ഫ്രാൻസിൽ ആ ശീലം 'കട്ടപ്പുക'; സിഗരറ്റിനു നിരോധനം ഏർപ്പെടുത്തി രാജ്യം

Mail This Article
കടലാസിൽ പൊതിഞ്ഞ പ്രണയമെന്നും കലാപമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന സിഗരറ്റിനു ഫ്രാൻസിൽ നിരോധനം. ജൂലൈ ഒന്നുമുതൽ പൊതു സ്ഥലത്ത് സിഗരറ്റ് വലിക്കുന്നവർ വൻ പിഴ നൽകേണ്ടിവരും. ആരോഗ്യമന്ത്രി കാതറിൻ വോട്രിൻ പ്രഖ്യാപിച്ച പുതിയ നിയന്ത്രണമാണിത്.
പുകവലിക്കാനുള്ള സ്വാതന്ത്ര്യം ശുദ്ധവായു ശ്വസിക്കാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നുവെന്നു മന്ത്രി വ്യക്തമാക്കി. 90% സിനിമകളിലും പുകവലി ചിത്രീകരിക്കുന്ന രാജ്യമാണു ഫ്രാൻസ്. ഹോളിവുഡിൽ 50% പോലുമില്ല. വിമാനത്തിൽ പോലും പുകവലിക്കാൻ ഏറെക്കാലം എയർ ഫ്രാൻസ് അനുമതി നൽകിയിരുന്നു.
വർഷം തോറും 75,000-ത്തോളം ആളുകൾ പുകയില മൂലമുള്ള രോഗങ്ങളാൽ ഫ്രാൻസിൽ മരിക്കുന്നു. ബ്രിട്ടൻ, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ പൊതുസ്ഥലങ്ങളിൽ കർശനമായ പുകവലി നിരോധനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഫ്രാൻസിലും നിയന്ത്രണം.