ഇംഗ്ലണ്ടിലെ യൂണിവേഴ്സൽ ക്രെഡിറ്റ് ലഭിക്കുന്ന സ്കൂൾ കുട്ടികൾക്ക് 2026 സെപ്റ്റംബർ മുതൽ സൗജന്യ ഭക്ഷണം

Mail This Article
ലണ്ടൻ ∙ യൂണിവേഴ്സൽ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ എല്ലാ സ്കൂൾ കുട്ടികൾക്കും 2026 സെപ്റ്റംബർ മുതൽ സൗജന്യ സ്കൂൾ ഭക്ഷണം അവകാശപ്പെടാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തിൽ പെട്ട കുട്ടികൾ സൗജന്യ ഭക്ഷണത്തിന് അർഹരായിരിക്കും.
നിലവിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വരുമാനം പ്രതിവർഷം 7,400 പൗണ്ടിൽ താഴെയാണ്. എന്നാൽ പുതിയ തീരുമാനത്തിലൂടെ 5,00,000 കുട്ടികൾ കൂടി ഈ പദ്ധതിയിൽ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു. 2029 വരെ ഈ പദ്ധതി നടപ്പിലാക്കാൻ 1 ബില്യൻ പൗണ്ട് ആണ് വിദ്യാഭ്യാസ വകുപ്പ് നീക്കി വച്ചിരിക്കുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റ് ഉള്ള മാതാപിതാക്കൾ അവരുടെ വരുമാനം പരിഗണിക്കാതെ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരായിരിക്കും എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. പുതിയ സ്കൂൾ ഭക്ഷണപദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന മാതാപിതാക്കൾക്ക് പ്രതിവർഷം 500 പൗണ്ട് ലഭിക്കാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
രാജ്യമൊട്ടാകെ ഏകദേശം ഒരു ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ ഈ പദ്ധതി സഹായിക്കും. ഇത് കൂടാതെ പാഴായി പോകാൻ സാധ്യതയുള്ള ഫാമുകളിൽ നിന്നുള്ള ഭക്ഷണം പുനർവിതരണം ചെയ്യുന്നതിനായി വിവിധ ചാരിറ്റികൾ 13 മില്യൻ പൗണ്ട് ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിയമ മാറ്റം കുട്ടികളുടെ ദാരിദ്ര്യം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയും കുട്ടികളുടെ ദാരിദ്ര്യത്തിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളും സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.