ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം

Mail This Article
വത്തിക്കാൻ സിറ്റി ∙ ആഗോള കത്തോലിക്കാ സഭയുടെ 267–ാം മാർപാപ്പയായി ലിയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഇന്നു രാവിലെ 10 (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) നാണ് സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചത്. കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും.
പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാകും മാർപാപ്പ കുർബാനയ്ക്കെത്തുക. കുർബാനയിലെ ആദ്യ 2 വായനകൾ സ്പാനിഷ് ഭാഷയിലാണ്. സുവിശേഷവായന ലത്തീനിലും ഗ്രീക്കിലും. തുടർന്ന് ഡീക്കന്മാർ, വൈദികർ, മെത്രാന്മാർ എന്നിവരെ പ്രതിനിധീകരിച്ച് കുർബാനയിൽ പങ്കെടുക്കുന്ന 3 കർദിനാൾമാരിൽ ആദ്യത്തെയാൾ പാലിയം ധരിപ്പിക്കും.
രണ്ടാമത്തെയാൾ പാപ്പയ്ക്കായി പ്രത്യേക പ്രാർഥന ചൊല്ലും. മൂന്നാമത്തെയാൾ ‘ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് നീ’ എന്ന പത്രോസിന്റെ സാക്ഷ്യം ചൊല്ലി മാർപാപ്പയെ മോതിരം അണിയിക്കും. കുർബാന തുടരുന്ന മാർപാപ്പ അതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് നയിക്കും. നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാട്ടണും സംഘത്തിലുണ്ട്.
വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരാണു യുഎസ് പ്രതിനിധികൾ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്റോണി ആൽബനീസ്, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ്, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ചടങ്ങിൽ പങ്കെടുക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തോടു ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാകും ലിയോ പതിനാലാമൻ മാർപാപ്പ താമസിക്കുക. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ സെന്റ് മാർത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.