പാർക്കിൽ നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനെ യുകെയിൽ ‘കല്ലെറിഞ്ഞ്’ കൊന്ന സംഭവം: പ്രതികളായ കുട്ടികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് മകൾ

Mail This Article
ലണ്ടൻ/ലെസ്റ്റർ ∙ ബ്രിട്ടനിലെ ലെസ്റ്ററിൽ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ ശിക്ഷിച്ച് ലെസ്റ്റർ ക്രൗൺ കോടതി. വീടിന് തൊട്ടടുത്തുള്ള പാർക്കിൽ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ കല്ലെറിഞ്ഞു ആക്രമിച്ചു കൊന്ന പ്രതികളിൽ ഒരാളായ 15 വയസ്സുകാരന് 7 വർഷം ജയിൽ ശിക്ഷയാണ് ലഭിച്ചത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെൺകുട്ടിയെ ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. പെൺകുട്ടിക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. എന്നാൽ കോടതി നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് ഭീം സെൻ കോലിയുടെ മകൾ സൂസൻ കോടതിക്ക് വെളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
'എനിക്ക് രോഷം തോന്നുന്നു, ഈ ശിക്ഷയില്‍ നിരാശയുമുണ്ട്. അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തോത് പ്രതിഫലിക്കുന്ന ശിക്ഷയല്ല ഇത്' എന്നായിരുന്നു മകളുടെ പ്രതികരണം. ലെസ്റ്ററിലെ ബ്രൗൺസ്റ്റോൺ ടൗണിലെ ഫ്രാങ്ക്‌ളിൻ പാർക്കിൽ വച്ചാണ് ഒരു സംഘം കുട്ടികൾ ഭീം സെൻ കോലിയെ ആക്രമിച്ചത്. നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ അക്രമിച്ചവരിൽ അഞ്ച് കുട്ടികളാണ് സംഭവ ദിവസം അറസ്റ്റിലായതെന്ന് ലെസ്റ്റർഷയർ പൊലീസ് സംഭവ ദിവസം സ്ഥിരീകരിച്ചിരുന്നു.

2024 സെപ്റ്റംബർ 1ന് വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം ആശുപത്രിയിലായിരുന്ന കോലി തൊട്ടടുത്ത ദിവസം രാത്രി മരണത്തിന് കീഴടങ്ങി. കല്ലേറിൽ കഴുത്തിനേറ്റ പരുക്ക് മൂലമാണ് കോലി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിക്കപ്പെട്ടിരുന്നു. പാർക്കിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് ഭീം സെൻ കോലിയും ഭാര്യ സതീന്ദർ കൗറും താമസിച്ചിരുന്നത്. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ വിചാരണ വേളയിൽ പൊലീസ് ഹാജരാക്കിയിരുന്നു. പ്രതികൾ പ്രായപൂർത്തി ആകാത്തതിനാൽ പൊതുസമൂഹത്തിൽ പേര് വെളിപ്പെടുത്താൻ കഴിയില്ലന്നും കോടതി പറഞ്ഞു.