കാണാതായത് തായ്‌ലൻഡിൽ, കണ്ടെത്തിയത് ജോർജിയയിൽ; ബെല്ല തിരോധാനത്തിൽ നിർണായക വഴിത്തിരിവ്

Mail This Article
ക്ലീവ്‌ലാൻഡ്∙ തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ബ്രിട്ടിഷ് സ്വദേശിനിയായ പതിനെട്ടുകാരിയുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ബില്ലിങ്ഹാമിൽ നിന്നുള്ള ബെല്ല മേയ് കല്ലിയെ കണ്ടെത്തുന്നതിന് രാജ്യാന്തര തലത്തിൽ വൻ അന്വേഷണം നടത്തുന്നതിനിടെ ബെല്ലയെ ജോർജിയയിൽ ലഹരി കേസിൽ അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ട്.
സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് ബെല്ലയെ കാണാതായത്. ഫോൺ സ്വിച്ച് ഓഫ് ആയതോടെ ബെല്ല ബാങ്കോങിലെ പട്ടായയിലേക്ക് പോയതായി സംശയിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്തതായി ജോർജിയയിലെ അധികൃതർ അറിയിച്ചതായി ക്ലീവ്‌ലാൻഡ് പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടി നിലവിൽ അവരുടെ കസ്റ്റഡിയിലാണ്.
14 കിലോ കഞ്ചാവുമായി ടിബിലിസി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ബെല്ല പിടിയിലായത്. മറ്റ് ലഹരി വസ്തുക്കളും ബെല്ലയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ജോർജിയയിലേക്ക് അനധികൃതമായി വൻ തോതിൽ ലഹരി കടത്താൻ ശ്രമിച്ചതിന് ബെല്ലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
20 വർഷം വരെ തടവോ അല്ലെങ്കിൽ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് ബെല്ലയെ ജയിലിൽ അടച്ചിരുന്നത്. ബെല്ല എങ്ങനെ ജോർജിയയിൽ എത്തിച്ചേർന്നു എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.