ജർമനിയിൽ കെട്ടിട നിർമാണത്തിനിടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോൺ നഗരം ഒഴിപ്പിച്ചു

Mail This Article
കൊളോണ്‍ ∙ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് ജർമനിയിലെ കൊളോണിൽ നിന്ന് 20,000 പേരെ ഒഴിപ്പിച്ചു. കെട്ടിട നിർമാണത്തിനിടെ കണ്ടെത്തിയ മൂന്ന് അമേരിക്കൻ നിർമിത ബോംബുകളാണ് നിർവീര്യമാക്കുന്നത്. ഇതിൽ രണ്ടെണ്ണം 20 ടൺ ബോംബുകളും ഒരെണ്ണം 10 ടൺ ബോംബുമാണ്.
ബുധനാഴ്ച രാവിലെ എട്ടിന് റൈൻ നദിയുടെ ഇരുവശങ്ങളിലുമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം അടച്ചുപൂട്ടി ആളുകളെ ഒഴിപ്പിച്ചു. ഈ ഒഴിപ്പിക്കൽ നഗരത്തിലെ നിരവധി അടിസ്ഥാന സൗകര്യങ്ങളെയും സ്ഥാപനങ്ങളെയും ബാധിച്ചു. ആർടിഎൽ ടിവി സ്റ്റേഷന്റെ ലൈവ് സംപ്രേഷണം നിർത്തിവയ്ക്കേണ്ടി വന്നു. എഡ്വേർഡ്സ് ഹോസ്പിറ്റൽ, രണ്ട് റിട്ടയർമെന്റ് ഹോമുകൾ, കൊളോൺ മെസ്സെ/ഡോയ്റ്റസ് ട്രെയിൻ സ്റ്റേഷൻ, കെവിബി ലൈനുകളിലെ സ്റ്റോപ്പുകൾ, ട്രേഡ് ഫെയർ സെന്റർ, ആർടിഎൽ, എച്ച്ഡിഐ ഇൻഷുറൻസ്, എൽവിആർ, ലാൻസെസ് അരീന, മ്യൂസിക്കൽ ഡോം, ഫിൽഹാർമോണിക് ഹാൾ, മ്യൂസിയങ്ങൾ, റൈനിന്റെ ഇരുവശത്തുമുള്ള നഗരത്തിന്റെ വലിയ ഭാഗങ്ങൾ, 58 ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, ഒൻപത് സ്കൂളുകൾ, ഡേകെയർ സെന്ററുകൾ എന്നിവ ഒഴിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. കൊളോൺ മെയിൻ റെയിൽവേ സ്റ്റേഷനിലും തടസ്സങ്ങളുണ്ടായി.
സ്വകാര്യ താമസ സൗകര്യം ലഭിക്കാത്തവർക്കായി രണ്ട് കോൺടാക്ട് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ നിർവീര്യമാക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ജർമനിയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏകദേശം 20,000ത്തോളം പൊട്ടാത്ത ബോംബുകൾ ഇപ്പോഴുമുണ്ടെന്നാണ് വിദഗ്ധരുടെ കണക്ക്. കൊളോൺ പ്രദേശത്ത് നിന്ന് ഇതിനകം നൂറോളം ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയിട്ടുണ്ട്.