ADVERTISEMENT

തിരുവനന്തപുരം∙ ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലെ അഭിമുഖ പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 

നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലാണ് (www.norkaroots.org) പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 4,200 അപേക്ഷകരില്‍ നിന്നും ചുരുക്കപട്ടികയിൽ ഇടം നേടിയ 360 പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നാണ് 250 പേരെ തിരഞ്ഞെടുത്തത്. 

ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ കീഴിലെ പ്ലേയ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അഭിമുഖം നടത്തിയത്. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി 1,000 പേരുടെ റിക്രൂട്ട്‌മെന്റ് എന്ന മികച്ച നേട്ടം ഈ വര്‍ഷം സാധ്യമാകുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.  

തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജർമന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കണം. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായും സൗജന്യമാണ്. ജര്‍മനിയില്‍ നിയമനത്തിനുശേഷം ബി 2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. 

ആദ്യ ചാന്‍സില്‍ എ 2 അല്ലെങ്കില്‍ ബി 1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. ജർമനിയിലെ റജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്നതനുസരിച്ച് കുടുബാംഗങ്ങളേയും കൊണ്ടു പോകാനുള്ള അവസരവും ലഭിക്കും. 

നോര്‍ക്ക റൂട്ട്‌സ്,  ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജർമന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോ-ഓപ്പറേഷൻ എന്നിവ ചേർന്ന് നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക്: നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

English Summary:

Norka Published Triple Win 7th phase List of 250 nurses , with plans to fill 1000 positions this year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com