ഐക്യത്തിൽ ഒന്നാകണം; സ്നേഹത്തിൽ മുന്നേറാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ സ്ഥാനമേറ്റു

Mail This Article
വത്തിക്കാൻ സിറ്റി ∙ വെറുപ്പും സംഘർഷവും മുറിവുകൾ സൃഷ്ടിക്കുന്ന കാലത്ത്, സ്നേഹവും ഐക്യവും മുഖമുദ്രയാക്കി മുന്നേറാൻ ലിയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം. സഹോദരസഭകളുമായി ഐക്യപ്പെടണമെന്നും കത്തോലിക്കാ സഭയുടെ 267–ാം പരമാധ്യക്ഷനായി ചുമതലയേറ്റെടുത്തു കൊണ്ടുള്ള കുർബാനമധ്യേ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാർഥനാഗീതികൾ ഭക്തിനിർഭരമാക്കിയ കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രം എന്നറിയപ്പെടുന്ന പാലിയം, വിശുദ്ധ പത്രോസിന്റെ പിൻഗാമിയെന്നതിനു പ്രതീകമായി മുക്കുവന്റെ മോതിരം എന്നിവ പുതിയ മാർപാപ്പയെ അണിയിച്ചു. സ്നേഹം, ഐക്യം, സാഹോദര്യം എന്നീ വാക്കുകളിലൂന്നിയാണു ലിയോ മാർപാപ്പ കുർബാനയ്ക്കിടെ പ്രസംഗിച്ചത്.
ഐക്യത്തിൽ ഒന്നായ സഭയാകണം ലക്ഷ്യമെന്നു മാർപാപ്പ പറഞ്ഞു. എങ്കിൽ മാത്രമേ, ലോകത്തു സമാധാനത്തിന്റെ ചിഹ്നമായി സഭ അംഗീകരിക്കപ്പെടൂ. സഭകൾ തമ്മിലും ഐക്യമുണ്ടാകണം. വെറുപ്പും സംഘർഷവും മുൻവിധികളും ഭൂമിയെ ചൂഷണം ചെയ്തും ദരിദ്രരെ ഇല്ലായ്മകളിലേക്കു വീണ്ടും തള്ളിയിട്ടും കൊടികുത്തിവാഴുന്ന സാമ്പത്തിക മാതൃകകളും ലോകത്തു ഭിന്നത സൃഷ്ടിക്കുകയാണ്. അതിനിടയിൽ ഐക്യത്തിന്റെയും ഒരുമയുടെയും സൗഹാർദത്തിന്റെയും പാലങ്ങളായി വർത്തിക്കാൻ വിശ്വാസികൾ മുന്നോട്ടുവരണം.
ദൈവസ്നേഹത്തിലേക്കു വിളിക്കപ്പെട്ടവർ, ആ സ്നേഹത്തിന്റെ പാതയിലൂടെ ജീവിതം ക്രമപ്പെടുത്തണം. ഓരോ സമൂഹത്തിന്റെയും വ്യക്തിയുടെയും തനിമകളെയും പാരമ്പര്യത്തെയും മാനിച്ചുകൊണ്ട് ക്രിസ്തുവിന്റെ അനുയായികളാകാൻ പരിശ്രമിക്കണമെന്നും മാർപാപ്പ പറഞ്ഞു.
യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ നേതൃത്വത്തിലാണു പ്രതിനിധി സംഘമെത്തിയത്. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങിന്റെ നേതൃത്വത്തിലെത്തിയ ഇന്ത്യൻ സംഘവും സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷികളായി.