ADVERTISEMENT

യൂറോപ്യൻ വേനൽച്ചൂട് അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ, വേനൽ വെയിൽ കാരുണ്യത്തോടെ വർത്തിച്ചെങ്കിലും രണ്ടായിരാമാണ്ടിലെ ആഗസ്റ്റ് മാസത്തിന്റെ രണ്ടാം പാതിയിൽ ഫ്രാൻ‌സിൽ പതിറ്റാണ്ടുകളായി പതിവില്ലാത്തവിധം ചൂട്‌ കടുത്തു. ഒരാഴ്ച്ചയായി പാരീസിലും ഫ്രാൻസിലെ വിവിധ നഗരങ്ങളിലും ഒറ്റയ്ക്ക് താമസിക്കുന്ന പലരും അവരുടെ താമസസ്ഥലങ്ങളിൽ മരിച്ചുകിടക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ വാർത്തകൾക്ക് കൊഴുപ്പു കൂട്ടി. ആഴ്ചകളോ, ഒരു മാസം തന്നെയോ വേനൽ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ പല മക്കളും പലവട്ടം വിളിച്ചിട്ടും മറുപടി കിട്ടാതായി, മാതാപിതാക്കളുടെ ഫ്ലാറ്റുകൾ സന്ദർശിച്ചപ്പോൾ, ആഴ്ചകളായി മരിച്ചു കിടക്കുന്നവരെ പാരീസിലും മറ്റു സിറ്റികളിലും കണ്ടതിന്റെ വാർത്തകൾ അപ്പോഴും ശബ്ദമില്ലാതെ വച്ചിരുന്ന ടെലിവിഷനിൽ വന്നുപോയ്ക്കൊണ്ടിരുന്നു.

“നമ്മൾ വന്നിട്ട് കുറേ നേരമായി. ബാബു എന്താ ഒന്നും മിണ്ടാതിരിക്കുന്നത്? അയാൾ രണ്ടു വട്ടം ഓർഡർ എടുക്കാൻ വന്നുപോയി.”
ഞങ്ങൾ പള്ളിയിൽപോയ ഗ്രാമത്തിൽനിന്ന് പതിനഞ്ചോളാം കിലോമീറ്റർ അകലെയുള്ള ലാന്ന്മെസോം എന്ന ടൗണിലെ ബിസ്ട്രോ ബാറിൽ ഇരിക്കുമ്പോൾ ലിഡിയ പറഞ്ഞു. ഒന്നും മിണ്ടാതെ, പരിഭവത്തോടെ മമ്മ പോയതിലുള്ള വിഷമം എന്നെ അപ്പോഴും വിട്ടുപോയിരുന്നില്ല. ലൈഡിയയോടൊപ്പം ആയിരുന്ന സമയം മുഴുവൻ എനിക്കറിയാത്ത എന്തോ ഒരാകുലത എന്റെ ഉള്ളിൽ കൊളുത്തി വലിച്ചുകൊണ്ടിരുന്നു.
“നീ എന്താ ഒന്നും മിണ്ടാത്തത്? നിനക്ക് എന്താ പറ്റിയത്?”

കുറച്ചു നേരത്തെ ഇടവേളക്കശേഷം ലിഡിയ ചോദിച്ചു. അവിടവിടെ ടേബിളുകളിലെല്ലാം ആളുകളുണ്ട്. ചെറുപ്പക്കാരും അല്ലാത്തവരും. ചിലർ കമിതാക്കളാണ്. അതിനും ഇവിടെ പ്രായം  ബാധമല്ല. സമൂഹം വരച്ചുവയ്ക്കുന്ന നിയമങ്ങളും അക്കാര്യത്തിൽ ഇല്ല. ടെലിവിഷൻ ശബ്ദമില്ലാതെ വച്ചിരുന്നതിനാൽ ആളുകൾക്ക് അവരവരുടെ സംഭാഷണങ്ങളിൽ യാദേഷ്ടം മുഴകാനായി. ഭിത്തികളിൽ പിടിപ്പിച്ചിരുന്ന കറുത്ത സ്പീക്കറുകളിൽ നിന്ന് സെലിൻ ഡിയോണിന്റെ ഫ്രഞ്ച് പാട്ട് നേരിയ ശബ്ദത്തിൽ കേൾക്കാമായിരുന്നു.“രണ്ട്  റെഡ് വൈൻ...” ഞങ്ങൾ കയറിയ ബിസ്ട്രോയിലെ ബാർബോയ് മൂന്നാം വട്ടവും വന്നപ്പോൾ ലിഡിയ ഓർഡർ നൽകി.

“എനിക്ക് വൈൻ വേണ്ടിയിരുന്നില്ല.” ലിഡിയയോട് അത് പറയുമ്പോൾ ഞാൻ വാച്ചിലേക്ക് നോക്കി. പതിനൊന്നര ആയതേയുള്ളൂ.“അതെന്താ ആ കൊളേത്ത് തള്ള നിന്നോട് ഉച്ചക്ക് മുന്നേ വൈൻ കുടിക്കരുതെന്നു പറഞ്ഞിട്ടുണ്ടോ? എന്താ നീ വണ്ടി ഓടിക്കാൻ പ്ലാനുണ്ടോ?”  അവളുടെ സ്വരത്തിൽ ദേഷ്യവും അനിഷ്ടവുമെല്ലാം ഉണ്ടായിരുന്നു. അതോ പരിഹാസത്തിന്റെ ഒരു ചെറു കണിക അവളുടെ ചോദ്യത്തിൽ ഉണ്ടായിരുന്നോ എന്നും ഞാൻ സംശയിച്ചു.

“ഏയ്‌. അതെന്താ ലിഡിയ അങ്ങനെ ചോദിച്ചത്. മമ്മ ഒരിക്കലും എന്റെ വ്യക്തിപരമായ കാര്യങ്ങളിലൊന്നും ഇടപെടാറില്ല. മാത്രമല്ല. മമ്മയോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒന്നുരണ്ടു വട്ടം റെഡ് വൈൻ കഴിച്ചിട്ടുണ്ട്.” എന്റെ മറുപടി അവളെ അൽപ്പം അമ്പരിപ്പിച്ചെന്ന് തോന്നി.“അതെന്താ നീ ആ തള്ളയെ മമ്മ എന്നാണോ വിളിക്കുന്നത്‌?”  “അതെ. കോളേത്ത് എനിക്ക് അമ്മയെപ്പോലെയാണ്.” ഞാൻ പറഞ്ഞു. ലിഡിയ കുറേനേരം ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക്തന്നെ നോക്കിയിരുന്നു. 

1998ൽ ഡൽഹിയിൽ പഠിക്കുന്ന കാലത്ത് ആദ്യമായി ഒരു മാസത്തേക്ക് ഫ്രാൻ‌സിൽ വന്ന കാലം മുതൽ ലിഡിയക്ക് എന്നെ പരിചയമുണ്ട്. ഞാൻ അക്കാലത്തു വാടകക്ക് താമസിച്ചിരുന്ന മൊണാസ്റ്ററിയിലാണ് അവൾ ജോലി ചെയ്തിരുന്നത്. തൊട്ടടുത്ത വർഷം മൂന്നു മാസക്കാലം വീണ്ടും ഫ്രാൻ‌സിൽ ജീവിച്ചപ്പോൾ അവളുമായി നല്ല സൗഹൃദവുമായി. അങ്ങനെയാണ് അവൾ അവളുടെ കുടുംബത്തേക്കുറിച്ചും പതിനാറാം വയസിൽ അവൾക്കുണ്ടായ മകനെക്കുറിച്ചുമൊക്കെ എന്നോട് പറഞ്ഞത്.അമ്മയുടെ മരണം കഴിഞ്ഞ് മെയ്‌ മാസത്തിൽ സ്ഥിരതാമസത്തിന് ഫ്രാൻ‌സിൽ മടങ്ങിയെത്തി മമ്മയുടെ വീട്ടിൽ താമസം തുടങ്ങിക്കഴിഞ്ഞും ഇടയ്ക്കൊക്കെ ലിഡിയയെ കാണാറുള്ളതാണ്. എന്റെ കുടുംബത്തേക്കുറിച്ചും സഹോദരിമാരെക്കുറിച്ചുമൊക്കെ 1999 ൽ വന്നപ്പോൾ അധികം ഡീറ്റെയിൽസ് ഒന്നും നൽകാതെ ഞാൻ ലിഡിയയോട് പറഞ്ഞിരുന്നു.

“അമ്മയെപ്പോലെ എന്നാൽ അമ്മയൊന്നും അല്ലല്ലോ. നിന്റെ അമ്മ മാത്രമാണ് നിന്റെ അമ്മ. ആ കൊളേത്ത് തള്ളയെ നിനക്ക് പേരു വിളിച്ചാൽ പോരെ?” മമ്മയോടുള്ള ഇഷ്ടക്കേട് ലിഡിയയുടെ വാക്കുകൾ അനായാസം പേറി. മമ്മക്കും ലിഡിയയെ ഇഷ്ടമായിരുന്നില്ല.“എന്റെ  സംസ്കാരവും രീതിയുമൊക്കെ വച്ച് അവരെ പേരു വിളിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. മാത്രവുമല്ല എന്റെ അമ്മയുടെ മരണശേഷം അവർ എന്റെ അമ്മയെപ്പോലെ തന്നെയാണെനിക്ക്.” എന്ത് മറുപടി പറയും എന്നറിയാതെ അൽപ്പം മടിച്ചു നിന്നിട്ട്, ഞാൻ പറഞ്ഞു.

“അതൊക്കെ ശരിയാ. പക്ഷേ എന്റെ അഭിപ്രായത്തിൽ ഫ്രാൻ‌സിൽ ആരും അങ്ങനെ മറ്റൊരാളെ സ്വന്തം അമ്മയുടെ സ്ഥാനത്തു വയ്ക്കില്ല.” ബിസ്ട്രോയുടെ ചില്ലുഭിത്തികൾക്കപ്പുറ,  അകലേക്ക്‌ നോട്ടമെറിഞ്ഞുകൊണ്ട് ലിഡിയ അത് പറയുമ്പോൾ അവൾക്ക് മമ്മയോട് അസൂയയാണോ എന്നൊക്കെ ഞാൻ ആലോചിച്ചെങ്കിലും വ്യക്തമായ ധാരണകൾ ഒന്നുമില്ലാതെ ഞാൻ ഇരുന്നു. ഇരുപത്തിയാറു വയസായെങ്കിലും ഫ്രാൻസിലെ സംസ്കാരവും സാമൂഹികമായ കാഴ്ചപ്പാടുകളുമൊന്നും മൂന്നു മാസംകൊണ്ട് ഞാൻ പൂർണ്ണമായും മനസിലാക്കിയിട്ടില്ല എന്ന് എനിക്ക് ബോധ്യവും ഉണ്ടായിരുന്നു.

“അമ്മയുടെ സ്ഥാനവും അമ്മയും വ്യത്യസ്തമാണ്. ഞാൻ ഫ്രഞ്ചിൽ മമ്മ എന്ന് വിളിക്കുന്നതും എന്റെ അമ്മയെ ഞാൻ വിളിച്ചിരുന്നതുമായി വ്യത്യാസമുണ്ട്...”  ലിഡിയയെ ബോധിപ്പിക്കാൻ ഞാൻ ഒരു അവസാന ശ്രമം കൂടി നടത്തി. “ഭാഷയിലല്ലേ വ്യത്യാസമുള്ളൂ. നിനക്ക് ആ തള്ളയെ പേരു വിളിച്ചാലെന്താ? നീ ഇവിടെ ബാക്കി എല്ലാവരെയും പേരല്ലേ വിളിക്കുന്നത്‌. കൊളേത്ത് ഒരു പഴഞ്ചൻ പെണ്ണുമ്പിള്ളയാ. അവരുടെ മക്കള് പോലും അവരെ കാണാൻ വരാറില്ല. ആരുമില്ലാതെ ഈ വയസാംകാലത്ത് നട്ടൻതിരിയുമ്പോളാ നീ വന്നത്. അവർക്കിനി നാട്ടുകാർ പറയുന്നതുപോലെ വേറേ ഉദ്ദേശം വല്ലതും ഉണ്ടോ എന്നാ എന്റെ സംശയം...”

ബാർമാൻ റെഡ് വൈൻ നിറച്ച ക്ലാസുകൾ ടേബിളിൽ വയ്ക്കുമ്പോൾ ലിഡിയ വർത്തമാനം നിർത്തി ഒന്നു പുഞ്ചിരിച്ചു. അയാൾ കൊണ്ടുവന്നു വച്ച ബില്ല് അവളുടെ പേഴ്സിലേക്ക് എടുത്തു വച്ചിട്ട് അവൾ എന്നെ തറപ്പിച്ചൊന്നു നോക്കി. അവളോട് എന്ത് മറുപടി പറയണം എന്നോ അവൾ പറഞ്ഞു വയ്ക്കുന്നതിന്റെ അർത്ഥം എന്താണെന്നോ ഒന്നും എനിക്ക് പൂർണ്ണമായും മനസ്സിലായില്ല. നാല് മാസമായി പഠിക്കുന്ന ഫ്രഞ്ച് ഭാഷയിൽ ഇത്തരം സംഭാഷണങ്ങൾ മനസ്സിലാക്കാനുള്ള വലിയ പരിമിതിയും എനിക്കുണ്ടായിരുന്നു. 

“ചിയേഴ്‌സ്.” വൈൻ ഗ്ലാസ്സ് ഉയർത്തി എന്നെ നോക്കി അവൾ പറഞ്ഞു. “ചിയേഴ്‌സ്.” വൈൻ ഗ്ലാസ്സ് കയ്യിലെടുത്ത് ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “ഹേ, ചിയേഴ്‌സ് പറയുമ്പോൾ പരസ്പരം കണ്ണുകളിൽ നോക്കണം. ക്ലാസുകൾ പരസ്പരം മുട്ടിച്ചാൽ തിരികെ ടേബിളിൽ വയ്ക്കുന്നതിനു മുൻപ് ഒരു സിപ്പെങ്കിലും കുടിക്കണം.” ആദ്യമുണ്ടായിരുന്ന ദേക്ഷ്യഭാവമൊക്കെ കളഞ്ഞു പുഞ്ചിരിയോടെ അവളത് പറഞ്ഞപ്പോളാണ് എന്റെ ടെൻഷൻ അൽപ്പം കുറഞ്ഞത്. “എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്. കുറച്ചു കാലമായി ഓർക്കുന്നു . അതിനും നിന്നെയൊന്നു തനിച്ചു കിട്ടണ്ടേ. എപ്പോളും ആ തള്ള നിന്റെ കൂടെയുണ്ട്. എന്നെയാണേൽ പണ്ടേ ആ തള്ളക്ക് കണ്ടുകൂടാ.” കയ്യിലിരുന്ന വൈൻ ഗ്ലാസ്സ് ടേബിളിൽ തിരികെ വച്ചിട്ട് ലിഡിയ പറഞ്ഞു. മറുപടിയൊന്നും പറയാതെ ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.

“എന്താ നിന്റെ ഭാവി പരിപാടികൾ?” ആമുഖത്തിന്റെ തുടക്കം മാത്രം അവതരിപ്പിച്ചശേഷം അവൾ നേരെ കാര്യത്തിലേക്ക് കടന്നു.“അടുത്ത മാസം ആദ്യം പാരിസ് സിറ്റിയിലേക്ക് പോകണം. അവിടെ എം ഫില്ലിന് അഡ്മിഷൻ ആയിട്ടുണ്ട്‌. താമസ സൗകര്യമൊന്നും ഇതുവരെയും തരപ്പെട്ടിട്ടില്ല. മമ്മക്ക് അറിയാവുന്ന ഏതോ അച്ചന്മാർ നാളെ മുതൽ ലൂർദിൽ യുവാക്കൾക്കായി ഒരു ക്യാമ്പ് നടത്തുന്നുണ്ട്. നാലു ദിവസത്തെ പരിപാടിയാണ്. മമ്മ എന്റെ പേരു കൊടുത്തിട്ടുണ്ട്. താൽക്കാലത്തേക്ക് താമസിക്കാൻ അവർ വഴി എന്തെങ്കിലും പാരീസിൽ തരപ്പെടുമായിരിക്കും.” ഞാൻ പറഞ്ഞു നിർത്തുമ്പോൾ മറുപടിയൊന്നും പറയാതെ ലിഡിയ കുറേനേരം എന്നെത്തന്നെ നോക്കിയിരുന്നു. 

“നീ ആ തള്ള പറയുമ്പോലെ ഈ പള്ളിക്കാരും അച്ചന്മാരുമായി നടന്നാൽ നിന്റെ ഭാവി പോകും. അവരിനി താമസ സൗകര്യം താൽക്കാലത്തേക്ക് തന്നാലും നിനക്ക് സ്കോളർഷിപ് ഒന്നും ഇല്ലല്ലോ. അപ്പോൾ എങ്ങനെയാ നീ ചിലവ് കഴിയുക? പാരിസ് പോലൊരു സിറ്റിയിൽ ഭാഷയും ശരിക്കറിയാതെ പണവുമില്ലാതെ നീ എങ്ങനെ ജീവിക്കും?” അവൾ ഗൗരവമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ മറുപടിയൊന്നും തരപ്പെടാതെ ഞാനിരുന്നു. പാരിസ് സിറ്റിയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ഞാൻ പലവട്ടം ആലോചിച്ചതാണ്.

“ഇക്കുറി മടങ്ങി വന്ന് അഡ്മിഷൻ ഉറപ്പായപ്പോൾ ഇന്ത്യയിൽ ഫ്രഞ്ച് എംബസിയിൽ കോൺടാക്ട് ചെയ്തിരുന്നു. അവർ മാസം എണ്ണൂറ് യൂറോ എന്ന നിരക്കിൽ സ്കോളർഷിപ് തരപ്പെടുത്താം എന്ന് പറഞ്ഞിട്ടുണ്ട്. ഇനി അതില്ലെങ്കിലും ഫോറിൻ സ്റുഡന്റ്സിനു ആഴ്ച്ചയിൽ 20 മണിക്കൂർ പാർടൈം ആയി ജോലി ചെയ്യാമല്ലോ. അപ്പോൾ വലിയ പ്രശ്നമില്ലാതെ കാര്യങ്ങൾ അങ്ങ് നടന്നോളും.” ഒറ്റ ശ്വാസത്തിൽ ആത്മവിശ്വാസത്തോടെ ഇതെല്ലാം പറഞ്ഞു നിർത്തുമ്പോൾ പ്ലാൻ ചെയ്യുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വന്നാലോ എന്ന  ആകുലത എന്റെ ഉള്ളിൽ നിറഞ്ഞുകൊണ്ടിരുന്നു. അതൊന്നും ഉള്ളതായി ഭാവിക്കാതെയാണ് ഞാൻ അവളോട് സംസാരിച്ചത്.

“നീ ഈ പറയുന്നതൊക്കെ ഒരോ സാധ്യതകൾ മാത്രമാ. പാരിസ് നീ ഉദ്ദേശിക്കുന്നതുപോലെ ഒരു സ്ഥലമല്ല. നീ കരുതുന്നപോലെ അത്ര വേഗം ജോലിയൊന്നും കിട്ടണമെന്നില്ല. ഇന്ത്യയിൽ നിന്റെ ഇളയ സഹോദരിയുടെ പഠനം തീർക്കണ്ടേ? അപ്പന് ചിലവിനു കൊടുക്കണ്ടേ? കെട്ടിച്ചുവിട്ട പെങ്ങളുടെ കാര്യങ്ങൾ നോക്കണ്ടേ? ഇതെല്ലാം പാർടൈം ജോലിനോക്കി നടത്താമെന്നു നീ പറയുന്നത് നീ ഒരു സ്വപ്നലോകതായതുകൊണ്ടാ... ഞാൻ ഇങ്ങനെ ഫ്രീ ആയിട്ട് സംസാരിക്കുന്നത് എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമായതുകൊണ്ടാ.”

എന്റെ ഭാവി പദ്ധതികളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ലിഡിയ പറഞ്ഞപ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന ആകുലത ഒരു വലിയ ഭയമായി എന്നെ പൊതിഞ്ഞു. ടേബിളിൽ ഇരുന്ന ക്ലാസ്സിലെ വൈൻ കുടിച്ചു തീർത്തിട്ട് അവൾ എന്നേയും പകുതി നിറഞ്ഞിരുന്ന എന്റെ വൈൻ ഗ്ലാസിനെയും മാറി മാറി നോക്കി.“നീയത് എടുത്ത് കുടിക്ക്. ഒന്ന് റിലാക്സ് ആകട്ടെ...”  ഞാൻ അവളെ അനുസരിച്ചു. പതിവ് ശീലം അല്ലാത്തതിനാലാകണം വൈൻ എന്റെ സിരകളിൽ കൂടുതൽ ആത്മവിശ്വാസം കൊണ്ടുവരാൻ തുടങ്ങി. ലിഡിയ വീണ്ടും വീഞ്ഞിന് ഓർഡർ കൊടുത്തു. രണ്ടു ഗ്ലാസ്സ് വൈൻ കൂടി കുടിച്ചു കഴിഞ്ഞപ്പോൾ അവൾ പറയുന്നതെല്ലാം കൂടുതൽ മനസ്സിലാകുന്നപോലെ ഒരനുഭവമായിരുന്നു.

എന്റെ കൈകൾ രണ്ടും അവളുടെ കൈകൾക്കുള്ളിലായിരുന്നു. അവളുടെ തലോടലുകൾ ആശ്വാസമാണോ ആനന്ദമാണോ കൊണ്ടുവന്നത് എന്ന് എനിക്ക് മനസ്സിലായില്ല. “ഞാൻ ഒരഅഭിപ്രായം പറയട്ടെ....” ടേബിളിന് മുകളിലൂടെ എന്റെ മുഖത്തോട്‌ അവളുടെ മുഖമടുപ്പിച്ച് ലിഡിയ ചോദിച്ചു.

“ഉം... പറയൂ ലിഡിയ...”  മൂന്നു ഗ്ലാസ്സ് വീഞ്ഞ് എന്റെ ആകുലതയെയൊക്കെ എന്നിൽനിന്ന് യാത്ര പറഞ്ഞയച്ചിരുന്നു. അവളുടെ സ്പർശനവും എന്റെ മുഖത്തേക്ക് ഒഴുകിവീണ ശ്വാസോച്ഛാസവും എന്റെ മനസ്സിലും ശരീരത്തിനും അപരിചിതമായ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നത് ഞാനറിഞ്ഞു. “നീ പാരീസിനൊന്നും പോകണ്ട. നമുക്ക് നിനക്ക് പറ്റിയ ഒരു ജോലി ഇവിടെ കണ്ടെത്താം....” എന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

“എനിക്ക് സ്റ്റുഡന്റസ് റസിഡന്റ് കാർഡ് ആണ്‌ ഉള്ളത്. അത് വച്ച് ജോലി ചെയ്യാൻ ഒത്തിരി നിബന്ധനകളുണ്ട്....” ലിഡിയക്ക് വിദേശികളെ സംബന്ധിച്ച നിയമങ്ങളൊന്നും അത്ര വശമില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ പറഞ്ഞു. “നമ്മളങ്ങ് കല്യാണം കഴിച്ചാൽ തീരാവുന്നതല്ലേയുള്ളു നിന്റെ ഈ പ്രശ്നങ്ങൾ?” അവളുടെ വാക്കുകൾ ഒരു കൊള്ളിയാൻ പോലെ എന്റെ ചെവികളിൽ മുഴങ്ങി. എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ ഞാൻ മരവിച്ചിരുന്നുപോയി. കഴിച്ചുതീർത്ത മുന്തിരിച്ചാറിൽനിന്ന് എന്നിലെത്തിയ വീര്യമെല്ലാം എന്റെ ഉള്ളിലെവിടെയോ വീണു മരിച്ചു.

English Summary:

Pravasiyude Parudeesa: Column by Babu Abraham, Chapter 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com