വാട്ടർഫോർഡിൽ സ്നേഹഭവനം പൂവിട്ടു: ലയയ്ക്കും കുടുംബത്തിനും പുതിയ കൂടാരം

Mail This Article
വാട്ടർഫോർഡ്∙ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മേപ്പാടി ജിഎസ്എസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ലയയുടെയും കുടുംബത്തിന്റെയും പുതിയ ഭവനമെന്ന സ്വപ്നത്തിന് വാട്ടർഫോർഡ് സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി താങ്ങായി.
ഇടവകാംഗമായ ആഷ്ലിൻ ഡിപിന്റെ പിതാവ് സണ്ണി വണ്ടന്നൂർ പാലാകുളിയിൽ സൗജന്യമായി നൽകിയ ഏഴ് സെന്റ് ഭൂമിയിലാണ് ഏകദേശം 18 ലക്ഷം രൂപ ചെലവിൽ ഈ സ്നേഹഭവനം നിർമിച്ചത്. "കരുണയല്ലിത് കടമയാണ്" എന്ന സന്ദേശവുമായി ഫാ. ജോമോൻ കാക്കനാട്ടിന്റെ നേതൃത്വത്തിൽ ഇടവക സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതോടെയാണ് ഈ സ്വപ്നം യാഥാർഥ്യമായത്.

ഫാ. ജോമോൻ കാക്കനാട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 12 അംഗ കൺസ്ട്രക്ഷൻ കമ്മിറ്റിയിലെ ലൂയിസ്, ടോം, ടെഡി, ജോസ്മോൻ, ജോജോ, സൈജു, എബി, ലിനറ്റ്, മനോജ്, അമിത്, രേഖ, സൗമ്യ എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. മേയ് 15ന് പുതിയ വീടിന്റെ താക്കോൽ ഫാ. ജോമോൻ ലയയുടെ കുടുംബത്തിന് കൈമാറി. മാനന്തവാടി കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.