വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്ക്; സ്വപ്‌നങ്ങൾ പേറിയുള്ള യാത്രയ്ക്ക് തുടക്കം

Mail This Article
നിയമവിരുദ്ധമായും അല്ലാതെയും എങ്ങനെയെങ്കിലുമൊക്കെ യൂറോപ്പിൽ എത്തുന്ന പലരും പണം മുടക്കിയും പ്രണയിച്ചും അവിടുത്തുകാരായ ആളുകളെ ഔദ്യോഗികമായി വിവാഹം കഴിച്ച് പി ആറും പൗരത്വവുമൊക്കെ ഒപ്പിച്ചെടുക്കുന്ന രീതി ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും എം ഫിൽ പഠിക്കാനായി പാരീസിലേക്ക് പോകുന്നതിനു പകരം ലിഡിയ പറഞ്ഞതുപോലെ അവളെ കല്ല്യാണം കഴിച്ച് പേപ്പർ ഉണ്ടാക്കുന്നതിനെക്കുറിച്ച് എനിക്ക് സങ്കൽപ്പിക്കാൻ ആകുമായിരുന്നില്ല.
“നീ എന്താ ഈ ആലോചിച്ചിരിക്കുന്നത്?”
ഓർമകളുടെയും ആകുലതകളുടെയും കയത്തിൽ പെട്ടുകിടന്ന എന്നോട് ലിഡിയ ചോദിച്ചു. എന്റെ വിരലുകൾ അവളുടെ കൈകളിൽ എടുത്തു തലോടുമ്പോളും അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. അവളുടെ കൈകൾ എന്റെ വിരലുകളെ പൊള്ളലേൽപ്പിച്ചു. എന്റെ മനസ്സിൽ അരുതാത്തതെന്തോ എന്നെ കാത്തിരിക്കുന്നതിന്റെ വേവലാതി കൂടിക്കൂടിവന്നു. ഞാൻ വാച്ചിലേക്ക് ഒന്ന് നോക്കി.
“വരൂ.. നമുക്ക് പോകാം…”
ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞത് ലിഡിയ അമ്പരപ്പോടെയാണ് നോക്കിയത്.
“നീ എന്താ ഇങ്ങനെ ധൃതി പിടിക്കുന്നത്? ഞാൻ ചോദിച്ചതിന് നീ മറുപടിയൊന്നും പറഞ്ഞില്ലല്ലോ''. അവൾ എന്റെ കയ്യിലെ പിടിവിടാതെ തന്നെ ചോദിച്ചു.
'മമ്മ കാത്തിരിക്കുകയാകും. ഉച്ചഭക്ഷണത്തിന് സമയം വൈകി. ഞങ്ങൾ സാധാരണ പന്ത്രണ്ട് മണിക്ക് കഴിക്കുന്നതാണ്. ഇപ്പോൾത്തന്നെ പന്ത്രണ്ടര കഴിഞ്ഞു'. ഞാൻ ഒഴിവു കഴിവുകൾ പറഞ്ഞതായിരുന്നില്ല. മമ്മയോടൊപ്പമുള്ള ദിവസങ്ങളിൽ അടുക്കളയിൽത്തന്നെയുള്ള, രണ്ടു പേർക്ക് മാത്രമുള്ള ടേബിളിൽ ഇരുന്നു പന്ത്രണ്ട് മണിയോടെ ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു.
“എല്ലാ ദിവസവും ഒരേ സമയത്ത് ഒന്നിച്ചിരുന്നു കഴിക്കണമെന്ന് നിർബന്ധമൊന്നും ഇല്ലല്ലോ…”
അൽപ്പം നീരസത്തോടെയാണ് ലിഡിയ അത് പറഞ്ഞത്.
“എങ്ങനെയുണ്ട് ലിഡിയ. കോളേത്ത് എനിക്കാരാണ് എന്ന് നിനക്ക് മനസ്സിലാവില്ല. അവർ ഇല്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും ഇവിടെ ഇപ്പോൾ നിന്റെ അടുക്കൽ ഉണ്ടാകുമായിരുന്നില്ല. വാ നമുക്ക് പോകാം.”ഒറ്റയടിക്ക് പറഞ്ഞു തീർത്തിട്ട് ഞാൻ അവളുടെ കൈകൾ വിടുവിച്ചു വാതിൽക്കലേക്ക് നടന്നു. ബിസ്ട്രോ ബാറിന്റെ മുന്നിലെ കാർ പാർക്കിങ്ങിൽ കുറേനേരം കാത്തുനിന്ന് കഴിഞ്ഞാണ് അവൾ വന്നത്. പതിനഞ്ച് കിലോ മീറ്റർ അകലെയുള്ള ബുദ്രാക്കിലേക്കുള്ള ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചില്ല. മമ്മയുടെ വീടിരിക്കുന്ന മൊട്ടക്കുന്നിന്റെ മുകളിൽ കുറ്റിക്കാടിനിപ്പുറമുള്ള കനാലിന്റെ ഓരം പറ്റി അവൾ കാർ നിർത്തി.
“ഞാൻ കോളേത്തിന്റെ വീട്ടിലേക്ക് വരുന്നില്ല. അവർക്ക് എന്നെ അത്ര ഇഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ”. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങുമ്പോൾ അവൾ പറഞ്ഞു. വേനൽച്ചൂട് പിന്നീട് വരാൻ പോകുന്ന ശൈത്യത്തിന്റെ തീവ്രത വിളിച്ചു പറഞ്ഞു. ലിഡിയയും കാറിൽ നിന്നിറങ്ങി.
“ഞാൻ പറഞ്ഞത് നീ സീരിയസ് ആയിട്ട് ഒന്ന് ചിന്തിച്ചു നോക്ക്. നിന്റെ നന്മയെ കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത്. പിന്നെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. നിന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്കും അങ്ങനെയാണ് തോന്നിയിട്ടുള്ളത്”. ലിഡിയ അത് പറഞ്ഞുകൊണ്ട് എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ ചേർത്തു.
“നോ ലിഡിയ. എനിക്കിതു പറ്റില്ല. നിന്നെ എനിക്ക് ഇഷ്ടമാണ് എന്നത് ശരിയാണ്. പക്ഷേ അത് ഒരു സുഹൃത്തിനോടോ സഹോദരിയോടോ ഉള്ള ഒരിഷ്ടം മാത്രമാണ്. അല്ലാതെ എനിക്ക് നിന്നോട് മറ്റൊരു തരത്തിലുള്ള ആകർഷണവുമില്ല”. അവളുടെ മുഖം പിടിച്ചു മാറ്റി ഞാൻ പിന്നോട്ട് മാറുമ്പോൾ പറഞ്ഞു. അവളുടെ മുഖം അനിഷ്ടവും നിരാശയും കൊണ്ടാകണം ചുവന്നു തുടുത്തത്. എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട് അവൾ കാറിൽ കയറി വേഗത്തിൽ ഓടിച്ചുപോയി.
പിന്നീടൊരിക്കലും അവൾ എന്നോട് മിണ്ടിയിട്ടില്ല. ഞാൻ വരുന്ന വഴികൾ അവൾ ഒഴിവാക്കി. കാണാൻ സാധ്യതയുള്ള അവസരങ്ങളിൽപ്പോലും അവൾ എത്താതെയായി. അകലെവച്ചു പോലും അവളെ കണ്ടാൽ ആ മുഖത്ത് എന്നോടുള്ള ദേഷ്യമോ പകയോ ഒക്കെ എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. ഒരു വിധത്തിൽ അത് അനുഗ്രഹമായിത്തന്നെയാണ് ഞാൻ കണ്ടതും.
കനാലിനു മുകളിലൂടെയുള്ള പാലവും കടന്ന് ഇറക്കമിറങ്ങി വീട്ടിൽ എത്തിയപ്പോളും മമ്മ കഴിച്ചിരുന്നില്ല. കുർബാന കഴിഞ്ഞപ്പോൾ കണ്ട ദേഷ്യഭാവമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല. പുഞ്ചിരിയോടെ വന്ന് അടുക്കളയുടെ വാതിൽ തുറന്നിട്ട് എന്നെ ചേർത്തു പിടിച്ചു ഇരു കവിളുകളിലും ഉമ്മ തന്നാണ് മമ്മ എന്നെ അന്ന് സ്വീകരിച്ചത്.
“കുടിക്കൂ…”
രണ്ട് ഗ്ലാസ്സുകളിൽ റെഡ് വൈൻ പകർന്നുകൊണ്ട് മമ്മ പറഞ്ഞു. “ലിഡിയയുടെ കൂടെ ഞാൻ മൂന്നു നാല് ഗ്ലാസ്സ് വീഞ്ഞ് കുടിച്ചിരുന്നു.” മടിച്ചുമടിച്ചാണ് ഞാനത് പറഞ്ഞത്. “അത് ബാബുവിനെ കണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായിരുന്നു. എന്തായാലും ഞായറാഴ്ചയല്ലേ. ഒരു വൈൻ നമുക്ക് ഒന്നിച്ചാകാം. പക്ഷേ ഇതൊരു ശീലമാക്കാനൊന്നും പോകണ്ട കേട്ടോ ”.
ചിയേഴ്‌സ് പറഞ്ഞു വീഞ്ഞ് നുകരുമ്പോൾ മമ്മ പറഞ്ഞു.
“ഞാൻ ഇന്നൽപ്പം ഇമോഷണൽ ആയിപ്പോയി. പള്ളി കഴിഞ്ഞപ്പോൾ ആളുകൾ അങ്ങനൊക്കെ പറഞ്ഞു ചിരിച്ചപ്പോൾ എന്റെ കൺട്രോൾ അങ്ങ് പോയി. ബാബു ഇതൊന്നും കാര്യമാക്കണ്ട. ഞാനും അത് തമാശയായി എടുത്താൽ മതിയായിരുന്നു.”
ഒരു ചെറു ചിരിയോടെയാണ് മമ്മ പറഞ്ഞത്. ഞാൻ പുഞ്ചിരിക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
“അതെന്താ ആ ലിഡിയ ബാബുവിനെ പാതി വഴിയിൽ ഇറക്കി വിട്ടോ?”
ഒരു കുസൃതിച്ചിരിയോടെയാണ് മമ്മ ചോദിച്ചത്. മറുപടിയൊന്നും പറയാനാവാതെ ഞാൻ വീഞ്ഞ് ഗ്ലാസും പിടിച്ചങ്ങനങ്ങിരുന്നു.
“അല്ലെങ്കിലും അത് നോർമലാ. ലിഡിയക്ക് അറിയാം എനിക്കവളെ വലിയ ഇഷ്ടമൊന്നും അല്ലെന്ന്. അവളുടെ കൂടെക്കൂടി ബാബു വല്ല പൊല്ലാപ്പിലും ചെന്നു പെടുമോ എന്നാ എന്റെ പേടി”. കുഴിവുള്ള പാത്രങ്ങളിലേക്ക് സൂപ്പ് വിളമ്പുമ്പോൾ മമ്മ പറഞ്ഞു.
“അതിന് ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ മമ്മ. അങ്ങനങ്ങു ചെന്ന് പൊല്ലാപ്പിൽ ചാടുന്നതെങ്ങനെയാ…? എനിക്ക് ഇരുപത്തിയാറ് വയസായില്ലേ…”
ഞാൻ എന്നെത്തന്നെ വിശുദ്ധനാക്കാനുള്ള ന്യായീകരണത്തൊഴിലാളി ആയി മാറി.
“അതൊക്കെ ശരിയാ. പക്ഷേ നീ ഫ്രാൻസിൽ പുതിയതല്ലേ. എളുപ്പ വഴികളിൽ ക്രിയ ചെയ്യാനുള്ള പാടവമൊക്കെ ആ പെണ്ണിനുണ്ട് എന്ന് എനിക്ക് നന്നായി അറിയാം.”
ലാന്ന്മേസോം ടൗണിലെ ബിസ്ട്രോ ബാറിൽ വച്ചുണ്ടായ സംസാരവും മമ്മയുടെ വീടിനു മുകൾ വശത്തുള്ള കനാലിന്റെ അരികിൽ വച്ചുണ്ടായ പ്രണയ പ്രസ്താവനയുമൊക്കെ മമ്മയോട് ഞാൻ വിവരിച്ചു.
“ഇതൊക്കെ തന്നെയാ ഞാൻ ബാബുവിനോട് പറഞ്ഞതും ”.
ഒന്നു നിർത്തിയിട്ട് മമ്മ തുടർന്നു.
“ഏറ്റവും എളുപ്പ വഴിയിലൂടെ ജീവിച്ചു തീർക്കാൻ എപ്പോഴും ഇഷ്ടമുള്ള ഒരു മൃഗമാ മനുഷ്യൻ. ബുദ്ധിമുട്ടുകളും കഷ്ടപ്പാടും, എന്തിന് പണി എടുക്കുന്നതുപോലും ഒഴിവാക്കി കിട്ടാൻ നമ്മൾ എപ്പോളും നോക്കും. അതാണ് നമ്മൾ നമ്മുടെ മനസ്സിനെ മിക്കപ്പോഴും പറഞ്ഞു പഠിപ്പിച്ചു വയ്ക്കുക ”.
മമ്മ അത് പറയുമ്പോൾ ഏറെ ശാന്തയായിരുന്നു. ലിഡിയയോടുള്ള പതിവ് അനിഷ്ടം ആ മുഖത്തുണ്ടായിരുന്നില്ല.
“ഏയ് ഞാൻ അങ്ങനൊന്നും അല്ല മമ്മ. ഞാൻ കഷ്ടപ്പെടാനും പണിയെടുക്കാനുമൊക്കെ തയാറാ”.
എന്റെ ആ മറുപടി പോലും മമ്മ ശ്രദ്ധിച്ചില്ലെന്ന് എനിക്ക് തോന്നി.
“ആ കുട്ടിയെ കല്ല്യാണം കഴിച്ചാൽ ആവശ്യമായ പേപ്പറുകളും ജോലിയും ഫ്രാൻസിൽ കിട്ടുമെങ്കിൽ പിന്നെന്തിനാണ് ഇനിയും വർഷങ്ങൾ പണിയെടുത്തു പഠിച്ചു അതേ കാര്യങ്ങൾ നേടാൻ നോക്കുന്നതെന്നു നിന്നെപ്പോലൊരാൾ ചിന്തിച്ചാൽ തെറ്റൊന്നും പറയാൻ കഴിയില്ല”. പാത്രങ്ങൾ പെറുക്കി വാഷ് ബേയ്സണിലേക്ക് ഇടുമ്പോൾ മമ്മ പറഞ്ഞു.
“വെറുതെ കിട്ടുന്ന ഒന്നിനും കഷ്ടപ്പെട്ട് നേടിയെടുക്കുന്നതിന്റെ വില ഉണ്ടാകില്ല. ഒരോ ജോലിയും മാന്യത ഉള്ളതു തന്നെയാണ്. എന്നാൽ നമ്മുടെ സ്വപ്‌നങ്ങൾ പിൻതുടർന്ന്, അവയ്ക്കു വേണ്ടി ദിവസവും കഠിനമായി പരിശ്രമിച്ചുണ്ടാക്കുന്ന നേട്ടം പോലല്ല ഒരിക്കലും ആരെങ്കിലും വെറുതെ വെച്ചു നീട്ടുന്ന അർഹിക്കാത്ത സമ്മാനപ്പൊതികൾ. എളുപ്പവഴികളിലൂടെ ഒപ്പിച്ചെടുക്കുന്ന പേപ്പറുകളും അതിലൂടെ കിട്ടുന്ന ജോലിയുമൊന്നും നിന്റെ സ്വപ്നങ്ങളുമായി ഒരു മാച്ചും ഉണ്ടാകില്ല ”.
എന്റെ നേരെ തിരിഞ്ഞു കണ്ണുകളിലേക്ക് ഇമയെടുക്കാതെ നോക്കിക്കൊണ്ട് മമ്മ അത് പറയുമ്പോൾ കരുതലോടും ബോധ്യങ്ങളോടും കൂടി അമ്മ പണ്ട് സംസാരിച്ചിരുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
“എന്റ പെരുമാറ്റം ലിഡിയയോട് എനിക്ക് പ്രേമം ഉണ്ടെന്ന രീതിയിൽ എപ്പോഴെങ്കിലും ആയിരുന്നോ എന്നുള്ളതാണ് എന്റെ കുറ്റബോധം. എനിക്ക് അങ്ങനെ ഒരിഷ്ടം അവളോട് ഒരിക്കലും തോന്നിയിട്ടില്ല എന്നതാണ് സത്യം”. ഞാൻ അത് പറയുമ്പോൾ മമ്മ എന്നെ തെറ്റിദ്ധരിക്കും എന്ന ആകുലതയും എനിക്കുണ്ടായിരുന്നിരിക്കണം.
“അങ്ങനെ തോന്നുന്ന എല്ലാ ആകർഷണങ്ങളും പ്രണയമാണ് എന്ന് ബാബുവിനോട് ആരാ പറഞ്ഞത്. ആ കുട്ടിക്ക് തന്നോട് തോന്നുന്നത് ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന തോന്നലിൽ നിന്നുണ്ടാകുന്ന കൺഫ്യൂഷനിൽ നിന്നാകാം. പിന്നെ കിട്ടുന്ന കൂട്ട് ഒരു നല്ല പയ്യനാണേൽ കൂടുതൽ നല്ലതല്ലേ?. പിന്നെ ബാബുവിന് ലിഡിയയോട് ഒരു ആകർഷണം തോന്നിയെന്നിരിക്കട്ടെ. അതിലെന്താ തെറ്റ്? അതൊക്കെ നോർമലാ. പിന്നെ അതിനെയൊക്കെ പ്രണയം എന്ന് പറഞ്ഞു നീ എന്തിനാ ഗ്ലോറിഫൈ ചെയ്യുന്നത്? ഇതൊക്കെ നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ ഒരോ കളികളാ. അത് മനസ്സിലാക്കി നമ്മൾ ജീവിക്കണം എന്നേയുള്ളു. പ്രണയം ശരിക്കും തോന്നുമ്പോൾ ആരും പറയാതെ തന്നെ നമ്മുടെ ഉള്ളിൽ അത് തോന്നും. മനസ്സിലിരുന്ന് ആരോ ഒരോ നിമിഷവും അധികം ഒച്ചവയ്ക്കാതെ പറയും. നമ്മൾ അത് കേൾക്കുന്നില്ലെന്ന് കണ്ടാൽ ആ പറച്ചിൽ കൂടുതൽ കൂടുതൽ ഉച്ചത്തിലാകും. ലിഡിയ എന്ന പെണ്ണ് ജീവിതത്തിൽ ബാബു കണ്ടുമുട്ടിയ ഒരു വ്യക്തി എന്ന് മാത്രമേയുള്ളു ”.
ഉച്ചഭക്ഷണം കഴിഞ്ഞു ഒരോ ഫിൽറ്റർ കാപ്പിയും കുടിച്ചുകൊണ്ടിരിക്കുമ്പോൾ മമ്മ പറഞ്ഞതിന് മറുപടിയൊന്നും പറയാനറിയാതെ ഒരു കുട്ടിയെപ്പോലെ ഞാനാ കണ്ണുകളിലേക്ക് നോക്കിയിരുന്നു. എന്റെ മറുപടിയൊന്നും മമ്മ പ്രതീക്ഷിച്ചിരുന്നുമില്ല എന്ന് എനിക്ക് തോന്നുകയും ചെയ്തു.
തൊട്ടടുത്ത ദിവസം മമ്മ എന്നെ ലൂർദിൽ കൊണ്ടുചെന്നാക്കി. പാരീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ചാരിറ്റി വൈദികർ ചെറുപ്പക്കാരായ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ മൂന്നു ദിവസത്തെ ക്യാംപിൽ പങ്കെടുക്കാൻ ആയിരുന്നു ആ യാത്ര. പത്തോളം യുവതീ യുവാക്കൾ പങ്കെടുത്ത ആ ക്യാംപിൽ ഒരു ചൈനക്കാരനും ഞാനുമൊഴികെ ബാക്കി എല്ലാവരും ഫ്രഞ്ചുകാർ ആയിരുന്നു.
തിങ്കളാഴ്ച ഏകദേശം നാലുമണിയോടെയാണ് ഞങ്ങൾ മമ്മയുടെ ഗ്രാമമായ ബുദ്രാക്കിൽ നിന്ന് പുറപ്പെട്ടത്. ലാന്ന്മേസോം ടൗൺ കഴിഞ്ഞു താർബ് സിറ്റിയുടെ പുറത്തുകൂടി പോകുന്ന മോട്ടോർവേ ലൂർദ് എയർപോർട്ടിനു മുന്നിലൂടെ നീങ്ങുമ്പോൾ മൂന്നു മാസങ്ങൾക്ക് മുൻപ് ഞാൻ ഇന്ത്യയിൽ നിന്നു സ്ഥിരതാമസത്തിനായി എത്തിയതിന്റെ ഓർമകളും കൂടെക്കൂടി. ലൂർദ് റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള റോഡിലൂടെ കാർ ഗ്രോട്ടോയുടെ മുകൾ വശത്തുള്ള വഴി കയറി ചാപ്ലൻസ് റസിഡൻസ് കെട്ടിടത്തിന്റെ താഴെയായി മമ്മ പാർക്ക് ചെയ്തു. പുറത്തിടുന്ന ഒരു ബാഗിൽ മൂന്നു ദിവസത്തേക്കുള്ള എന്റെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കാറിന്റെ ഡിക്കിയിൽ മയങ്ങിക്കിടന്നു.
രണ്ടു നില ഇരട്ട ബസിലിക്കയുടെ മുന്നിലൂടെ നടന്നു താഴെ എത്തിയിട്ട് ഞങ്ങൾ രണ്ടുപേരും ഗ്രോട്ടോയിലേക്ക് നടന്നു. പാറക്കെട്ടിന്റെ വിടവിന് വലതുവശം ചേർന്നുള്ള ഒരു വലിയ പൊത്തിൽ കൈകൂപ്പി നിന്ന ലൂർദ് മാതാവ് മമ്മയേയും എന്നേയും കൺ കുളിർക്കേ കണ്ടിട്ടുണ്ടാവണം. രണ്ടു പേരുടെയും പ്രാർഥനകൾ ഒന്നു തന്നെ ആയതിനാൽ ആയിരിക്കണം മാതാവ് അവയെയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചത്.
എനിക്കായി പുതിയ വാതിലുകൾ തുറക്കാൻ മാതാവ് കർത്താവിന്റെ മുന്നിൽ പ്രാർഥിച്ചിരിക്കണം. പിന്നീട് വന്ന മൂന്നു ദിവസങ്ങൾ അങ്ങനെയൊക്കെയാണ് എന്നെ തോന്നിപ്പിച്ചത്. വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്കും, ആ നഗരം എനിക്കായി ഒരുക്കി കാത്തിരുന്ന ഇരുട്ടുകളിലേക്കും കൈകൾ വിടർത്തി മാതാവെന്നെ അന്ന് വിളിച്ചിരുന്നോ? എന്റെ സ്വപ്‌നങ്ങൾ പേറിയുള്ള യാത്ര അന്ന് ലൂർദിലെ മരിയൻ ഗ്രോട്ടോയിലാണ് ആരംഭിച്ചത്. ഗ്രോട്ടോയുടെ ഉള്ളിൽ തറയുടെ അങ്ങേ അറ്റത്തെ കുഴിയിൽ നിന്ന് നിത്യ ഉറവയിലെ വെള്ളം കരകവിഞ്ഞൊഴുകി. മാതാവിന്റെ വിശുദ്ധ രൂപത്തിന് ചുവട്ടിൽ കത്തിനിന്ന തിരികളൊന്നും കാറ്റിൽ അണഞ്ഞു പോയില്ല.
(ലേഖകന്റെ ഇ-മെയിൽ:abrahambabufr@gmail.com)