ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് ഒരുങ്ങി വത്തിക്കാൻ. നാളെ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ 200ൽ അധികം വിദേശ ഔദ്യോഗിക പ്രതിനിധികൾ നാളെ വത്തിക്കാനിൽ സംഗമിക്കും. ഇറ്റാലിയയിലും വത്തിക്കാനിലും കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. വത്തിക്കാനിൽ ഏകദേശം 6000 പൊലീസ് ഉദ്യോഗസ്ഥരും 1000 സന്നദ്ധപ്രവർത്തകരും ഡ്യൂട്ടിയിലുണ്ടാകും.

രാവിലെ 10ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന കുർബാനയയിലും സ്ഥാനാരോഹണ ചടങ്ങുകളിലും വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് പ്രതിനിധി സംഘത്തെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് തലേദിവസം അദ്ദേഹത്തെ സന്ദർശിച്ച വാൻസ്, യുഎസിൽ നിന്നുള്ള ചരിത്രത്തിലെ ആദ്യത്തെ മാർപാപ്പയായ ലിയോ പതിനാലാമനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുൾപ്പെടെ ഇറ്റലിയിലെ നേതാക്കൾ സ്ഥാനാരോഹണ ചടങ്ങിൽ രാജ്യത്തെ പ്രതിനിധീകരിക്കും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയോർ സ്റ്റാർമർ, പുതിയ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, പുതിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ എന്നിവരും പങ്കെടുക്കും.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ചാൾസ് രാജാവും മകൻ പ്രിൻസ് വില്യമും ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഇളയ മകൻ പ്രിൻസ് എഡ്വേർഡ് ബ്രിട്ടനെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തും. ഞായറാഴ്ച വത്തിക്കാനിൽ പ്രതീക്ഷിക്കുന്ന മറ്റ് രാജകീയ പ്രതിനിധികളിൽ സ്പെയിനിലെ ഫിലിപ്പ്, ലെറ്റിസിയ, ബെൽജിയത്തിലെ ഫിലിപ്പ്, മാത്തിൽഡെ, മൊണാക്കോയിലെ ആൽബർട്ട്, ചാർലിൻ എന്നിവരും ഉൾപ്പെടുന്നു.

English Summary:

Inaugural mass of Pope Leo XIV on Sunday. World leaders will be present in Vatican.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com