കഴിഞ്ഞവർഷം ഇറ്റലിയിലെ മ്യൂസിയങ്ങൾ സന്ദർശിച്ചത് 60 ദശലക്ഷം സഞ്ചാരികൾ

Mail This Article
റോം ∙ ഇറ്റലിയിലെ മ്യൂസിയങ്ങളിലും പുരാവസ്തു പാർക്കുകളും 2024-ൽ സന്ദർശിച്ചത് 60 ദശലക്ഷത്തിലധികം സന്ദർശകർ. സന്ദർശകരുടെ വാർഷിക കണക്കിൽ ഇത് ഒരു പുതിയ റെക്കോർഡാണെന്ന് അധികൃതർ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2024 ൽ മ്യൂസിയങ്ങളിലെ പ്രവേശന ടിക്കറ്റുകളിൽനിന്നുള്ള വരുമാനം 382 മില്യൻ യൂറോ ആയിരുന്നു, 2023-ൽ 57,730,502 ടിക്കറ്റുകളുടെ വിൽപനയിൽ നിന്നുലഭിച്ച 313 മില്യൻ യൂറോയിൽ നിന്ന് 23 ശതമാനം വർധനവാണ് കഴിഞ്ഞവർഷം ഉണ്ടായതെന്ന് സാംസ്കാരിക മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്നേവരെയുള്ള കണക്കനുസരിച്ച് മ്യൂസിയങ്ങൾ, പുരാവസ്തു പാർക്കുകൾ എന്നിവിടങ്ങളിൽനിന്നു ലഭിച്ച ഏറ്റവും മികച്ച വരുമാനമാണ് കഴിഞ്ഞവർഷത്തേത് എന്ന് സാംസ്കാരിക മന്ത്രി അലസാൻഡ്രോ ജൂലി പറഞ്ഞു, ഇറ്റാലിയൻ സംസ്കാരവും സൗന്ദര്യവും ലോകത്ത് എങ്ങനെ അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണിതെന്നും ജൂലി അവകാശപ്പെട്ടു.

2019 ൽ 54.8 ദശലക്ഷം സന്ദർശകർ രാജ്യത്ത് എത്തിയിരുന്നു. കോവിഡിനു ശേഷമുണ്ടായ താൽക്കാലിക മാന്ദ്യത്തിനുശേഷം സന്ദർശകരുടെ വരവിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ നൽകുന്ന സൂചനകൾ. കൊളോസിയം, റോമൻ ഫോറം, പാലറ്റൈൻ ഹിൽ, ഡോമസ് ഓറിയ എന്നിവിടങ്ങളിലാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സന്ദർശകൾ എത്തിയത്. ഏകദേശം 15 ദശലക്ഷം സന്ദർശകരാണ് ഇവിടങളിൽ എത്തിയത്.

ഫ്ലോറൻസിലെ ഉഫിസി ഗാലറികളും പോംപൈയിലെ പുരാവസ്തു പാർക്കും ആണ് സന്ദർശകരുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റോമിലെ പാന്തയോൺ, ഫ്ലോറൻസിലെ ഗാലേറിയ ഡെൽ അക്കാദമി, റോമിലെ കാസ്റ്റൽ സാന്റ് ആഞ്ചലോ, ടൂറിനിലെ ഈജിപ്ഷ്യൻ മ്യൂസിയം എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.