റോബോടാക്സികൾ റെഡിയെന്ന് ഊബർ; ഡ്രൈവറില്ലാത്ത കാറുകൾ 2027 മുതൽ മതിയെന്ന നിലപാടിൽ ബ്രിട്ടിഷ് സർക്കാർ

Mail This Article
ലണ്ടൻ ∙ ഡ്രൈവർ ഇല്ലാത്ത കാറുകൾക്ക് ബ്രിട്ടിഷ് റോഡുകളിൽ അനുമതി നൽകുന്നത് വൈകിപ്പിച്ച് സർക്കാർ. 2026 മുതൽ റോബോട്ടിക് കാറുകൾക്ക് അനുമതി നൽകാനായിരുന്നു മുൻ സർക്കാരിന്റെ തീരുമാനം. എന്നാൽ അൽപംകൂടി വൈകി 2027 അവസാനപാദത്തിൽ മാത്രം റോബോട്ടിക് കാറുകൾക്ക് നിരത്തിലിറങ്ങാൻ അനുമതി നൽകിയാൽ മതിയെന്നാണ് ലേബർ സർക്കാരിന്റെ തീരുമാനം.
എന്നാൽ ഇപ്പോൾ തന്നെ തങ്ങൾ റോബോടാക്സികൾ ബ്രിട്ടനിലെ നിരത്തുകളിൽ ഇറക്കാൻ സർവസജ്ജരാണെന്നാണ് ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന്റെ നിലപാട്. നിലവിൽ വളരെ പരിമിതമായ രീതിയിലും പരീക്ഷണാടിസ്ഥാനത്തിലും ചില റോഡുകളിൽ ഇത്തരം വാഹനങ്ങൾക്ക് ബ്രിട്ടനിൽ അനുമതിയുണ്ട്. ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യയിലും ഈ പരീക്ഷണ ഓട്ടങ്ങൾക്ക് കാറിൽ ഡ്രൈവറുടെ സാന്നിധ്യം ഉണ്ടാകണം. കാറിന്റെ ഉത്തരവാദിത്വവും അവർ ഏൽക്കേണ്ടതുണ്ട്.
അമേരിക്ക, ചൈന, സിങ്കപ്പൂർ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഡ്രൈവറില്ലാത്ത കാറുകൾക്ക് നിരത്തിലിറങ്ങാൻ ഇപ്പോൾ അനുമതിയുള്ളത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ കാറുകൾക്ക് ബ്രിട്ടൺ അനുമതി വൈകിപ്പിക്കുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഊബർ പറയുന്നത്. ഡ്രൈവറില്ലാത്ത കാറുകളിൽ യാത്രചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്നു കരുതുന്നവരാണ് ബ്രിട്ടനിലെ ജനങ്ങളിൽ 37 ശതമാനവും. 2024ൽ യുഗോവ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തലുള്ളത്.
ജനകീയ അഭിപ്രായം എതിരായതാണ് എഐ സഹായത്തോടെയുള്ള ഈ കണ്ടുപിടിത്തത്തിന് വളരെ കരുതലോടെ മാത്രം ഇടംകൊടുക്കാൻ ബ്രിട്ടനെ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വത്തിനും അതീവ പ്രാധാന്യം നൽകുന്ന ബ്രിട്ടൺ എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷ ഉറപ്പാക്കിയേ ഇത്തരമൊരു ചുവടുവയ്പിന് തയാറാകൂ എന്നാണ് വിലയിരുത്തൽ.
കാൽനടക്കാർ, വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, ഹെവി ട്രാഫിക്, താൽകാലിക ട്രാഫിക് ലൈറ്റുകൾ, തലങ്ങും വിലങ്ങും പായുന്ന ഡെലിവറി ബോയ്സ് എന്നിവരുടെയെല്ലാം സുരക്ഷ കണക്കിലെടുക്കാതെ ഡ്രൈവർലസ് കാറുകൾക്ക് അനുമതി ഉണ്ടാകില്ല.
യാത്രക്കാരുടെ സുരക്ഷ, അപകടമുണ്ടായാലുള്ള തുടർ നടപടിക്രമങ്ങൾ, ഇൻഷുറൻസ് പരിരക്ഷയുടെ മാനദണ്ഡങ്ങൾ എന്നിവയെല്ലാം നിർവചിച്ചും പുനർനിർവചിച്ചും മാത്രമേ ഈ പരീക്ഷണം സാധ്യമാകൂ.