ടയുമായുള്ള നിസാന്റെ ലയന ചർച്ചകളും പരാജയപ്പെട്ടു. 2024 ഡിസംബർ വരെ ഹോണ്ടയുമായുള്ള സഖ്യത്തിലൂടെ നിസാന് പ്രതിസന്ധിയിൽ നിന്ന് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരു ഗ്രൂപ്പുകളെയും നിയന്ത്രിക്കുന്ന ഒരു സംയുക്ത ഹോൾഡിങ് കമ്പനി രൂപീകരിക്കുകയായിരുന്നു പദ്ധതി. എന്നാൽ 2025 ഫെബ്രുവരിയിൽ ചർച്ചകൾ അവസാനിപ്പിച്ചതായി ഇരു കമ്പനികളും പ്രഖ്യാപിച്ചു.
ഔദ്യോഗികമായി ഇത് ഇപ്പോഴും അയഞ്ഞ പങ്കാളിത്തമായി തുടരും. ഉദാഹരണത്തിന് സോഫ്റ്റ്‌വെയറിനെയും ഇലക്ട്രോമൊബിലിറ്റിയെയും കുറിച്ചുള്ള ഗവേഷണത്തിൽ സഹകരണം ഉണ്ടാകും. എന്നാൽ ആഴത്തിലുള്ള വിശ്വാസക്കുറവ് കാരണം ലയനം പരാജയപ്പെട്ടു. ഹോണ്ടയുടെ ഒരു അനുബന്ധ സ്ഥാപനമായി മാറാൻ നിസാൻ ആഗ്രഹിച്ചില്ല. സഖ്യത്തിന്റെ ഭാഗമായ മിത്സുബിഷിയും അവസാന നിമിഷം വരെ മടിച്ചുനിന്നു. തായ്‌വാനീസ് ഇലക്ട്രോണിക്സ് ഭീമനായ ഫോക്സ്കോണിന്റെ ഒരു സാധ്യതയും പരാജയപ്പെട്ടു. കരാർ നിർമാതാവ് താൽപര്യം കാണിച്ചെങ്കിലും പിന്നീട് പിന്മാറി.
∙ട്രംപിന്റെ താരിഫ് നയം നിസാനെ സാരമായി ബാധിച്ചു
പ്രത്യേകിച്ച് യുഎസ്എയിൽ കമ്പനി അതിന്റെ പ്രധാന മോഡലായ എസ്‌യുവി 'റോഗി'ന്റെ വിൽപനയിലുണ്ടായ ഇടിവിനെ നേരിടുകയാണ്. 2024ൽ യുഎസിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നിസാൻ മോഡലായിരുന്നു ഇത്. മൊത്തം വിൽപനയുടെ നാലിലൊന്ന് വരുമിത്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിൽ മാസത്തിൽ ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തിയതിന് ശേഷം ഡിമാൻഡ് ഗണ്യമായി കുറഞ്ഞു.
∙ഉൽപാദനം നിർത്തി
നിസാൻ ക്യൂഷു പ്ലാന്റിൽ 'റോഗി'ന്റെ ഉൽപാദനം 13,000 വാഹനങ്ങൾ കുറയ്ക്കുന്നു. മേയ് മുതൽ ജൂലൈ വരെ ഉൽപാദന ലൈൻ ഭാഗികമായി സ്തംഭിച്ചു. ചില ദിവസങ്ങളിൽ ഉൽപാദനം പൂർണ്ണമായും നിർത്തിവെച്ചു. ഉൽപാദനം വീണ്ടും വർധിപ്പിക്കുമോ എന്നത് കണ്ടറിയണം. കമ്പനിയുടെ അഭിപ്രായത്തിൽ ഇത് നേരിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയത്തെ ആശ്രയിച്ചിരിക്കുന്നു.
∙ഹോണ്ടയും പ്രത്യാഘാതങ്ങൾ നേരിടുന്നു
നിസാൻ മാത്രമല്ല ഈ പ്രതിസന്ധി നേരിടുന്നത്. നിക്കിയുടെ റിപ്പോർട്ട് അനുസരിച്ച് ഹോണ്ട തങ്ങളുടെ ഉൽപാദനത്തിന്റെ വലിയൊരു ഭാഗം കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് യുഎസ്എയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നു. അമേരിക്കയിൽ വിൽക്കുന്ന കാറുകളുടെ 90 ശതമാനവും അവിടെത്തന്നെ നിർമിക്കുക എന്നതാണ് ലക്ഷ്യം. ഹോണ്ട പുതിയ ഷിഫ്റ്റുകളും കൂടുതൽ തൊഴിലാളികളെയും നിയമിക്കാൻ ആലോചിക്കുന്നു.
അതേസമയം ജർമനിയുടെ മെഴ്സിഡസ് ബെൻസിനും കാര്യങ്ങൾ അത്ര പന്തിയല്ല. പ്രീമിയം ഇലക്ട്രിക് കാർ എന്ന സ്വപ്നത്തിന് വലിയ തിരിച്ചടി നേരിടുകയാണ്. സ്റ്റുട്ട്ഗാർട്ടിലെ ജീവനക്കാരും പ്രതിസന്ധിയിലാണ്. കൂടാതെ പണിമുടക്ക്, ചെലവ് ചുരുക്കൽ പദ്ധതി, ജീവനക്കാരുടെ എണ്ണം കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളിൽ ജർമനിയിലെ ഫോർഡ് കമ്പനിയും ബുദ്ധിമുട്ടുകയാണ്.