ജര്‍മനിയിലെ ഷ്ളോസ്ഗ്രാബെന്‍ ഫെസ്റ്റിവലില്‍ തിളങ്ങാൻ മലയാളി

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ശബ്ദമായി മാറിയ ദി വോയ്സ് കിഡ്സ് 2025 ലെ അനന്തു മോഹന്‍ ജര്‍മനിയിലെ ഷ്ളോസ്ഗ്രാബെന്‍ ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. ഹെസന്‍ സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ഡാംസ്റ്റാട്ടില്‍ വര്‍ഷം തോറും നടക്കുന്ന പ്രശസ്തമായ ഷ്ളോസ്ഗ്രാബെന്‍ ഫെസ്റ്റിവലില്‍ ജൂണ്‍ ഏഴിനും എട്ടിനുമാണ് പരിപാടി.
1,00000 ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജര്‍മനിയിലെ ഏറ്റവും വലിയ ഓപ്പണ്‍ - എയര്‍ സംഗീത പരിപാടികളില്‍ ഒന്നായ ഷ്ളോസ്ഗ്രാബെന്‍ ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ 15 കാരനായ അനന്തുവിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
ദി വോയ്സ് കിഡ്സ് 2025 ലെ തന്റെ മികച്ച പ്രകടനത്തില്‍ ഏറെ ശ്രദ്ധ നേടി, ഡ്രംസ് വായനയ്ക്കൊപ്പം അതിശയിപ്പിക്കുന്ന ഗാനാലാപനവും ഏവരേയും സംഗീതത്തിന്റെ താളലയങ്ങളില്‍ അലിയിക്കും. മെനെസ്കിന്റെ 'ബെഗ്ഗിന്‍' എന്ന ഗാനം സമൂഹമാധ്യമത്തിൽ വൈറലായന്നു മാത്രമല്ല, രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ ആസ്വദിക്കുകയും യുവകലാകാരന്റെ കഴിവിന് അംഗീകാരവും പ്രശംസയും ലഭിച്ചത് അപൂര്‍വ ഭാഗ്യമായി.
ഷ്ളോസ്ഗ്രാബെന്‍ വേദിയില്‍ ജൂണ്‍ 7 ന് 'ബെഗ്ഗിന്‍' ന്റെ കവര്‍ പതിപ്പും, അനന്തു സ്വയം രചിച്ച് ഈണമിട്ട ഒറിജിനല്‍ ട്രാക്കായ 'ജസ്റ്റ് ഹൗ ഇറ്റ് ഈസ്' ന്റെ പ്രീമിയര്‍ സോളോ അരങ്ങേറ്റവും, ജൂണ്‍ 8ന് അനന്തുവിന്റെ ഗ്രൂപ്പായ ദി ഗോള്‍ഡന്‍ ബീറ്റ്സിനൊപ്പം ഫുള്‍ - ബാന്‍ഡ് പ്രകടനവും ഉണ്ടാവും.
'ജസ്റ്റ് ഹൗ ഇറ്റ് ഈസ്' ന്റെ പ്രീമിയര്‍ ഷോ അനന്തുവിന്റെ സംഗീത യാത്രയിലെ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമ്പോള്‍, ഒരു ഗായകന്‍, ഡ്രമ്മര്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും സര്‍ഗ്ഗവാസന കൂടുതല്‍ പ്രകടമാകും.
അനന്തുവിന്റെ വിജയം ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനമാണ്. ജര്‍മനിയിലെ ഡാംസ്റ്റാഡിന് സമീപം താമസിക്കുന്ന സോഫ്റ്റ്‌വെയർ എൻജിനീയര്‍മാരായ കാഞ്ഞിരപ്പള്ളി സ്വദേശി പ്രഭയും തിരുവനന്തപുരം സ്വദേശി ദീപയുമാണ് അനന്തുവിന്റെ മാതാപിതാക്കള്‍. ഏഴ് വയസ്സുകാരി അമ്മു ഏക സഹോദരിയാണ്.